ഇനി കൃത്രിമ ജീവനും
December 05,2017 | 11:06:52 am

കൃത്രിമ ജീവന്‍ സൃഷ്ടിക്കുന്നതിനുള്ള ശ്രമങ്ങളില്‍ നിര്‍ണായക വിജയം കൈവരിച്ചുകൊണ്ട്, കൃത്രിമ, സ്വാഭാവിക ഡിഎന്‍എകളുടെ സങ്കലനത്തിലൂടെ ഒരു പുതിയ ജീവാണുവിനെ യുഎസ് ഗവേഷകര്‍ വികസിപ്പിച്ചെടുത്തു. തീര്‍ത്തും പുതിയ സിന്തറ്റിക് പ്രോട്ടീനുകള്‍ സൃഷ്ടിക്കാന്‍ കഴിയുന്നവയാണ് ഈ ജീവാണുക്കളെന്ന് നേച്ചര്‍ മാസിക പ്രസിദ്ധീകരിച്ച ഒരു ലേഖനം അവകാശപ്പെടുന്നു. രൂപകല്‍പ്പിത പ്രോട്ടീനുകള്‍ വികസിപ്പിക്കുന്നതിലേക്ക് ശാസ്ത്രജ്ഞര്‍ കൂടുതല്‍ അടുത്തിരിക്കുകയാണെന്നും ലേഖനം അവകാശപ്പെടുന്നു.

സ്വാഭാവിക ഡിഎന്‍എയുടെ നിലവിലുള്ള നാല് ജനിതക അക്ഷരങ്ങളായ അഡ്നൈന്‍ (എ), സൈറ്റോസിന്‍ (സി), ഗൗനിനന്‍ (ജി), തൈനിന്‍ (ടി) എന്നിവ കൂടുതല്‍ വിശാലമാക്കാനുള്ള സാധ്യതകളുണ്ടെന്ന് നേരത്തെ തെളിയിക്കപ്പെട്ടിരുന്നു. രണ്ട് അസ്വാഭാവിക അക്ഷരങ്ങളായ എക്സും വൈയും അടങ്ങുന്ന ഇ.കോളി ബാക്ടീരിയ 2014ല്‍ ഈ ശാസ്ത്രസംഘം സൃഷ്ടിക്കുകയും ചെയ്തിരുന്നു. ഈ സങ്കര ജനിതക അക്ഷരത്തില്‍ നിന്നും നിര്‍ദ്ദേശങ്ങള്‍ സ്വീകരിച്ച്‌ കൃത്രിമ ഇ.കോളി ബാക്ടീരിയയ്ക്ക് പുതിയ പ്രോട്ടീനുകള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നാണ് ഇപ്പോള്‍ തെളിഞ്ഞിരിക്കുന്നത്.

ജി, സി, എ അല്ലെങ്കില്‍ ടി ഒഴികയുള്ള ഏതെങ്കിലും പ്രോട്ടീന്‍ സൃഷ്ടിക്കാന്‍ ഒരു കോശത്തിന് സാധിക്കുന്നത് ഇതാദ്യമാണെന്ന് കാലിഫോര്‍ണിയയിലെ സ്രിപ്പ്സ് റിസേര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ടിലെ രസതന്ത്ര വിഭാഗത്തിലെ ഫ്ളോയ്ഡ് ഇ. റോസംബര്‍ഗ് പറഞ്ഞു. പ്രബന്ധത്തിന്റെ സഹരചയിതാവ് കൂടിയാണ് അദ്ദേഹം. പുതിയ പ്രോട്ടീന്‍ അടിസ്ഥാന ചികിത്സ വികസിപ്പിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹത്തിന്‍റെ  കമ്പനിയായ Synthorx Inc.

 
� Infomagic - All Rights Reserved.