കറിവേപ്പ് വളര്‍ത്തുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
May 11,2018 | 07:10:57 am

കേരളീയര്‍ ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്നതും എല്ലാ ഭക്ഷണത്തിലും ഉള്‍പ്പെടുത്തുന്നതുമായ ഒന്നാണ് കറിവേപ്പില. കറിവേപ്പില തൈകള്‍ നടുന്നസമയത്തും വളര്‍ത്തുമ്പോളും ഒട്ടേറെ കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അങ്ങനെ ചെയ്താല്‍ രണ്ടു തൈകളില്‍ നിന്നുതന്നെ ഒരുഅണുകുടുംബത്തിനുവേണ്ട കറിവേപ്പില പറിച്ചെടുക്കാം.

കൃഷിരീതി

വീടുകളില്‍ഒന്നോ രണ്ടോ തൈകള്‍ ഗ്രോബാഗിലോ ചട്ടിയിലോ വെക്കുന്നവര്‍ നഴ്‌സറികളില്‍നിന്ന് കരുത്തുള്ള തൈകള്‍ തിരഞ്ഞെടുത്താല്‍ മതി.വിത്ത് മുളച്ചുണ്ടാകുന്ന തൈകളും വേരില്‍ നിന്നു പൊട്ടുന്ന തൈകളും ഉപയോഗിക്കാറുണ്ട്. ചട്ടിയിലാണ് വളര്‍ത്തുന്നതെങ്കില്‍ ചെടിവലുതാകുന്നതനുസരിച്ച്‌ ചട്ടിമാറ്റി വലിയ പാത്രങ്ങളിലേക്ക് നട്ടുകൊടുക്കണം.

പുരയിടങ്ങളില്‍ ചെടിനടാന്‍ കുഴിയെടുക്കുമ്പോള്‍ നല്ല നീര്‍വാര്‍ച്ചയുള്ളിടത്തായിരിക്കണം. ഒരടി നീളവും വീതിയും ആഴവുമുള്ള കുഴിയായിരിക്കണം എടുക്കേണ്ടത്. കുഴിയില്‍ കാലിവളം, മണല്‍, മണ്ണ്, ഓരോ കുഴിക്കും 100ഗ്രാം വേപ്പിന്‍പിണ്ണാക്ക്, 50 ഗ്രാം കുമ്മായം എന്നിവ നന്നായി ഇളക്കിച്ചേര്‍ത്തതിനുശേഷം അതില്‍ മുക്കാലടിയുള്ള പിള്ളക്കുഴിയടുത്ത് തൈ നടാവുന്നതാണ്.

വേനല്‍ക്കാലത്താണ് നടുന്നതെങ്കില്‍ ഒന്നിടവിട്ട ദിവസങ്ങളില്‍ നനച്ചുകൊടുക്കണം. വെള്ളംകെട്ടിനില്‍ക്കാത്ത സ്ഥലമായിരിക്കണം തൈ നടാന്‍ തിരഞ്ഞെടുക്കേണ്ടത്. സൂര്യപ്രകാശവും ലഭിക്കണം. ചെടി വളരുന്നതിനനുസരിച്ച്‌ മൂന്നുമാസത്തിലൊരിക്കല്‍ മുരടില്‍നിന്ന് ഒരടിവിട്ട് ചുവടുകിളച്ച്‌ കാലിവളം ചേര്‍ത്തിളക്കിക്കൊടുക്കണം. നന്നായി നനച്ചും കൊടുക്കണം. കൊമ്പ് വലുതായിവരുമ്പോള്‍ കൊമ്പ് കോതിക്കൊടുക്കണം. എന്നാല്‍ കൂടുതല്‍ ചില്ലകള്‍ ഇടതൂര്‍ന്ന് വലുതായിവരും.

കീടനാശിനിയും വളവുമായി കഞ്ഞിവെള്ളം

നമ്മള്‍ദിവസവും വീട്ടില്‍ നിന്ന് വെറുതേ ഒഴിവാക്കുന്ന കഞ്ഞിവെള്ളം കറിവേപ്പിലയുടെ കീടനാശിനിയായും വളക്കൂട്ടായും ഉപയോഗിക്കാം. ചട്ടികളില്‍ നട്ട് ഒന്നോരണ്ടോ ഇലത്തൂമ്പുകള്‍ വന്നു കഴിഞ്ഞാല്‍ കഞ്ഞിവെള്ള പ്രയോഗം നടത്താം.

തലേദിവസത്തെ കഞ്ഞിവെള്ളമാണ് നാം കീടനാശിനിയായി ഉപയോഗിക്കേണ്ടത്. പുളിച്ചകഞ്ഞിവെള്ളത്തില്‍ അല്പം വെളുത്തുള്ളി ചതച്ചിട്ടതിന് ശേഷം അല്പം വെള്ളംചേര്‍ത്ത് നേര്‍പ്പിച്ച്‌ സ്‌പ്രേ ചെയ്തു കൊടുക്കാം. സൈലിഡ്‌ എന്ന കീടവും നാരകവര്‍ഗവിളകളെ ബാധിക്കുന്ന ശലഭപ്പുഴുക്കളുമാണ് കറിവേപ്പിന് ബാധിക്കുന്നകീടങ്ങള്‍. കൂടാതെ തേയിലക്കൊതുകിന്റെ ആക്രണവും സാധാരണയായി കണ്ടുവരുന്നു. ചെടിയുടെ തണ്ടിലും ഇലയിലും വെളുത്ത പാടപോലെ പറ്റിക്കിടക്കുന്ന ഒരുതരം ഫംഗസ്സും ഇതിന്‍റെ ശത്രുവാണ്. ഇവയ്‌ക്കെല്ലാം കഞ്ഞിവെള്ള പ്രയോഗം നല്ലതാണ്.

കടലപ്പിണ്ണാക്കും കഞ്ഞിവെള്ളവും ചേര്‍ത്ത മിശ്രിതമാണ് കറിവേപ്പില തഴച്ചുവളരാന്‍ വളമായിനല്‍കേണ്ടത്. പുളിച്ച അര ബക്കറ്റ് കഞ്ഞിവെള്ളത്തില്‍ അരക്കിലോ കടലപ്പിണ്ണാക്ക് വാങ്ങി പുതര്‍ത്തിയതിന് ശേഷം അത് നേര്‍പ്പിച്ച്‌കറിവേപ്പിന്‍റെ  മുരട്ടില്‍ നിന്ന് വിട്ട് ഒഴിച്ചു നല്‍കാം.

ഇത്കൂടാതെ വേപ്പെണ്ണ എമെല്‍ഷന്‍, വേപ്പധിഷ്ഠിത കീടനാശിനികള്‍ എന്നിവ കറിവേപ്പിലയിലെ കീടബാധയ്ക്കും രോഗബാധയ്ക്കും ഉത്തമമാണ്. 

ജീവകം എ.യുടെ നല്ലകലവറയാണ് കറിവേപ്പില ദഹനത്തെ നന്നായി സഹായിക്കുന്ന ഇതില്‍ 100 ഗ്രാം (3.5 ഒസില്‍) അടങ്ങിയിരിക്കുന്ന അന്നജം 6ഗ്രാം, ഭക്ഷ്യനാരുകള്‍ 7ഗ്രാം, കൊഴുപ്പ് 2ഗ്രാം പ്രോട്ടീന്‍ 6.1 ഗ്രാം ജലം 36.3ഗ്രാം, ജീവകം എ 140 ശതമാനം, റൈബോഫ്ലാവിന്‍ 14 ശതമാനം, കാത്സ്യം 85 ശതമാനം, ഇരുമ്പ് 56 ശതമാനംഎന്നിങ്ങനെയും ജിവകം ബി13യും അടങ്ങിയിരിക്കുന്നു.

 
� Infomagic - All Rights Reserved.