മേടക്കപ്പ നടാന്‍ സമയമായി
May 10,2018 | 11:47:18 am

വലിയ അധ്വാനമില്ലാതെ ലാഭം തരുന്ന വിളയാണ് മരച്ചീനി. രണ്ടു സീസണിലെയും മഴ പ്രയോജനപ്പെടുമെന്നതിനാല്‍ , മെയ് മാസത്തില്‍ നടുന്ന മേടക്കപ്പയിലാണ് കൂടിയ വിളവ്.

മണ്ണിന്‍റെ  തരമനുസരിച്ച്‌ രണ്ടോ മൂന്നോ തവണ നന്നായി പൂട്ടിയോ ഒരടി താഴ്ചയില്‍ കിളയ്ക്കുകയോ ചെയ്ത് മണ്ണ് പരുവപ്പെടുത്തി മാത്രമേ കപ്പ നടാവൂ. വരമ്പുകള്‍ കോരിയോ കൂനകൂട്ടിയോ മണ്ണൊരുക്കണം. കൂനകള്‍ തമ്മില്‍ മൂന്നടി അകലം നല്‍കാം. വെള്ളായണി ഹ്രസ്വ, ശ്രീജയ ശ്രീസഹ്യ, ശ്രീപ്രകാശ് എന്നിവ അത്യുല്‍പ്പാദന ശേഷിയുള്ള ഇനങ്ങളാണ്.

തണ്ടുകളാണ് മരച്ചീനിയുടെ നടീല്‍വസ്തു. വിളവെടുപ്പ് കഴിഞ്ഞശേഷം ആരോഗ്യമുള്ളതും രോഗവിമുക്തവുമായ തണ്ടുകള്‍ തണലുള്ള സ്ഥലത്ത് കുത്തനെ ചാരിനിര്‍ത്തണം. ചുവട്ടില്‍നിന്ന് 10 സെന്‍റീമീറ്ററും തലപ്പുഭാഗത്തെ 30 സെ.മിയും നടാന്‍ യോഗ്യമല്ല. കമ്പുകള്‍ 20 സെ.മി നീളത്തില്‍ മുറിച്ചെടുത്ത് നടാന്‍ ഉപയോഗിക്കാം. മരച്ചീനിയില്‍ ഉല്‍പ്പാദന വര്‍ധനവില്‍ കൃത്യമായ പങ്കുവഹിക്കുന്ന മിത്രകുമിളാണ് വാം. കൂനയില്‍ ചെറിയ കുഴിയെടുത്ത് അതില്‍ വാം ചേര്‍ത്തോ അല്ലെങ്കില്‍ കമ്പ് വാമില്‍ മുക്കിയോ നടുകയാണെങ്കില്‍ ഉല്‍പ്പാദനം 25 ശതമാനം കൂട്ടാമെന്നത് പഠനങ്ങള്‍ വ്യക്തമാക്കുന്നു. മണ്ണില്‍നിന്ന് ഫോസ്ഫറസ് ഉള്‍പ്പെടെയുള്ള മൂലകങ്ങള്‍ വലിച്ചെടുത്തു കൊടുക്കാന്‍ വാമിന് പ്രത്യേക കഴിവുണ്ട്. ഒപ്പം വരള്‍ച്ചയെ ചെറുക്കാനും പ്രത്യുപകാരമായി കാര്‍ബോഹൈഡ്രേറ്റ് വേരുകളിലേക്ക് മാറ്റുന്നതാണ് വാമിന്‍റെ രീതി.

വാം ചേര്‍ത്ത് ഒരു മാസത്തിനുശേഷം രാസവളങ്ങള്‍ ചേര്‍ക്കാം. സെന്‍റൊന്നിന് രണ്ടു കി.ഗ്രാം മസൂറിഫോസ്, ഒരുകിലോഗ്രാം പൊട്ടാഷുമാണ് നല്‍കേണ്ടത്. നിലമൊരുക്കുമ്പോഴും നട്ട് രണ്ടാം മാസത്തിലും മൂന്നാം മാസത്തിലും മൂന്ന് തുല്യഗഡുക്കളായി വളം ചേര്‍ക്കണം.

സമയാസമയങ്ങളില്‍ കള നീക്കംചെയ്യേണ്ടതാണ്. നട്ട് ഒരുമാസം കഴിഞ്ഞ് മേല്‍വളം ചേര്‍ക്കുമ്പോള്‍ചുവട്ടിലുള്ള കളകളും മറ്റും പിഴുത് ചുവട്ടില്‍ കൂട്ടി മണ്ണിട്ടുമൂടിയാല്‍ മതി. രണ്ടു മൂന്ന് തവണയെങ്കിലും ഇടയിളക്കാം. ശാഖകള്‍ രണ്ടെണ്ണം മാത്രംനിര്‍ത്തി ശേഷിക്കുന്നവ നീക്കംചെയ്യണം. 90 ദിവസം കഴിഞ്ഞ് ചുവട്ടില്‍ മണ്ണ്കൂട്ടിക്കഴിഞ്ഞാല്‍ ശീമക്കൊന്നയില വെട്ടിയിടാം. കിഴങ്ങ് രൂപപ്പെട്ടു വരുമ്പോള്‍ എത്തുന്ന എലികളെ തുരത്താനുള്ള എളുപ്പ വിദ്യയാണ് ശീമക്കൊന്ന പ്രയോഗം.

വേനല്‍ക്കാലത്ത് നനച്ചാല്‍ വിളവു കൂടുമെന്നതാണ് മരച്ചീനിയുടെ പ്രത്യേക നയം. മരച്ചീനിയുടെ പ്രധാന പ്രശ്നമാണ് മൊസൈക്ക് രോഗം. വൈറസ് രോഗകാരിയായ മൊസൈക്ക് പരത്തുന്നത് വെള്ളീച്ചകളാണ്. സെന്‍റൊന്നിന് ഒരുകിലോഗ്രാം കുമ്മായം ചേര്‍ത്ത് മണ്ണൊരുക്കുന്നതും രോഗവിമുക്ത കമ്പുകള്‍ നടാന്‍ ഉപയോഗിക്കേണ്ടതുമാണ് മൊസൈക്കിനുള്ള പരിഹാരക്രിയ.

 

 
� Infomagic - All Rights Reserved.