പുരുഷന്മാര്‍ക്കായി ചില ആരോഗ്യഭക്ഷണങ്ങളിതാ
December 05,2017 | 11:08:49 am

പൊതുവായ ആരോഗ്യത്തിനും ക്ഷേമത്തിനും പോഷകസമൃദ്ധവും സന്തുലിതവുമായ ഭക്ഷണക്രമം അത്യാവശ്യമാണ്. ഇതുകൂടാതെ, പ്രോസ്റ്റേറ്റ് ആരോഗ്യം, ഉദ്ധാരണ പ്രശ്നങ്ങള്‍, ഹൃദയവും രക്തധമനികളും സംബന്ധിച്ച പ്രശ്നങ്ങള്‍ തുടങ്ങിയവയെ മറികടക്കാന്‍ പുരുഷന്മാര്‍ക്ക് പ്രത്യേക പോഷകങ്ങളും ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താന്‍ സാധിക്കും. പുരുഷന്മാരുടെ ആരോഗ്യപ്രശ്നങ്ങള്‍ക്ക് പരിഹാരം നല്‍കുന്ന പ്രധാനപ്പെട്ട ചില ഭക്ഷണപദാര്‍ത്ഥങ്ങളെക്കുറിച്ച്‌ അറിയൂ...

ടൊമാറ്റൊ സോസ് : തക്കാളിയുടെ ചുവപ്പു നിറത്തിനു കാരണം ലൈക്കോപീന്‍ എന്ന പദാര്‍ത്ഥമാണ്. ഇതിന്‍റെ ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ച്‌ നിരവധി പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. തക്കാളിയില്‍ അടങ്ങിയിരിക്കുന്ന ലൈക്കോപീന്‍, ഫൈറ്റോന്യൂട്രിയന്റുകള്‍ എന്നിവ ചില തരം ക്യാന്‍സറുകള്‍ക്കെതിരെ ഫലപ്രദമാണെന്നും അവ ഹൃദയത്തിനും രക്തധമനികള്‍ക്കുമുള്ള രോഗങ്ങള്‍ക്കുള്ള അപകടസാധ്യത കുറയ്ക്കുമെന്നും കരുതുന്നു.

പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ ബാധിതരായ പുരുഷന്മാര്‍ മൂന്ന് ആഴ്ചക്കാലം ടൊമാറ്റോ സോസ് അടിസ്ഥാനമാക്കിയുള്ള ആഹാരം കഴിച്ചതിലൂടെ പ്രോസ്റ്റേറ്റ് കോശകലള്‍ക്കുള്ള തകരാര്‍ കുറഞ്ഞതായി ഇല്ലിനോയ്സ് സര്‍വകലാശാല നടത്തിയ ഒരു പഠനത്തില്‍ കണ്ടെത്തി. സെറം പ്രോസ്റ്റേറ്റ് സ്പെസിഫിക് ആന്‍റിജന്‍ (പിഎസ്‌എ) നിലയിലും വ്യക്തമായ കുറവ് ഉണ്ടായെന്നും പഠനത്തില്‍ കണ്ടെത്തി. ഭക്ഷണത്തില്‍ ടൊമാറ്റോ സോസ് ഉള്‍പ്പെടുന്നതിലൂടെ ലൈക്കോപീനിന്‍റെ ഗുണഫലങ്ങള്‍ അനുഭവിക്കാന്‍ സാധിക്കും.

സോയ ഭക്ഷണങ്ങള്‍  : സോയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് പോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ അപകടസാധ്യതകളെ പ്രതിരോധിക്കുന്നതിനുള്ള വഴികളിലൊന്നാണ്. സോയ പ്രോസ്റ്റേറ്റ് ക്യാന്‍സറിനെതിരെ ഒരു കീമോപ്രിവന്‍റീവ് (ക്യാന്‍സറിന്‍റെ  വ്യാപനത്തെ പ്രതിരോധിക്കുകയോ തടയുകയോ ചെയ്യുന്ന പദാര്‍ത്ഥം) ആയി പ്രവര്‍ത്തിക്കുന്നു. ഇതിലടങ്ങിയിരിക്കുന്ന ജെനിസ്റ്റിന്‍, ഡൈഡ്സിന്‍ തുടങ്ങിയ ഐസോഫ്ളേവനുകള്‍ പ്രോസ്റ്റേറ്റ് ക്യാന്‍സറിന്‍റെ അപകടസാധ്യത കുറയ്ക്കാന്‍ സഹായിക്കുന്നു.

ഗ്രീന്‍ ടീ : ഹൃദയവും രക്തധമനികളുമായി ബന്ധപ്പെട്ട അസുഖങ്ങള്‍ക്കും ക്യാന്‍സറിനുമെതിരെ ഗ്രീന്‍ ടീ പ്രവര്‍ത്തിക്കുമെന്നത് പഠനങ്ങളില്‍ നിന്നു വ്യക്തമായിട്ടുണ്ട്.  ഗ്രീന്‍ ടീ ഉപയോഗിക്കുന്നവരില്‍, ബെനിന്‍ ഹൈപ്പര്‍ട്രോഫിക് ഹൈപ്പര്‍പ്ളാസിയ (ബിപിഎച്ച്‌) ) പോലെയുള്ള യൂറോളജിക്കല്‍ പ്രശ്നങ്ങള്‍, പ്രോസ്റ്റേറ്റ് ക്യാന്‍സര്‍ എന്നിവയുടെ സാധ്യത കുറയുന്നുവെന്ന് വിവിധ പഠനങ്ങള്‍ വ്യക്തമാക്കുന്നുണ്ട്.

ഇനിയുമുണ്ട് ഗ്രീന്‍ ടീയുടെ ഗുണങ്ങള്‍. ഗ്രീന്‍ ടീ ഉപയോഗിക്കുന്ന പുരുഷന്മാര്‍ക്ക് മൂത്രനാളത്തിലെ അണുബാധയുമായി ബന്ധപ്പെട്ട അപകടസാധ്യത കുറയ്ക്കാന്‍ കഴിയുമെന്ന് 2014 ല്‍ ന്യൂയോര്‍ക്കില്‍ നടന്ന ഒരു പഠനത്തില്‍ പറയുന്നു.

ഷെല്‍ഫിഷ് : ഷെല്‍ഫിഷുകള്‍ സിങ്കിന്‍റെ വളരെ വലിയ സ്രോതസ്സാണ്, പ്രത്യേകിച്ച്‌ മുത്തുച്ചിപ്പിയും ഞണ്ടുകളും. മുറിവ് ഭേദമാക്കുന്നതിനും ഗ്യാസ്ട്രോഇന്‍റസ്റ്റൈനല്‍ പ്രശ്നങ്ങള്‍ക്കും എല്ലുകള്‍ക്കും കേന്ദ്രനാഡീവ്യൂഹത്തിനും പ്രത്യുത്പാദനവ്യവസ്ഥയ്ക്കും സിങ്ക് ഒരു അവശ്യ ഘടകമാണ്.

വൃക്കരോഗമുള്ളവരിലെ ലൈംഗികശേഷിക്കുറവ് പരിഹരിക്കാന്‍ സിങ്ക് സഹായകമാവുമെന്ന് പഠനങ്ങളില്‍ പറയുന്നുണ്ട്. ടെസ്റ്റോസ്റ്റിറോണ്‍ നില കൃത്യമായി നിലനിര്‍ത്തുന്നതിനും സിങ്കിന്‍റെ പങ്ക് വളരെ വലുതാണ്. കൂടാതെ, ഭക്ഷണക്രമത്തില്‍ സിങ്ക് അടങ്ങിയ ആഹാരങ്ങള്‍ ഉള്‍പ്പെടുത്തുന്നത് പ്രോസ്റ്റേറ്റ് ക്യാന്‍സറിനുള്ള അപകടസാധ്യത കുറയ്ക്കുന്നു. റെഡ്മീറ്റ്, ചിക്കന്‍, വന്‍പയര്‍, വെള്ളക്കടല, കശുവണ്ടി എന്നിവയും സിങ്കിന്‍റെ മികച്ച സ്രോതസ്സുകളാണ്.

ശ്രദ്ധിക്കുക

നിങ്ങള്‍ക്ക് എന്തെങ്കിലും പ്രത്യേക രോഗമുണ്ടെങ്കില്‍ , ഡോക്ടറുടെ നിര്‍ദേശപ്രകാരമായിരിക്കണം ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തേണ്ടത്.

 
� Infomagic - All Rights Reserved.