കാബേജ് കുടുംബാംഗമായ ബ്രസ്സല്‍സ് സ്പ്രൗട്ട്
January 01,2018 | 11:56:07 am

കാഴ്ചയില്‍ ചെറു കാബേജ് പോലെയുള്ള പച്ചക്കറിയാണിത്. ബെല്‍ജിയത്തിലെ ബ്രസ്സല്‍സാണ് ഇതിന്‍റെ സ്വദേശം. മെഡിറ്ററേനിയന്‍ വിഭവങ്ങളില്‍ ഇതിന് പ്രമുഖ സ്ഥാനമുണ്ട്. ഇന്ത്യയില്‍, ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, തമിഴ്നാട്, ജമ്മു-കശ്മീര്‍ എന്നിവിടങ്ങളില്‍ ഇത് കൃഷിചെയ്യുന്നുണ്ട്.

രൂപത്തില്‍ കാബേജിനെപ്പോലെയാണ്. എന്നാല്‍, രുചി അതുപോലെയല്ല. കയ്പു രുചിയുള്ളതിനാല്‍ കുട്ടികള്‍ ഇത് ഇഷ്ടപ്പെടണമെന്നില്ല. അതേസമയം, രുചികരമായി ഇത് പാകംചെയ്യാന്‍ സാധിക്കും. പുഴുങ്ങിയും തിളപ്പിച്ചും തോരനായും വറുത്തും ഇത് പാകംചെയ്യാം. മുഴുവനായോ രണ്ടായി മുറിച്ചോ ബ്രസ്സല്‍സ് സ്പ്രൗട്ട് വേവിക്കാവുന്നതാണ്. അച്ചാറിടാനും നല്ലതാണ്.

മറ്റു പച്ചക്കറികളെപ്പോലെതന്നെ പഴകാത്തവ നോക്കി വാങ്ങുക. നിറവും ഇലകളുടെ കട്ടിയും നോക്കിയാല്‍ ഇത് തിരിച്ചറിയാന്‍ സാധിക്കും. ചെറിയവ തെരഞ്ഞെടുക്കുക. വലിയവയ്ക്ക് കയ്പ് കൂടും. റോസ്റ്റ് ചെയ്തശേഷം നട്സ്, ചീസ്, മറ്റു പച്ചക്കറികള്‍ എന്നിവയ്ക്കൊപ്പം ഉപയോഗിക്കാം. തിളപ്പിക്കുന്നതു മൂലം ഇതിന്‍റെ പോഷകമൂല്യങ്ങള്‍ നഷ്ടപ്പെടുകയും സുഖകരമല്ലാത്ത രുചിയും ഗന്ധവുമുണ്ടാവുകയും ചെയ്യാം.

ഇതിന്‍റെ ആരോഗ്യഗുണങ്ങള്‍

നിറയെ നിരോക്സീകാരികള്‍ അടങ്ങിയ ഒരു പച്ചക്കറിയാണ് ബ്രസ്സല്‍സ് സ്പ്രൗട്ട്സ്. കോശങ്ങള്‍ക്ക് കേടുപറ്റുന്നതും പ്രമേഹവും മറ്റും പ്രതിരോധിക്കുന്നതിന് നിരോക്സീകാരികള്‍ അടങ്ങിയ ഭക്ഷണം കഴിക്കുന്നത് ഗുണകരമാണെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്.

ഒരു സെര്‍വിംഗ് ബ്രസ്സല്‍ സ്പ്രൗട്ട് നല്ലൊരു പ്രോട്ടീന്‍ സ്രോതസ്സാണെന്നു മാത്രമല്ല, ആവശ്യത്തിനുള്ള വൈറ്റമിന്‍ കെ യും സി യും നല്‍കുകയും ചെയ്യുന്നു. ബി6 പോലെയുള്ള ബി വൈറ്റമിനുകളും ഫോളിക് ആസിഡും ധാതുക്കളും നാരുകളും കുറഞ്ഞ അളവില്‍ ഇതിലടങ്ങിയിട്ടുണ്ട്. കാലറി കുറഞ്ഞ ഭക്ഷണങ്ങളുടെ ഗണത്തിലാണ് ഇതിനെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ബ്രസ്സല്‍സ് സ്പ്രൗട്ട് എല്ലുകളുടെ വളര്‍ച്ചയ്ക്കും ശക്തിക്കും അവശ്യ ഘടകമായ കാല്‍സ്യത്തിന്‍റെ നല്ലൊരു സ്രോതസ്സുകൂടിയാണ്. രക്തസമ്മര്‍ദത്തെ താഴ്ത്താന്‍ സഹായിക്കുന്ന പൊട്ടാസ്യവും ഇതിലടങ്ങിയിരിക്കുന്നു.

അമിതവണ്ണം, പ്രമേഹം, ഹൃദ്രോഗം തുടങ്ങിയവയുടെ അപകടസാധ്യത കുറയ്ക്കാന്‍ ബ്രസ്സല്‍ സ്പ്രൗട്ട് സഹായിക്കുമെന്ന് നിരവധി പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. ഇതിലടങ്ങിയിരിക്കുന്ന നാരുകള്‍ മലബന്ധം തടയുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായ നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യും.

ബ്രസ്സല്‍സ് സ്പ്രൗട്ട് കൊളസ്ട്രോള്‍ നില കുറയ്ക്കാന്‍, പ്രത്യേകിച്ച്‌ പുഴുങ്ങിയെടുക്കുമ്പോള്‍, സഹായിക്കുമെന്ന് തെളിയിക്കപ്പെട്ടിട്ടുണ്ട്. സള്‍ഫര്‍ സംയുക്തമായ ഗ്ളൂകോസിനലേറ്റ് ഇതിലടങ്ങിയിരിക്കുന്നു. ലാബ് പരീക്ഷണങ്ങളില്‍ ഇത് ക്യാന്‍സറിനെതിരെ പ്രവര്‍ത്തിക്കുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതേ സംയുക്തം മൂലമാണ് ഈ പച്ചക്കറിക്ക് കയ്പ് രുചി തോന്നിക്കുന്നത്.

ബ്രസ്സല്‍സ് സ്പ്രൗട്ടില്‍ അടങ്ങിയിരിക്കുന്ന ആല്‍ഫ-ലിപോയിക് ആസിഡ്, ഇന്‍സുലില്‍ സംവേദനക്ഷമത വര്‍ദ്ധിപ്പിക്കുന്നതിനും രക്തത്തിലെ പഞ്ചസാരയുടെ നില കുറയ്ക്കുന്നതിനും പ്രമേഹരോഗികള്‍ക്ക് ഓക്സിഡേറ്റീവ് സ്ട്രെസ് മൂലം ഉണ്ടാകുന്ന മാറ്റങ്ങള്‍ പ്രതിരോധിക്കുന്നതിനും സഹായിക്കും. പ്രമേഹരോഗികള്‍ ബ്രസ്സല്‍സ് സ്പ്രൗട്ടുകള്‍ കഴിക്കുന്നതു മൂലം ഉണ്ടാകുന്ന ഗുണങ്ങളെക്കുറിച്ച്‌ കൂടുതല്‍ മനസ്സിലാക്കുന്നതിനുള്ള പഠനങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്.

 

� Infomagic - All Rights Reserved.