വീട്ടുവളപ്പിലെ കൈതച്ചക്ക കൃഷി
February 10,2018 | 10:28:54 am

വീട്ടുവളപ്പിലെ ഒരു പ്രധാന ഇടവിള ഫലസസ്യമാണ് കൈതച്ചക്ക. അന്‍പത് ശതമാനത്തോളം തണലുള്ള സ്ഥലത്തും വലിയ വൈഷമ്യമില്ലാതെ കൈതച്ചക്ക വളരും. തണല്‍ അല്‍പ്പം കൂടിയാല്‍പ്പോലും ചെടി നന്നായി വളരുകയും വിളയുകയും ചെയ്യും എന്നാണനുഭവം.

നീര്‍വാര്‍ച്ചയുള്ള ഏതു സ്ഥലത്തും കൈതച്ചക്ക നന്നായി വളരും. മണല്‍ കലര്‍ന്ന കളിമണ്ണാണ് ഏറ്റവും നല്ലത് . വെട്ടുകല്‍മണ്ണിലും വളരും. ധാരാളം ജൈവവളം ചേര്‍ക്കണമെന്ന് മാത്രം. വരള്‍ച്ചയെ ചെറുക്കാനും കൈതച്ചക്കയ്ക്ക് അസാമാന്യ സിദ്ധിയുണ്ട്. ഒരു തവണ നട്ടുവളര്‍ത്തിയാല്‍ നാലോ അഞ്ചോ തവണ വിളവെടുക്കാം എന്ന അധിക മേന്മയുമുണ്ട്. കന്നും ചിനപ്പും തലപ്പും നട്ട് കൈതച്ചക്ക വളര്‍ത്താം. എങ്കിലും ഇലയിടുക്കില്‍ നിന്ന് വളരുന്ന കന്നുകള്‍തന്നെയാണ് ഏറ്റവും ഉത്തമം. ഇവ നേരത്തെ പുഷ്പിക്കും. വിളവും തരും.

കേരളത്തില്‍ വളര്‍ത്താന്‍ യോജിച്ച കൈതച്ചക്ക ഇനങ്ങളാണ് ക്യൂ, മൗറീഷ്യസ് എന്നിവ. കേരള കാര്‍ഷിക സര്‍വകലാശാല 'അമൃത' എന്ന സങ്കരയിനം കൈതച്ചക്കയും പുറത്തിറക്കിയിട്ടുണ്ട്. രണ്ടുകിലോ തൂക്കം വെക്കുന്ന 'അമൃത'യ്ക്ക് സ്വര്‍ണനിറവും നല്ലമണവും മധുരവും ഉണ്ട്. പുളി കുറവുമാണ്. ജ്യൂസുണ്ടാക്കാന്‍ ഉത്തമമായ ഇനമാണ് 'മൗറീഷ്യസ്'. അഗ്രം കൂര്‍ത്ത ചക്കയാണ്. എന്നാല്‍ 'ക്യൂ' ഇനം ധാരാളം പള്‍പ്പും ജ്യൂസുമുള്ളതാണ്. ചക്കയ്ക്ക് സിലിണ്ടര്‍ ആകൃതിയാണ്.

പരിചരണം

മേയ്-ജൂണ്‍ മാസം കൈതച്ചക്ക നടാം. 15 മുതല്‍ 20 വരെ ഇലകളുള്ള, 500-1000 ഗ്രാം വരെ തൂക്കമുള്ളതാകണം ഓരോ കന്നും. നടുന്നതിന് ഏഴു ദിവസം മുന്‍പ് വരെ തണലത്തുണക്കണം. 1% വീര്യമുള്ള ബോര്‍ഡോമിശ്രിതത്തില്‍ മുക്കിയിട്ട് നട്ടാല്‍ കന്നുകളുടെ ചീയല്‍ രോഗം ഒഴിവാക്കാം.

കനത്ത മഴയത്ത് നടരുത്. 15-30 സെന്‍റീമീറ്റര്‍ ആഴത്തില്‍ ചാലുകളെടുത്ത് ഇരട്ട വരികളായി ചെടികള്‍ തമ്മില്‍ 30 സെന്‍റീമീറ്ററും വരികള്‍ തമ്മില്‍ 70 സെന്‍റീമീറ്ററും അകലത്തില്‍ നടുന്നു.

വളം ചെയ്താല്‍ നല്ല വിളവ് കിട്ടും. ഒപ്പം നനയ്ക്കുകയും വേണം. തെങ്ങ്, റബ്ബര്‍ എന്നിവയ്ക്ക് ഇടവിളയായും നെല്‍പ്പാടത്തും കൈതച്ചക്ക നടാം. പ്രത്യേകിച്ച്‌ റബ്ബറും മറ്റും റീപ്ലാന്‍റ് നടത്തുന്ന അവസരത്തില്‍ ആദ്യത്തെ മൂന്ന് വര്‍ഷക്കാലം ആദായകരമായ ഇടവിളയാകാന്‍ പൈനാപ്പിളിന് കഴിയുമെന്ന് കണ്ടെത്തിയിരിക്കുന്നു.കൃഷിയില്ലാത്ത വേനല്‍ക്കാലത്ത് നെല്‍പ്പാടങ്ങളില്‍ കൈതച്ചക്ക ആദായകരമായി വളര്‍ത്താം. രണ്ടുവരി തെങ്ങിനിടയില്‍ മൂന്നുവരിയായി കൈതച്ചക്ക നടാം.

വീട്ടുകൃഷിയില്‍ രാസവളപ്രയോഗം നിര്‍ബന്ധമില്ല. എങ്കിലും താത്പര്യമുള്ളവര്‍ക്ക് ഇത് ചെയ്യാം. കാലിവളം, കോഴിവളം തുടങ്ങിയ ജൈവവളങ്ങള്‍ക്ക് ലഭ്യതയനുസരിച്ച്‌ കന്നുനടുന്ന കുഴികളില്‍ ചേര്‍ത്തുവേണം നടീല്‍ തുടങ്ങാന്‍. അടിവളമായിത്തന്നെ നാല് ഗ്രാം റോക്ക് ഫോസ്ഫേറ്റ് ഓരോ കുഴിയിലും ചേര്‍ക്കാന്‍ ശുപാര്‍ശ ചെയ്യുന്നു. ഫോസ്ഫറസ് എന്ന മുഖ്യപോഷകം ചെടിക്കു ലഭിക്കാന്‍ വേണ്ടിയാണിത്. കൂടാതെ 15 ഗ്രാം പൊട്ടാഷ് വളം (മ്യൂറിയേറ്റ് ഓഫ് പൊട്ടാഷ്) , 20 ഗ്രാം യൂറിയ എന്നീ വളങ്ങള്‍ കന്നുനട്ട് രണ്ടുമൂന്ന് മാസം ഇടവിട്ട് മൂന്ന് തവണയായി ചേര്‍ക്കണം. കൈത നട്ട് 18-24 മാസത്തിനുള്ളില്‍ ആദ്യവിളവ് ലഭിക്കും. കായ്കള്‍ പാകമാകാറാകുമ്പോള്‍ കൈതയുടെ ഇലകള്‍ കൊണ്ടുതന്നെ പൊതിഞ്ഞു നിര്‍ത്തുന്നതിനാല്‍ കേടാകാതെ സൂക്ഷിക്കാം.

സസ്യസംരക്ഷണം

മീലിമുട്ടയാണ് പൈനാപ്പിള്‍ച്ചെടികളെ കാര്യമായി ഉപദ്രവിക്കാനെത്തുന്ന ശത്രുപാണി. 'വെര്‍ട്ടിസിലിയം ലെക്കാനി' എന്ന മിത്രകുമിള്‍ 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചാല്‍ ഇവയെ നിയന്ത്രിക്കാം.

 
� Infomagic - All Rights Reserved.