പയര്‍ കൃഷിയില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍
February 10,2018 | 10:37:17 am

കടും പച്ചനിറത്തില്‍ നല്ല നീളമുള്ള കുരുത്തോലപ്പയര്‍ ചെടികളില്‍ കായ്ച്ചു നില്‍ക്കുന്നത് കാണാന്‍ തന്നെ മനസ്സിനൊരു കുളിര്‍മ്മയാണ്.നമ്മുടെ വീടുകളില്‍ എത്ര കുറഞ്ഞസ്ഥലമായാലും വലിയ ചട്ടികളിലോ പഴയ സിമന്‍റ് ചാക്കുകളിലോ ഒരു പത്ത് പയര്‍വിത്തുകള്‍ നട്ട് നന്നായി പരിചരിച്ച്‌ വളര്‍ത്തിയെടുത്താല്‍ ആഴ്ചയില്‍ കുറഞ്ഞത് മൂന്നുദിവസങ്ങളിലെങ്കിലും പയറുപ്പേരികൂട്ടാം.

മണ്ണൊരുക്കാം

ചട്ടിയിലോ ബാഗിലോ ചിക്കിലോ നിറയ്ക്കാനുള്ള മണ്ണൊരുക്കലാണ് ആദ്യപടി. മണ്ണ്കിട്ടാന്‍ പാടുള്ള ഫ്ളാറ്റുകളില്‍ ചകിരിച്ചോറിന്‍റെ കട്ടവാങ്ങി പുതര്‍ത്തി ബാഗില്‍ നിറച്ചാലും മതി. മണ്ണു കിട്ടുന്നയിടങ്ങളില്‍ മണ്ണ്, മണല്‍, ചാണകപ്പൊടി(കോഴിവളം), എന്നിവ 3:3:1: എന്ന അനുപാതത്തില്‍ കൂട്ടിക്കലര്‍ത്തി ബാഗിന്റെയും ചട്ടിയുടെയും അരഭാഗത്തോളം നിറയ്ക്കുക. ചാണകം ലഭിക്കാന്‍ പ്രയാസമുള്ളയിടങ്ങളില്‍ കടലപ്പിണ്ണാക്കും വേപ്പിന്‍പിണ്ണാക്കും വാങ്ങി പുതര്‍ത്തി പുളിപ്പിച്ച്‌ ചകിരിച്ചോറിന്‍റെ കൂട്ടത്തില്‍ കൂട്ടി നടീല്‍മിശ്രിതം തയ്യാറാക്കാം.

വിപണിയില്‍ കിട്ടുന്ന വിത്തുകള്‍ ചട്ടിയില്‍ നടാന്‍ ഉപയോഗിക്കാം. വിത്ത് നടുന്നതിന് മുന്‍പ് കടയില്‍നിന്ന് വാങ്ങുന്ന സ്യൂഡോമോണസ് പുരട്ടി തണലത്തുണക്കിയെടുക്കാം. റൈസോബിയം എന്നജീവാണുവളവും പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ത്തുകൊടുക്കാം. വിത്ത് നട്ടബാഗ്, ചാക്ക്, ചട്ടി എന്നിവ സൂര്യപ്രകാശം ലഭിക്കുന്നിടത്ത് വെക്കണം. വിത്ത് നട്ട് രണ്ടാംനാള്‍ മുളച്ചുപൊന്തും. ആഴ്ചയിലൊരിക്കല്‍ കടലപ്പിണ്ണാക്ക് പുതര്‍ത്തി നേര്‍പ്പിച്ച്‌ ഒഴിച്ചുകൊടുക്കാം. മാസത്തിലൊരിക്കല്‍ 50 ഗ്രാം മലേഷ്യന്‍ സാള്‍ട്ട്(പൊട്ടാഷ്) ഒരു ചെടിക്ക് നല്‍കാം.

തല നുള്ളിക്കൊടുക്കണം

പയര്‍ത്തൈ വലുതായി വരുമ്പോള്‍ കമ്പോ കയറോ കെട്ടി വീടിന്റെ ഇറയത്തേക്കോ ജനല്‍ക്കമ്പിയിലേക്കോ പടര്‍ത്തിവിടാം. നമ്മുടെ നെഞ്ചിന്റെ ഉയരത്തില്‍ വള്ളിയെത്തിക്കഴിഞ്ഞാല്‍ അതിന്‍റെ തല നുള്ളിക്കളയണം. ചെടി ഉണങ്ങിപ്പോകുമോയെന്ന് വിചാരിച്ച്‌ അതിന് മിക്കവരും മടികാണിക്കും. എന്നാല്‍ തലപ്പ് ഒരുതവണ നുള്ളിക്കഴിഞ്ഞാല്‍ അതിന്റെ മാറ്റ് എല്ലാ മുട്ടില്‍നിന്നും പുതുവള്ളികള്‍ പൊട്ടുകയും അതിലെല്ലാം കായകള്‍ ഉണ്ടാവുകയും ചെയ്യും.

വേപ്പെണ്ണയും കഞ്ഞിവെള്ളവും

പയറിന്‍റെ മുഞ്ഞ, വെള്ളീച്ച, ചാഴി എന്നിവയെ പ്രതിരോധിക്കാന്‍ വേപ്പെണ്ണ എമല്‍ഷന്‍ ആണ് ഉത്തമം. കീടങ്ങള്‍ വരുന്നതിന് മുന്‍പ് തന്നെ ഇത് തളിക്കാന്‍ തുടങ്ങണം. പയര്‍ച്ചെടിയുടെ നിരൂറ്റിക്കുടിക്കുന്ന മുഞ്ഞയെ പ്രതിരോധിക്കാന്‍ കഞ്ഞിവെള്ളം നന്നായി സ്പ്രേ ചെയ്തുകൊടുത്താല്‍ മതി. കീടങ്ങളെ പ്രതിരോധിക്കാന്‍ ബ്യുവേറിയ ബാസിയാന എന്ന മിത്രകുമിളും പുകയില, വെളുത്തുള്ളി കഷായങ്ങളും ഫലപ്രദമാണ്.

എല്ലാദിവസവും ചെടിയെ നിരീക്ഷിക്കുകയെന്നതാണ് പ്രധാനം. ദിവസവും 10 മിനിറ്റ് നേരമെങ്കിലും ചെടികള്‍ക്കരികില്‍ ചെലവഴിക്കാന്‍ മനസ്സുണ്ടാകണം. വണ്ടുകള്‍ ചെറിയ പുഴുക്കള്‍ എന്നിവയെ കീടനാശകങ്ങളുടെ സഹായമില്ലാതെത്തന്നെ കൈകൊണ്ട് പിടിച്ച്‌ നശിപ്പിക്കാം.

വളം ചെയ്യണം

വിളവെടുപ്പ് തുടങ്ങിക്കഴിഞ്ഞാല്‍പ്പിന്നെ വളം ചെയ്യാത്തതാണ് പച്ചക്കറികള്‍ ശോഷിക്കാനും ഉണങ്ങാനും കാരണം. ഓരോമാസവും രണ്ടുപ്രാവശ്യം എന്ന തോതില്‍ കടപ്പിണ്ണാക്കോ, കംപോസ്റ്റോ, ചാണപ്പൊടിയോ, ജൈവവളമോ നല്‍കണം. കൂട്ടത്തില്‍ മാസത്തിലൊരിക്കല്‍ 50ഗ്രാം പൊട്ടാഷും മുരട്ടില്‍ നിന്ന് വിട്ട് ചട്ടിയില്‍ വിതറിക്കൊടുക്കണം.

 

 
� Infomagic - All Rights Reserved.