വൃക്കരോഗത്തിന്‍റെ ലക്ഷണങ്ങള്‍ അറിയാം
January 02,2018 | 10:13:28 am

നമ്മുടെ ശരീരത്തിലെ പ്രധാനപ്പെട്ട അവയവമാണ് കിഡ്നി. പ്രായം കൂടന്തോറും കിഡ്നിയുടെ ആരോഗ്യം നശിച്ച്‌ കൊണ്ടിരിക്കുന്ന അവസ്ഥയിലേക്കാണ് എത്തുന്നത്. മുപ്പത് വയസ്സ് കഴിയുമ്പോള്‍ കിഡ്നിയുടെ പ്രവര്‍ത്തന ക്ഷമത കുറഞ്ഞ് വരികയാണ് ചെയ്യുന്നത്. എന്നാല്‍ കിഡ്നിക്ക് സമ്മര്‍ദ്ദം കൂടുതല്‍ നല്‍കിയാല്‍ അത് 30 വയസ്സിനു മുന്‍പ് തന്നെ രോഗാവസ്ഥയിലേക്ക് നിങ്ങളെ നയിക്കുന്നു. രക്തത്തിലെ മാലിന്യങ്ങളെ നീക്കി അതിനെ ശുദ്ധീകരിക്കാനാണ് വൃക്ക ഉപയോഗിക്കുന്നത്. വൃക്കരോഗങ്ങളെ തുടക്കത്തില്‍ തിരിച്ചറിയാന്‍ വളരെ പ്രയാസമാണ്. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ ചില ലക്ഷണങ്ങളിലൂടെയാണ് നിങ്ങള്‍ക്ക് ആദ്യം മനസ്സിലാക്കാന്‍ കഴിയുക.  ശരീരത്തില്‍ പ്രകടമാകുന്ന ചില ലക്ഷണങ്ങള്‍ നോക്കി വൃക്കരോഗം മനസ്സിലാക്കാം. ഭാവിയില്‍ നിങ്ങള്‍ക്ക് വൃക്ക രോഗം വരാന്‍ സാധ്യതയുണ്ടെന്ന് പല ലക്ഷണങ്ങളിലൂടെ നമുക്ക് മനസ്സിലാക്കാം. പലപ്പോഴും ഡോക്ടര്‍മാരുടെ ശ്രദ്ധയില്‍ പോലും ഇത്തരത്തിലുള്ള ലക്ഷണങ്ങള്‍ കണ്ടെത്തിയെന്ന് വരില്ല. ചിലര്‍ക്ക് പാരമ്പര്യമായും ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാവാം. മാതാപിതാക്കള്‍ക്ക് ഇത്തരത്തില്‍ വൃക്കകള്‍ക്ക് പ്രശ്നം ഉണ്ടെങ്കില്‍ അത് കുട്ടികള്‍ക്ക് ഉണ്ടാവാനുള്ള സാധ്യത 25 ശതമാനമാണ്.

നിങ്ങളുടെ കിഡ്നി അപകടത്തിലാണോ എന്ന് മനസ്സിലാക്കാന്‍ ശരീരം ചില ലക്ഷണങ്ങള്‍ കാണിക്കും. ഇത്തരം ലക്ഷണങ്ങള്‍ നോക്കി ആരോഗ്യമുള്ള വൃക്കയാണോ അല്ലയോ എന്ന് മനസ്സിലാക്കാം. മാത്രമല്ല വൃക്കരോഗങ്ങള്‍ നിങ്ങളില്‍ പിടിമുറുക്കിയോ ഇല്ലയോ എന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്ന ചില ലക്ഷണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെയെന്ന് നോക്കാം.

ശരീരത്തിലെ വീക്കം :  ശരീരത്തില്‍ നീര്‍വീക്കം ഉണ്ടെങ്കില്‍ അത് അല്‍പം ശ്രദ്ധിക്കേണ്ടതാണ്. കാലിലും ഞെരിയാണിയിലും വീങ്ങിയ അവസ്ഥയാണെങ്കില്‍ അത് പലപ്പോഴും ശ്രദ്ധിക്കേണ്ട ഒന്നാണ്. ശരീരത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്യപ്പെടാനുള്ള വൃക്കയുടെ കഴിവ് നഷ്ടപ്പെടുമ്പോഴാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ ഉണ്ടാവുന്നത്.

ക്ഷീണം : ക്ഷീണം സാധാരണ അവസ്ഥയില്‍ എല്ലാവരിലും ഉണ്ടാവും. എന്നാല്‍ അമിതക്ഷീണം നിങ്ങളില്‍ ഉണ്ടെങ്കില്‍ അത് പല തരത്തിലുള്ള പ്രശ്നങ്ങളുടേയും തുടക്കമാണ്. കിഡ്നി പ്രശ്നത്തില്‍ ആണെങ്കില്‍ ഇത് ചുവന്ന രക്ത കോശങ്ങളുടെ ഉത്പാദനത്തിന് പ്രശ്നം സൃഷ്ടിക്കുന്നു. ഇവക്ക് കൂടുതല്‍ ഓക്സിജന്‍ അത്യാവശ്യമാണ്. എന്നാല്‍ കിഡ്നി പ്രശ്നത്തില്‍ ആണെങ്കില്‍ ഇത് ക്ഷീണം വര്‍ദ്ധിപ്പിക്കുന്നു.

ചര്‍മ്മത്തിലെ ചൊറിച്ചില്‍ : ചര്‍മ്മത്തിലെ ചൊറിച്ചില്‍ പല കാരണങ്ങള്‍ കൊണ്ടും ഉണ്ടാവാം. എന്നാല്‍ സ്ഥിരമായി നില്‍ക്കുന്ന ചൊറിച്ചില്‍ ചര്‍മ്മത്തില്‍ ഉണ്ടെങ്കില്‍ അത് പലപ്പോഴും കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ കൊണ്ടാവാം. ശരീരത്തിലെ ടോക്സിന്‍ പുറന്തള്ളുന്ന അവസ്ഥയില്‍ പ്രശ്നമുണ്ടായാല്‍ അത് ചര്‍മ്മത്തില്‍ ചൊറിച്ചിലും മറ്റ് പ്രശ്നങ്ങളും ഉണ്ടാക്കുന്നു.

മൂത്രത്തിലെ മാറ്റങ്ങള്‍ : മൂത്രത്തിലെ മാറ്റങ്ങള്‍ മനസ്സിലാക്കിയാല്‍ അത് കിഡ്നി ആരോഗ്യകരമാണോ എന്ന് മനസ്സിലാക്കാം. മൂത്രം വളരെ കുറവാണെങ്കില്‍ അതിനെയും അല്‍പം ശ്രദ്ധിക്കേണ്ടതാണ്.

മൂത്രത്തിന്‍റെ നിറം : മൂത്രത്തിന്‍റെ നിറം മാറ്റവും ശ്രദ്ധിക്കാം. മൂത്രത്തില്‍ ചുവന്ന നിറവും വിളര്‍ച്ച ബാധിച്ച പോലുള്ള മൂത്രവും ആണെങ്കില്‍ അത് ശ്രദ്ധിക്കാം. ഇതിനര്‍ത്ഥവും നിങ്ങളുടെ കിഡ്നി പ്രവര്‍ത്തന ക്ഷമമല്ല എന്ന് തന്നെയാണ്.

മൂത്രത്തില്‍ പത : മൂത്രത്തില്‍ പത കാണപ്പെടുന്നതും ശ്രദ്ധിക്കേണ്ട അവസ്ഥയാണ്. സാധാരണ അവസ്ഥയില്‍ മൂത്രത്തില്‍ പത കാണപ്പെടുകയില്ല. അതുകൊണ്ട് തന്നെ ഇത്തരം പ്രശ്നങ്ങള്‍ കണ്ടാല്‍ ഉടന്‍ തന്നെ ഡോക്ടറെ സമീപിക്കാന്‍ ശ്രമിക്കുക.

രോഗങ്ങള്‍ വരാതിരിക്കാന്‍

കിഡ്നി സംബന്ധമായ പ്രശ്നങ്ങള്‍ നിങ്ങളിലുണ്ടെങ്കില്‍ അതിനെ തടയാനും വരാതിരിക്കാനും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ഇവയില്‍ പ്രധാനപ്പെട്ടതും ശ്രദ്ധിക്കേണ്ടതുമായ ചില കാര്യങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

രോഗങ്ങളുടെ ഫലം

പലപ്പോഴും കിഡ്നി സംബന്ധമായ രോഗങ്ങള്‍ നിങ്ങളെ പിടികൂടുന്നത് പലപ്പോഴും രക്തസമ്മര്‍ദ്ദം, പ്രമേഹം എന്നീ രോഗങ്ങളുടെ ഫലമായാണ്. മറ്റേതെങ്കിലും രോഗങ്ങള്‍ക്ക് പുറകേയായിരിക്കും ഇത്തരം പ്രശ്നങ്ങള്‍ നിങ്ങളെ പിടികൂടുന്നത്. അതുകൊണ്ട് തന്നെ ഇത്തരം രോഗങ്ങള്‍ അല്‍പം ശ്രദ്ധയോട് കൂടി കൈകാര്യം ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക

വെള്ളത്തിന്‍റെ അളവ് ഒരു കാരണവശാലും ഭക്ഷണത്തില്‍ കുറക്കരുത്. ധാരാളം വെള്ളം കുടിക്കുന്നത് ശീലമാക്കുക. ഇത് ശരീരത്തിലെ വിഷാംശങ്ങലെ പുറന്തള്ളാനുള്ള പ്രധാനപ്പെട്ട ഒരു വഴിയാണ്.

മൂത്രം പിടിച്ച്‌ വെക്കരുത്

മൂത്രശങ്ക തോന്നിയാല്‍ ഉടനേ തന്നെ മൂത്രമൊഴിക്കാന്‍ ശ്രമിക്കുക. ഒരിക്കലും മൂത്രം തടഞ്ഞ് വെക്കാതിരിക്കാന്‍ നോക്കണം. കിഡ്നി രക്തത്തിനെ അരിച്ചെടുക്കുമ്പോള്‍ ലഭിക്കുന്ന മാലിന്യങ്ങള്‍ മൂത്രത്തിലൂടെ പുറത്ത് പോവേണ്ടത് അത്യാവശ്യമാണ്. അതുകൊണ്ട് തന്നെ ഒരിക്കലും മൂത്രം തടഞ്ഞ് വെക്കരുത്

ഭക്ഷണത്തില്‍ ശ്രദ്ധിക്കാം

ഭക്ഷണത്തിന്‍റെ കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതാണ്.  കഴിക്കേണ്ടതും കഴിക്കേണ്ടാത്തതുമായ ഭക്ഷണങ്ങള്‍ ഏതൊക്കെയെന്ന് നോക്കുക. കിഡ്നിയുടെ ആരോഗ്യത്തിന് മത്സ്യം, ധാന്യങ്ങള്‍ തുടങ്ങിയവയെല്ലാം കിഡ്നിയുടെ ആരോഗ്യത്തിന് സഹായിക്കുന്നു.

� Infomagic - All Rights Reserved.