അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്
December 04,2017 | 11:53:45 am

ഗുരുതരമല്ലെങ്കിലും കൃത്യസമയത്തു ചികിത്സിച്ചില്ലെങ്കില്‍ കാഴ്ചയെതന്നെ ബാധിക്കുന്ന അവസ്ഥയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്.

കണ്‍പോളയുടെ ഉപരിതലത്തിലുള്ള വെളുത്ത നിറത്തിലുള്ള പാടയാണ് കണ്‍ജെങ്റ്റീവ അഥവാ നേത്രാവരണം. ഇതിന് അണുബാധ മൂലമോ അലര്‍ജിമൂലമോ പലതരത്തിലുള്ള അണുബാധകള്‍ ഉണ്ടാകാം.

അലര്‍ജിമൂലം ഉണ്ടാകുന്ന അണുബാധയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ്. ഇത്തരം അലര്‍ജിക്ക് നിരവധി കാരണങ്ങളുണ്ട്. ചിലര്‍ക്ക് കാലാവസ്ഥ വ്യതിയാനമായിരിക്കും അലര്‍ജിക്കു കാരണമാകുന്നത്.

എന്നാല്‍ മറ്റു ചിലര്‍ക്ക് ചില പ്രത്യേക വസ്തുക്കളുമായുള്ള ഇടപെടലിലൂടെയായിരിക്കും അലര്‍ജി ഉണ്ടാകുന്നത്. ഉദാഹരണമായി പൂമ്പൊടി, വളര്‍ത്തുമൃഗങ്ങള്‍, ചിലയിനം മരുന്നുകള്‍, സൗന്ദര്യവര്‍ധക വസ്തുക്കള്‍, ഡൈയുടെ ഉപയോഗം മുലായവ.

എന്താണ് ഓരോരുത്തര്‍ക്കും അലര്‍ജി ഉണ്ടാക്കുന്നതെന്ന് കണ്ടെത്തി അതില്‍നിന്ന് പരമാവധി ഒഴിഞ്ഞു നില്‍ക്കാനാണ് അടിക്കടി അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് ഉണ്ടാകുന്നവര്‍ ശ്രദ്ധിക്കേണ്ടത്.

ലക്ഷണങ്ങള്‍: :

കണ്ണിനെ ബാധിച്ചിരിക്കുന്ന രോഗം അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് തന്നെയാണോയെന്ന് ചില ലക്ഷണങ്ങളിലൂടെ മനസിലാക്കാവുന്നതാണ്.

കണ്ണിനു ചൊറിച്ചില്‍, കണ്ണിനു ചുറ്റും ചുവന്നു തടിക്കുക, എരിച്ചില്‍, കണ്ണുനീര്‍ ധാരാളമായി ഒഴുകുക, കണ്‍പാടയിലെ തടിപ്പുകള്‍ എന്നിവയാണ് അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് ഉള്ളവരില്‍ സാധാരണ കാണപ്പെടുന്ന ലക്ഷണങ്ങള്‍.

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ എത്രയും വേഗം നേത്രരോഗ വിദഗ്ധന്‍റെ സഹായം തേടാന്‍ മടിക്കരുത്. കാരണം ചികിത്സ വൈകുന്തോറും അണുബാധ കണ്ണിന്‍റെ മറ്റു ഭാഗങ്ങളിലേക്കു വ്യാപിക്കാം.

ചിലതരം അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് കാഴ്ച ശക്തിയെത്തന്നെ ബാധിച്ചേക്കാമെന്നതിനാല്‍ ശരിയായ ചികിത്സ ശരിയായ സമയത്ത് അനിവാര്യമാണ്. ചികിത്സയുടെ അഭാവം രോഗം കാഴ്ചയുടെ കേന്ദ്രമായ കോര്‍ണിയയെ ബാധിക്കുന്നതിന് കാരണമാകാം.

വിവിധതരം കണ്‍ജക്റ്റിവിറ്റീസ്

അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് പ്രധാനമായും മൂന്നു തരത്തിലാണ് കാണപ്പെടുന്നത്.

അക്യൂട്ട് കറ്റാറല്‍ കണ്‍ജക്റ്റിവിറ്റീസ് : സാധാരണ കാണപ്പെടുന്ന ഒരു അവസ്ഥയാണിത്. അലര്‍ജി ഉണ്ടാക്കുന്ന എന്തെങ്കിലും ഒരു വസ്തുവുമായുള്ള നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ ഉണ്ടാകുന്ന ഒന്നാണ് അക്യൂട്ട് കറ്റാറല്‍ കണ്‍ജക്റ്റിവിറ്റീസ്. ഇവരില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന ദൈര്‍ഘ്യം വളരെ കുറവായിരിക്കും.

സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് : ചൂടുകാലത്ത് കൂടുതലായി കാണപ്പെടുന്ന അവസ്ഥയാണ് സീസണല്‍ കണ്‍ജക്റ്റിവിറ്റീസ്. അന്തരീക്ഷത്തിലെ പൊടിപടലങ്ങള്‍, ചൂട് എന്നിവമൂലം നേത്രപടലത്തിന് ഉണ്ടാകുന്ന അലര്‍ജിയാണ് ഈ രോഗം.  ഒരുതവണ ഇതു വന്നവര്‍ക്ക് എല്ലാ വേനല്‍ക്കാലത്തും വീണ്ടും പ്രത്യക്ഷപ്പെടാനുള്ള സാധ്യതയുണ്ട്. അല്ലാത്ത സമയത്ത് സാധാരണ സ്ഥിതിയിലേക്ക് തിരിച്ചുവരുന്നു. എന്നാല്‍ ചിലര്‍ക്ക് സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് വര്‍ഷം മുഴുവന്‍ നീണ്ടുനില്‍ക്കാം.

ഫ്ലിക്റ്റെനുലാര്‍ കണ്‍ജക്റ്റിവിറ്റീസ് :  നേത്രപടലത്തിനോട് ചേര്‍ന്നു കിടക്കുന്ന നേത്രാവരണത്തിലുണ്ടാകുന്ന വൃത്താകൃതിയിലുള്ള ചെറിയ തരുക്കളാണ് ഫ്ലിക്റ്റെനുലാര്‍ കണ്‍ജക്റ്റിവിറ്റീസ് എന്നു പറയുന്നത്. ചിലതരം ബാക്ടീരിയല്‍ അണുബാധകളോടുള്ള പ്രതിപ്രവര്‍ത്തനമാണ് ഇതിനു കാരണം.

പ്രധാനമായും ക്ഷയരോഗം ബാധിച്ചാല്‍ കണ്ണില്‍ ഈ രോഗം ഉണ്ടാകുന്നു. അതിനാല്‍ രോഗം ഉണ്ടായാല്‍ ക്ഷയരോഗ നിര്‍ണയം കൂടി നടത്തണം. ക്ഷയരോഗം സ്ഥിരീകരിക്കപ്പെട്ടാല്‍ കണ്ണിന്‍റെ ചികിത്സയ്ക്കൊപ്പം ക്ഷയരോഗ ചികിത്സയും നടത്തണം.

ശ്രദ്ധിക്കാന്‍

1. അലര്‍ജിക് കണ്‍ജക്റ്റിവിറ്റീസ് എന്ന രോഗം കണ്ണിനെ ബാധിച്ചാല്‍ നിര്‍ബന്ധമായും ഒരു നേത്ര രോഗ വിദഗ്ധന്‍റെ സഹായം സ്വീകരിക്കണം.

2. രോഗലക്ഷണങ്ങള്‍ കണ്ടാല്‍ കണ്ണ് തിരുമ്മാതിരിക്കാന്‍ ശ്രദ്ധിക്കണം. അല്ലെങ്കില്‍ ലക്ഷണങ്ങള്‍ അധികരിക്കുവാന്‍ കാരണമാകും.

3. ഇടയ്ക്കിടെ തണുത്ത വെള്ളത്തില്‍ കണ്ണ് കഴുകുന്നത് ചൊറിച്ചിലും എരിച്ചിലും കുറയ്ക്കാന്‍ സഹായിക്കും.

സീസണല്‍ കണ്‍ജക്റ്റിവിറ്റീസ് ഉണ്ടാകുന്നവര്‍ ചൂടുകാലത്ത് പ്രത്യേകം ശ്രദ്ധിക്കണം. ഡോക്ടറുടെ നിര്‍ദേശപ്രകാരം മരുന്നുകള്‍ കൃത്യമായി ഉപയോഗിച്ചാല്‍ കണ്‍ജക്റ്റിവിറ്റീസ് പൂര്‍ണമായും ഭേദമാക്കാം.

 
� Infomagic - All Rights Reserved.