ബജറ്റ്: മൂന്ന്‍ ലക്ഷം വരെ നികുതി ഒഴിവാക്കിയേക്കും
January 12,2018 | 10:30:15 am

ന്യൂഡല്‍ഹി: പുതിയ ബജറ്റില്‍ ആദായ നികുതിയിനത്തില്‍ മധ്യവര്‍ഗക്കാര്‍ക്ക് പ്രതീക്ഷിക്കാന്‍ ഏറെയുണ്ടാകുമെന്ന് സൂചന.

എന്‍ഡിഎ സര്‍ക്കാരിന്റെ ടേം അവസാനിക്കാനിരിക്കെയുള്ള സമ്പൂര്‍ണ ബജറ്റായതിനാല്‍ ആദായ നികുതിയിനത്തില്‍ കാര്യമായ ഇളവുകള്‍ പ്രഖ്യാപിച്ചേക്കാനാണ് സാധ്യത. 

നികുതിയൊഴിവ് പരിധി ഉയര്‍ത്തുന്നത് ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ പരിഗണിക്കുമെന്നാണ് അറിയുന്നത്.

ആദായ നികുതി ഒഴിവ് പരിധി 2.5 ലക്ഷത്തില്‍നിന്ന് അഞ്ച് ലക്ഷമായി ഉയര്‍ത്തിയേക്കാം. അതല്ലെങ്കില്‍ കുറഞ്ഞത് മൂന്ന് ലക്ഷം രൂപയായി പരിധി നിശ്ചയിച്ചേക്കുമെന്നും വിലയിരുത്തലുണ്ട്.

രാജ്യത്തെ പണപ്പെരുപ്പ നിരക്കുകള്‍ വര്‍ധിക്കുന്നതിനാല്‍ നികുതി സ്ലാബ് ഉയര്‍ത്തുന്നകാര്യം കാര്യമായിത്തന്നെ പരിഗണിക്കുമെന്നാണറിയുന്നത്. മധ്യവര്‍ഗക്കാര്‍ക്ക്, പ്രത്യേകിച്ച് ശമ്പള വരുമാനക്കാര്‍ക്കായിരിക്കും ഇതിന്റെ ഗുണം ലഭിക്കുക. 

സ്ലാബുകളില്‍ മാറ്റം വരുത്തിയില്ലെങ്കിലും താഴ്ന്ന വരുമാനക്കാര്‍ക്ക് നേരിയ ആശ്വാസം ലഭിക്കുന്ന രീതിയില്‍ കഴിഞ്ഞ ബജറ്റില്‍ നികുതി കുറച്ചിരുന്നു. 2.5 ലക്ഷം രൂപയ്ക്കും അഞ്ചുലക്ഷം രൂപയ്ക്കുമിടയിലുള്ള വരുമാനത്തിന്റെ നികുതി പത്തില്‍നിന്ന് അഞ്ച് ശതമാനമായി കുറക്കുകയാണ് ചെയ്തത്. 

ഫെബ്രുവരി ഒന്നിന് നടക്കുന്ന അടുത്ത സാമ്പത്തിക വര്‍ഷത്തേയ്ക്കുള്ള ബജറ്റില്‍ അഞ്ച് ലക്ഷത്തിനും പത്ത് ലക്ഷത്തിനുമിടയില്‍ 10 ശതമാനം നികുതിയായി കുറച്ചേക്കുമെന്നാണ് കരുതുന്നത്. 

10 ലക്ഷത്തിനും 20 ലക്ഷത്തിനുമിടയില്‍ വരുമാനമുള്ളവര്‍ക്ക് 20 ശതമാനമായും 20 ലക്ഷത്തിന് മുകളിലുള്ളവര്‍ക്ക് 30 ശതമാനവുമായും നികുതി പരിഷ്‌കരിക്കാന്‍ സാധ്യതയുണ്ട്. 

 
� Infomagic - All Rights Reserved.