ശാസ്ത്രീയമായി പ്ലാവ്‌ കൃഷിചെയ്യാം...
May 12,2018 | 10:29:10 am

ഔദ്യോഗിക ഫലമായി പ്രഖ്യാപിച്ച ചക്ക ഇനി വ്യാപകമായി കൃഷി ചെയ്‌ത്‌ വിപണനസാധ്യതകള്‍ തേടണം. ഇനങ്ങള്‍: വരിക്കച്ചക്ക, പഴച്ചക്ക (കൂഴച്ചക്ക) എന്ന രണ്ട് വിധമുണ്ട്. വരിക്ക സ്വാദിഷ്ടവും നല്ല മധുരമുള്ള പഴങ്ങളുള്ളതുമാണ്. പഴച്ചക്ക കൂടുതല്‍ മൃദുലമാണ്. ഗുണത്തില്‍ തുല്യതയുണ്ട്. വരിക്കയില്‍ മുട്ടന്‍ വരിക്കയുമുണ്ട്.

നടീല്‍വസ്തുക്കള്‍:

വിത്ത് നട്ട് മുളപ്പിച്ച തൈകളോ ഗ്രാഫ്റ്റ് ചെയ്ത തൈകളോ ആകാം.  ഇത്തരം പ്രായമായ പ്ലാവിലെ മൂത്തുപഴുത്ത ചക്കയിലെ കുരു വിത്താക്കാം. പോളിത്തീന്‍ സഞ്ചിയില്‍ പോട്ടിങ്മിശ്രിതം നിറച്ച്‌ കുരു നട്ടു നനച്ച്‌ തൈകളാക്കാം. മുളച്ച്‌ രണ്ടുമാസത്തിനകം നടാം.

ഗ്രാഫ്റ്റ്ചെയ്യുന്നുവെങ്കില്‍ പോളിത്തിന്‍കൂടയില്‍ നട്ടുവളര്‍ത്തിയ തൈകള്‍ മുളച്ച്‌ ഒമ്പതുമാസത്തിനുശേഷം ഒട്ടിക്കാം. നല്ലയിനം പ്ലാവില്‍നിന്നും കൂടത്തൈയുടെ വണ്ണത്തിനു സമമായ കമ്പുകള്‍ മുറിച്ചെടുക്കുക. ഈ ഭാഗത്തെ ഇല 20 ദിവസം മുമ്പെ നീക്കണം. കൂട തൈയുടെചുവട്ടില്‍നിന്ന് 12-15 സെ.മീ ഉയരത്തില്‍ മുറിച്ചു മാറ്റുക. കുറ്റിയുടെ നടുഭാഗത്തുനിന്ന് താഴോട്ട് ഒന്നര ഇഞ്ച് നീളത്തില്‍ പിളര്‍ക്കുക. മുറിച്ചെടുത്ത കമ്പിന്‍റെ മുറിഭാഗം (അറ്റം) ആപ്പുപോലെ ചെത്തി, പിളര്‍ന്ന കുറ്റിച്ചെടിയില്‍ ഇറക്കി തടിക്ക് സമമായ വിധംവച്ച്‌ വീതികുറഞ്ഞ പോളിത്തിന്‍നാടകൊണ്ട് ചുറ്റി ഒട്ടിക്കുക. ഒട്ടിച്ചവ അധികം മഴ കൊള്ളാത്തിടത്ത് വയ്ക്കുക. 15 ദിവസത്തിനുശേഷം പോളിത്തിന്‍ നാട നീക്കുക. ഏതാണ്ട് രണ്ടുമാസം കഴിയുമ്പോള്‍ ഒട്ടുകമ്പ് വളര്‍ന്നുതുടങ്ങും. പിന്നീട് പ്രധാനകൃഷിയിടത്തില്‍ നടാം.

നടീല്‍: 60-60-60 സെ.മീ അളവില്‍ കുഴിയെടുത്ത് അതില്‍ 10 കി.ഗ്രാം കമ്പോസ്റ്റോ കാലിവളമോ മേല്‍മണ്ണുമായി കുഴച്ച്‌നിറച്ച്‌ ഇതില്‍ കൂടയുടെ ആഴത്തില്‍ കുഴിയെടുത്ത് അതില്‍ കൂട തൈയുടെ കൂട ബ്ലേഡ്കൊണ്ടോ, കത്തികൊണ്ടോ മുറിച്ചുമാറ്റി കുഴിയില്‍ തൈ നടാം. ആദ്യവര്‍ഷം വേനലില്‍ തണല്‍ നല്‍കണം. ഗ്രാഫ്റ്റ്തൈകള്‍ മൂന്നുവര്‍ഷം കൊണ്ടും മറ്റുള്ളവ 7-8 വര്‍ഷം കൊണ്ടും കായ്ക്കും.

 
� Infomagic - All Rights Reserved.