ഹോളിസ്റ്റിക് യോഗ : എന്താണ് പ്രചോദനം?
February 16,2019 | 01:36:07 pm

ഹോളിസ്റ്റിക് യോഗ

സൃഷ്ടിപരമായ എന്തെങ്കിലും ചെയ്യാന്‍ മാനസികമായി പ്രേരിപ്പിക്കുന്ന പ്രക്രിയയാണ് പ്രചോദനം എന്ന് പറയുന്നത്. . ചില സമയങ്ങളില്‍ അത് പെട്ടെന്ന് ഉണ്ടാകുന്ന അത്ഭുതകരമായ ഒരു ആശയമാണ്.

മൂന്നുതരം മനുഷ്യരുണ്ട്

1. ബുദ്ധിമുട്ടുകളെയും തടസങ്ങളെയും കുറിച്ച് ചിന്തിച്ച് കര്‍മ്മം ചെയ്യാന്‍ മടിക്കുന്നവര്‍
2. തടസങ്ങള്‍ വര്‍ധിക്കുമ്പോള്‍ ഇടക്ക് വെച്ച് കര്‍മ്മം ഉപേക്ഷിക്കുന്നവര്‍
3.എല്ലാ ബുദ്ധിമുട്ടുകളെയും തടസങ്ങളെയും അതിജീവിച്ച് കര്‍മ്മം പൂര്‍ത്തിയാക്കുന്നവര്‍
എന്താണ് ഈ മൂന്ന് മനുഷ്യരും തമ്മിലുള്ള വ്യത്യാസം?

ഒന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രധാന പ്രശ്‌നം മടിയും ഭയവുമാണ്. ഏത് ജോലിയില്‍ ഏര്‍പ്പെടുമ്പോഴും ഉണ്ടാകുന്ന ഉത്തരവാദിത്വം ചെയ്യേണ്ടി വരുന്ന അദ്ധ്വാനം,അതിന് വേണ്ട മാനസികവും ശാരീരികവും ആയ തയ്യാറെടുപ്പുകള്‍ എല്ലാംതന്നെ അവരെ കര്‍മ്മത്തില്‍ നിന്ന് പിന്നോട്ട് വലിക്കുന്നു.

രണ്ടാമത്തെ വിഭാഗത്തില്‍പ്പെട്ടവരുടെ പ്രധാന പ്രശ്‌നം ഭയമാണ്. തടസങ്ങള്‍ ഉണ്ടാകുമ്പോള്‍ ഭയം ഇവരെ പുറകോട്ട് വലിക്കുന്നു.തന്റെ പ്രവൃത്തിയില്‍ തോല്‍വി സംഭവിക്കുമോ എന്ന ഭയം ,തോല്‍വി സംഭവിച്ചാല്‍ മറ്റുള്ളവര്‍ ഇവരെ പരിഹസിക്കുമോ എന്ന ഭയം തുടങ്ങിയവയാണ്. തുടങ്ങിവെച്ച കര്‍മ്മം ഉപേക്ഷിക്കാന്‍ ഇവരെ പുറകോട്ട് വലിക്കുന്ന ഘടകം. ഭൂതകാലത്തുണ്ടായ ഏതെങ്കിലും ദുരനുഭവങ്ങളായിരിക്കാം ചിലപ്പോള്‍ ഇതിന് പിന്നില്‍. മറ്റുള്ളവരുടെ മുമ്പില്‍ നല്ല ഒരു ഇമേജ് ഉണ്ടാക്കാന്‍ അമിതമായി ശ്രദ്ധിക്കുക എന്നുള്ളത് എപ്പോഴും ഇവരെ അലട്ടുന്ന ഒരു പ്രശ്‌നമാണ്. തന്റെ വീട്ടുകാരെയും ബന്ധുക്കളെയും പൂര്‍ണമായി തൃപ്തിപ്പെടുത്താന്‍ വേണ്ടി അമിതമായി ശ്രദ്ധിക്കുന്നതിനാല്‍ ഇവര്‍ ഒരിക്കലും സന്തോഷന്മാരായിരിക്കില്ല. ഭയം ഒരു വ്യാളിയെ പോലെ എപ്പോഴും ഇവരെ പിന്തുടരുന്നു. ഭയം മുഴുവനായും ഇല്ലാതാക്കാന്‍ കഴിഞ്ഞാല്‍ ഇവര്‍ക്ക് ഇവരുടെ കഴിവുകള്‍ മുഴുവന്‍ പുറത്തെടുത്ത് കര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും.

മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവര്‍ തടസങ്ങളെ വെല്ലുവിളികളാക്കി മാറ്റുന്നു. വെല്ലുവിളികളെ പിന്നീട് ഇവര്‍ അവസരങ്ങളാക്കി മാറ്റുന്നു. ജീവിതലക്ഷ്യം നേടുന്നതും ഇവര്‍ തന്നെയാണ്. ജീവിതത്തിലെ മഹാവിജയങ്ങളൊക്കെയും ഇവര്‍ക്ക് അവകാശപ്പെട്ടിട്ടുള്ളതാണ്. ആദ്യത്തെ രണ്ട് വിഭാഗക്കാരും അവരുടെ അകാരണമായ ഭയം,മടി,മറ്റ് നിഷേധചിന്തകള്‍ തുടങ്ങിയവ മാറ്റിയാല്‍ മൂന്നാമത്തെ വിഭാഗത്തില്‍പ്പെട്ടവരെ പോലെ വിജയികളാകും.


പരിമിതികള്‍ ഉണ്ടാകുന്നത് നമ്മുടെ മനസില്‍ മാത്രമാണ്. പ്രചോദനം കൊണ്ട് പരിമിതികള്‍ ഇല്ലായ്മ ചെയ്ത് അനന്തമായ സാധ്യതകളിലേക്ക് എത്തിച്ചേരാന്‍ നമുക്ക് എല്ലാവര്‍ക്കും സാധിക്കും.

 
� Infomagic- All Rights Reserved.