കണിവെള്ളരി വീട്ടില്‍ത്തന്നെ കൃഷിചെയ്യാം
February 09,2018 | 03:11:06 pm

കണിവെള്ളരി ഇത്തവണ വീട്ടില്‍ത്തന്നെ വിളയിക്കാം. വളരെ ലളിതമാണ് ഇതിന്‍റെ കൃഷിരീതികള്‍. രണ്ടടി വ്യാസത്തിലും ഒന്നരയടി ആഴത്തിലും കുഴിയെടുക്കുക. രണ്ട് വരികള്‍ തമ്മില്‍ രണ്ട് മീറ്ററും ഒരു വരിയിലെ രണ്ട് കുഴികള്‍ തമ്മില്‍ ഒന്നര മീറ്ററും അകലം കൊടുക്കണം. ഒരു കുഴിയില്‍ പത്തുകിലോ അഴുകിപ്പൊടിഞ്ഞ ചാണകപ്പൊടിയും 100 ഗ്രാം വീതം എല്ലുപൊടിയും വേപ്പിന്‍പിണ്ണാക്കും ചേര്‍ക്കണം. മേല്‍മണ്ണും അടിവളവും ചേര്‍ത്ത് കുഴി നന്നായി അറയണം.

മുടിക്കോട് ലോക്കല്‍, സൗഭാഗ്യ, അരുണിമ എന്നിവയാണ് കേരളത്തിന് യോജിച്ച ഇനങ്ങള്‍. കാര്‍ഷിക സര്‍വകലാശാല ഗവേഷണ കേന്ദ്രങ്ങളിലും കൃഷി വകുപ്പ് ഫാമുകളിലും വി.എഫ്.പി.സി.കെ വിപണികളിലും വിത്തുകള്‍ ലഭിക്കും. മുടിക്കോട് ലോക്കലിന്‍റേത് വലിയ കായ്കള്‍ ആണ്. അരുണിമയും സൗഭാഗ്യയും ചെറിയ കായ്കള്‍ തരും.

സ്യൂഡോമോണസ് പൊടി കഞ്ഞിവെള്ളവുമായി കലര്‍ത്തിയ കുഴമ്പില്‍ പുരട്ടിയ വിത്തുകള്‍ അഞ്ചെണ്ണം ഒരു കുഴിയില്‍ വിതയ്ക്കും. മുളച്ച് രണ്ടാഴ്ച കഴിയുമ്പോള്‍ നല്ല ആരോഗ്യമുള്ള മൂന്ന് തൈകള്‍ മാത്രം ഒരു തടത്തില്‍ നിര്‍ത്തിയാല്‍ മതി.

കൂടുതല്‍ വിളവ് ആഗ്രഹിക്കുന്നുവെങ്കില്‍ അടിവളമായി തടമൊന്നിന് 25 ഗ്രാം യൂറിയ, 40 ഗ്രാം മസൂറിഫോസ്, 40 ഗ്രാം പൊട്ടാഷ് എന്നിവ അടിവളമായി ചേര്‍ക്കാം. മുളച്ച്‌ ഒരാഴ്ച കഴിഞ്ഞാല്‍ ഓരോ ഏഴു ദിവസം കൂടുമ്പോഴും പച്ചച്ചാണക സ്ലറി, ബയോഗ്യാസ് സ്ലറി,വളച്ചായ. ജീവാമൃതം എന്നിവയില്‍ ഏതെങ്കിലുമൊന്ന് മാറി മാറി തടത്തില്‍ ഒഴിച്ചു കൊടുക്കാം.

തടത്തില്‍ കരിയിലകള്‍ കൊണ്ട് നന്നായി പുതയിടാം. ചെടികള്‍ വള്ളി വീശാന്‍ തുടങ്ങുമ്പോഴും പൂക്കള്‍ കൂടുതലായി പിടിക്കുമ്പോഴും 15 ഗ്രാം വീതം യൂറിയ തടമൊന്നിന് ചേര്‍ത്തു കൊടുത്താല്‍ വിളവ് കൂടും. വള്ളി വീശാന്‍ തുടങ്ങുമ്പോള്‍ പടരുന്ന ഭാഗങ്ങളില്‍ തെങ്ങോലകള്‍ ഇട്ടുകൊടുക്കുന്നത് നല്ലരീതിയാണ്.

ഇലകളില്‍ ചെറിയ വട്ടത്തില്‍ ദ്വാരങ്ങളുണ്ടാക്കുന്ന മത്തന്‍ വണ്ടുകള്‍ ഇലയെ അസ്ഥികൂടമാക്കുന്ന ആമ വണ്ടുകളും മുള്ളന്‍ പുഴുക്കളും കായീച്ചയുമാണ് പ്രധാന കീടങ്ങള്‍. രണ്ടാഴ്ചയിലൊരിക്കല്‍ 2 % വീര്യമുള്ള വേപ്പെണ്ണ- വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കാം.

ചെടിയെ കുരുടപ്പിക്കുന്ന മൊസേക് രോഗം, ഇലകളിലെ മഞ്ഞപ്പുള്ളി രോഗം, പൗഡര്‍ വിതറിയപോലെ ഇലകളില്‍ കാണുന്ന പൊടി, കുമിള്‍ രോഗം എന്നിവയാണ് പ്രധാന രോഗങ്ങള്‍. 2% വീര്യത്തില്‍ സ്യൂഡോമോണാസ് ലായനി രണ്ടാഴ്ച കൂടുമ്പോള്‍ ഇലകളില്‍ തളിച്ചുകൊടുക്കാം. ഒരു തടത്തില്‍ നിന്നും 10kg ഉല്‍പ്പാദനം പ്രതീക്ഷിക്കാം

 
� Infomagic - All Rights Reserved.