തണുപ്പുകാലത്ത് വ്യായാമം ചെയ്താല്‍ ഗുണങ്ങളേറെയാണ്
January 03,2018 | 10:28:48 am

ശൈത്യകാലത്തെ കാലാവസ്ഥയില്‍ എവിടെയെങ്കിലും അലസമായി ചടഞ്ഞുകൂടാന്‍ താല്പര്യപ്പെടുന്നവരായിരിക്കും നമ്മില്‍ കൂടുതല്‍പേരും. എന്നാല്‍, ശൈത്യകാലത്ത് വ്യായാമംചെയ്യുന്നത് വര്‍ഷത്തില്‍ മറ്റേതു സമയത്തെക്കാളും ഗുണകരമായിരിക്കുമെന്ന് നിങ്ങള്‍ക്കറിയാമോ? തണുപ്പുകാലാവസ്ഥയില്‍, ശരീരത്തിന്റെ ആവശ്യങ്ങളെ ശരിയായ രീതിയില്‍ നിറവേറ്റാന്‍ ഇത് വളരെയധികം സഹായിക്കും.

സൂര്യപ്രകാശം ആസ്വദിക്കാം വൈറ്റമിന്‍ ഡി നേടാം

വൈറ്റമിന്‍ ഡി യെ സണ്‍ഷൈന്‍ വൈറ്റമിനെന്നാണ് അറിയപ്പെടുന്നത്. ചുരുക്കം ചില ആഹാരങ്ങളില്‍ നിന്നുമാത്രമേ വൈറ്റമിന്‍ ഡി ലഭിക്കുകയുള്ളൂ. സൂര്യപ്രകാശമേല്‍ക്കുകയാണ് ഇത് ലഭിക്കാനുള്ള ഏറ്റവും എളുപ്പമുള്ള വഴി.  വേനല്‍ക്കാലത്ത് 10-15 മിനിറ്റുനേരം വെയില്‍കൊണ്ടാല്‍ മതിയാവും. എന്നാല്‍, തണുപ്പുകാലത്ത് സൂര്യപ്രകാശമേല്‍ക്കുക ബുദ്ധിമുട്ടായിരിക്കും, പ്രത്യേകിച്ച്‌ നിങ്ങള്‍ വീടിനുള്ളില്‍ കഴിയുകയാണെങ്കില്‍. അതിനാല്‍, വീടിനു പുറത്തിറങ്ങി നടക്കുക, സൂര്യപ്രകാശത്തിന്റെ സൗമ്യത ആസ്വദിക്കുക. ഇതിലൂടെ എല്ലുകള്‍ക്ക് ശക്തിപകരുന്നതിനും പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും പോസിറ്റീവ് ചിന്തകള്‍ ഉണ്ടാക്കുന്നതിനും സാധ്യമാവും.

ശരീരം ചൂടാക്കാം 

വ്യായാമത്തിലൂടെ സ്വാഭാവികമായി ശരീരം ചൂടുപിടിപ്പിക്കുന്നതിലൂടെ ശരീരത്തില്‍ കൊഴുപ്പടിയുന്നത് പ്രതിരോധിക്കാം. ചൂടുവെള്ളത്തില്‍ കുളിക്കുന്നതിനെക്കാളും അല്ലെങ്കില്‍ ഹീറ്ററിന്‍റെ  ചൂട് തേടുന്നതിനെക്കാളും ശരീരത്തിനു സുഖവും സ്വാസ്ഥ്യവും നല്‍കുന്നത് വ്യായാമത്തിലൂടെ ശരീരോഷ്മാവ് വര്‍ദ്ധിപ്പിക്കുന്നതാണ്.  പുറത്തേക്കിറങ്ങുമ്പോള്‍ തണുപ്പ് തോന്നിയേക്കാമെങ്കിലും വ്യായാമം ആരംഭിച്ചുകഴിഞ്ഞാല്‍ നിങ്ങള്‍ സ്വയം ചൂടായിക്കൊള്ളും.

ആരോഗ്യത്തോടെയിരിക്കാം 

സ്ഥിരമായി വ്യായാമംചെയ്യുന്നത് പ്രതിരോധശേഷി മെച്ചപ്പെടുത്തുമെന്നും അതുവഴി അണുബാധകളെ പ്രതിരോധിക്കാന്‍ സഹായകമാവുമെന്നും നിരവധി ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്. ശൈത്യകാലത്ത് ജലദോഷവും പനിയും പടര്‍ന്നുപിടിക്കാന്‍ സാധ്യതയുള്ളതിനാല്‍ വ്യായാമത്തിന്‍റെ  പ്രാധാന്യം വര്‍ധിക്കുന്നു.  വ്യായാമം ചെയ്യുമ്പോള്‍ പ്രതിരോധശേഷി മെച്ചപ്പെടുകയും അണുബാധകളെ പ്രതിരോധിക്കാന്‍ കഴിയുകയും ചെയ്യും.

തണുപ്പുകാലത്തെ വിഷാദം അകറ്റാം 

ശൈത്യകാലത്ത് സാധാരണ അനുഭവപ്പെടുന്ന വിഷാദമോ അല്ലെങ്കില്‍ ശൈത്യകാല വിഷാദരോഗമോ (SAD) ആകട്ടെ, വ്യായാമം നിങ്ങളെ തുണയ്ക്കും. ദിവസേന വ്യായാമത്തിലേര്‍പ്പെടുന്നതു മൂലം നിങ്ങള്‍ക്ക് സന്തോഷം അനുഭവപ്പെടാന്‍ സഹായിക്കുന്ന രാസമാറ്റങ്ങള്‍ തലച്ചോറിലുണ്ടാവുന്നു. ഉത്കണ്ഠയെയും വിഷാദരോഗത്തെയും വരുതിയിലാക്കുന്നതിനും ഇത് സഹായകമാവും. വ്യായാമം ചെയ്യുന്നത് വീടിനു പുറത്ത് സന്തോഷകരമായ ചുറ്റുപാടുകളിലാണെങ്കില്‍ അതിന്റെ സ്വാധീനം വളരെക്കൂടുതലായിരിക്കും. അതിനാല്‍, പകല്‍ 45 മിനിറ്റു നേരം വ്യായാമംചെയ്യുന്നത് നിങ്ങള്‍ക്ക് ശൈത്യകാലത്തോടുള്ള വീക്ഷണം തന്നെ മാറ്റും.

ശുദ്ധവായു ശ്വസിക്കാം

ശൈത്യകാലത്ത് ഹീറ്ററിന്‍റെ സ്വാന്തനത്തില്‍ കഴിയുമ്പോള്‍ നിങ്ങള്‍ക്ക് ആവശ്യമായ ശുദ്ധവായു ലഭിക്കണമെന്നില്ല. വീടിനകത്തെക്കാള്‍ കൂടുതല്‍ ശുദ്ധവായു ലഭിക്കുന്നത് പുറത്തായിരിക്കും. അതിനാല്‍, നടക്കുന്നതിനോ ജോഗിംഗിനോ പോകുന്നത് ശുദ്ധവായു ശ്വസിക്കുന്നതിനും സഹായകമാവും.

� Infomagic - All Rights Reserved.