സൈനസൈറ്റിസില്‍ നിന്ന് രക്ഷ നേടാന്‍ ചില വഴികളിതാ
April 16,2018 | 08:21:24 am

മൂക്കിനുചുറ്റുമായി സ്ഥിതിചെയ്യുന്ന പൊള്ളയായ വായു അറകളാണ് സൈനസുകള്‍.. വായുനിറഞ്ഞ ഈ അറകളുടെ രൂപവും വലുപ്പവും ഓരോരുത്തരിലും വ്യത്യസ്തമാണ്. ജനനസമയത്ത് സൈനസുകള്‍ പൂര്‍ണമായും രൂപപ്പെടുകയില്ല. നാലുജോഡി സൈനസുകളാണ്ഒരാളില്‍ ഉണ്ടാവുക. കവിളുകളുടെ ഉള്‍ഭാഗത്ത്, കണ്ണുകള്‍ക്ക് ഇടയില്‍, പുരികത്തിന് മുകളില്‍, ശിരസിന്‍റെ മധ്യഭാഗത്ത് എന്നിവിടങ്ങളിലാണ്സൈനസുകളുടെ സ്ഥാനം.
പ്രാണവായുവിനെ ചൂടാക്കുക, വേണ്ടത്ര ഈര്‍പ്പം നല്‍കുക, ശബ്ദത്തിന്‍റെ തീവ്രത നിയന്ത്രിക്കുക, തലയോട്ടിയുടെ ഭാരം കുറക്കുക തുടങ്ങിയവയാണ് സൈനസുകളുടെ പ്രധാന ധര്‍മങ്ങള്‍. സൈനസുകളെ ആവരണം ചെയ്ത് ഒരു ശ്ളേഷ്മസ്തരമുണ്ട്. ഇവ പുറപ്പെടുവിക്കുന്ന ശ്ളേഷ്മം സൈനസുകളിലെ ചെറുചാലുകളിലൂടെ നിരന്തരം ഒഴുകിക്കൊണ്ടിരിക്കും. ഉള്ളിലേക്കെടുക്കുന്ന വായുവിലെ മാലിന്യങ്ങളെയും അണുക്കളെയും നീക്കംചെയ്യുന്നത് ഈ ഒഴുക്കാണ്.

സൈനസൈറ്റിസ് ഉണ്ടാകുന്നതെങ്ങനെ?

അണുബാധയെതുടര്‍ന്ന് സൈനസുകളിലെ ശ്ളേഷ്മ സ്തരത്തിനുണ്ടാകുന്ന വീക്കമാണ് സൈനസൈറ്റിസ്. ആയുര്‍വേദത്തില്‍ 'പീനസം' എന്നാണിതറിയപ്പെടുക. സാധാരണഗതിയില്‍ ശ്ലേഷ്മസ്തരത്തിലെ ചെറുരോമങ്ങള്‍ ശ്ളേഷ്മത്തെ പതിയെ തള്ളിനീക്കും. എന്നാല്‍ സൈനസുകള്‍ക്ക് അണുബാധയും വീക്കവുമുണ്ടാകുന്നതോടെ ശ്ളേഷ്മത്തിന്‍റെ ഒഴുക്ക് തടസ്സപ്പെട്ട് കെട്ടിക്കിടക്കുന്നു. കെട്ടിക്കിടക്കുന്ന ശ്ളേഷ്മം അണുക്കള്‍ പെരുകാന്‍ സാഹചര്യമൊരുക്കി സൈനസൈറ്റിസ് രൂപപ്പെടുന്നു.

കാലാവസ്ഥാ വ്യതിയാനങ്ങള്‍, അന്തരീക്ഷ മലിനീകരണം, മേല്‍നിരയിലെ അണപ്പല്ലുകള്‍ക്കുണ്ടാകുന്ന അണുബാധ, പോട്, ശ്വാസകോശ സംബന്ധമായ ചിലരോഗങ്ങള്‍ എന്നിവയൊക്കെ സൈനസൈറ്റിസിന് ഇടയാക്കും. മൂക്കിന്‍റെ ഘടനാപരമായ വൈകല്യങ്ങളും ചിലരില്‍ സൈനസൈറ്റിസിനിടയാക്കും. സൈനസൈറ്റിസ് പൊടുന്നനെയോക്രമേണയോ ഉണ്ടാകാം.
കവിളുകള്‍ക്കുള്‍ഭാഗത്തോ പുരികത്തിന് മുകളില്‍നെറ്റിയിലോ ഉള്ള സൈനസുകളിലെ അണുബാധ പൊടുന്നനെ ഉണ്ടാകാം. പെട്ടെന്നുണ്ടാകുന്ന വേദന, മൂക്കടപ്പ്, തൊണ്ടയിലേക്ക് കഫം ഒഴുകിയിറങ്ങുക എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍.
ക്രമേണ ഉണ്ടാകുന്ന സൈനസൈറ്റിസിന്‍റെയും പ്രധാന ലക്ഷണം വേദനയാണ്. സൈനസിന്‍റെ സ്ഥാനങ്ങള്‍ക്കനുസരിച്ച്‌ വേദനമാറി വരാം. ശബ്ദം അടയുന്നതോടൊപ്പം മൂക്കില്‍ ദശയുള്ളവരില്‍ സ്ഥിരം മൂക്കടപ്പും വരും.

പ്രഭാതത്തില്‍ നെറ്റിയില്‍ വേദന കൂടും

പുരികത്തിന് മുകളില്‍ നെറ്റിയിലെ സൈനസില്‍ അണുബാധയുണ്ടായാല്‍ പ്രഭാതത്തില്‍ നെറ്റിയില്‍ അസഹനീയമായ വേദന ഉണ്ടാകാം. ഉറങ്ങുമ്പോള്‍ ഉല്‍പാദിപ്പിക്കപ്പെടുന്ന ശ്ളേഷ്മം സൈനസുകളില്‍ കെട്ടിക്കിടക്കുന്നത് മാറുന്നതോടെ വേദന കുറഞ്ഞുവരും.
സൈനസ് സ്ഥിതിചെയ്യുന്ന ഭാഗത്തോട്ചേര്‍ന്നുള്ള വേദനയാണ് സൈനസൈറ്റിസിന്‍റെ  പ്രധന ലക്ഷണം. മുഖം, നെറ്റി, മൂക്കിന്‍റെ പാലം തുടങ്ങുന്ന ഭാഗം, കണ്ണിന് പിന്‍ഭാഗം എന്നിവിടങ്ങളിലൊക്കെ വേദന വരാം. തലവേദന, മൂക്കടപ്പ്, മണമറിയാന്‍ പറ്റാതെ വരിക എന്നിവയും ഉണ്ടാകാം.

പല്ലും സൈനസൈറ്റിസും

പല്ലുകളോടടുത്ത് സൈനസ സ്ഥിതിചെയ്യുന്നതിനാല്‍ പല്ലുകളിലുണ്ടാകുന്ന അണുബാധ സൈനസുകളിലേക്ക് ബാധിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്. അശ്രദ്ധമായി ചെയ്യുന്ന പല്ലിന്‍റെ ചികിത്സകള്‍, മോണവീക്കം എന്നിവയും സൈനസൈറ്റിസിനിടയാക്കും. പല്ലിന്‍റെ പ്രശ്നം കൊണ്ടുണ്ടാകുന്ന സൈനസൈറ്റിസുള്ളവരില്‍ കടുത്ത ദുര്‍ഗന്ധം മൂക്കില്‍നിന്നുണ്ടാകാം.

കുട്ടികളിലെ സൈനസൈറ്റിസ്

പ്രധാനമായും അന്തരീക്ഷ മലിനീകരണം ആണ് കുട്ടികളില്‍ സൈനസൈറ്റിസിനിടയാക്കാറുള്ളത്.ഐസ്ക്രീം, തണുത്ത വെള്ളം എന്നിവയുടെ ഉപയോഗവും ചിലരില്‍ അണുബാധക്കിടയാക്കാറുണ്ട്. സൈനസൈറ്റിസ് കൊണ്ടുള്ള സങ്കീര്‍ണതകള്‍ കുട്ടികളില്‍ പൊതുവെ കുറവാണ്. ലഘുവായ ഔഷധങ്ങള്‍കൊണ്ടുതന്നെ കുട്ടികളിലെ സൈനസൈറ്റിസ് പരിഗണിക്കാനാകും.

സൈനസൈറ്റിസും സങ്കീര്‍ണതകളും

സൈനസൈറ്റുകള്‍ തലച്ചോറിനും കണ്ണുകള്‍ക്കും വളരെ അടുത്ത്സ്ഥിതിചെയ്യുന്നതിനാല്‍ പലപ്പോഴും സങ്കീര്‍ണതകള്‍ സൃഷ്ടിക്കാറുണ്ട്. കണ്ണുമായി ബന്ധപ്പെട്ട സങ്കീര്‍ണതകളാണ് കൂടുതലായും ഉണ്ടാവുക. തുടക്കത്തില്‍ തലയുടെ പുറകിലും കണ്ണിന്‍റെ  പുറകിലും ശക്തമായ വേദന ഉണ്ടാകും. വസ്തുക്കള്‍ രണ്ടായി കാണുക, കണ്ണ് പുറത്തേക്ക് തള്ളിവരിക, കണ്ണിന്‍റെ കാഴ്ച നഷ്ടപ്പെടുക തുടങ്ങിയ പ്രശ്നങ്ങള്‍ ഉണ്ടാകാമെന്നതിനാല്‍ പ്രശ്നം ശ്രദ്ധയോടെ കാണണം. അണുബാധ അതിരൂക്ഷമാകുന്നതോടെ തലച്ചോറിനെയും ബാധിക്കാറുണ്ട്.

അണുബാധ തടയുക, സൈനസില്‍ നിന്ന് കഫത്തെ പുറത്തുകളയുക, ഇവക്കൊപ്പം പ്രതിരോധ നടപടികള്‍ക്കും മുന്‍തൂക്കം നല്‍കിയാണ് ആയുര്‍വേദത്തില്‍ ചികിത്സ നിശ്ചയിക്കുന്നത്. രോഗത്തിന്‍റെ അവസ്ഥ അനുസരിച്ച്‌ ചികിത്സ ഓരോരുത്തരിലും വ്യത്യസ്തമാണ്. തുടക്കത്തില്‍ തന്നെ ചികിത്സ തേടുന്നതിലൂടെ രോഗത്തിന്‍റെ വ്യാപനത്തെ തടയാനാകും. സ്വേദനം, നസ്യം എന്നിവയും നല്ല ഫലം തരും. ജീവിതരീതിയില്‍ അനുയോജ്യമായ മാറ്റം വരുത്തുന്നതും ചികിത്സയുടെ ഭാഗമാണ്. ഔഷധങ്ങള്‍ക്കൊപ്പം കച്ചോരാദി ചൂര്‍ണം ഇളം ചൂടുവെള്ളത്തില്‍ ചാലിച്ച്‌ തളം വക്കുന്നത് ആശ്വാസമേകും.
തുളസിയില, ചുക്ക്, തിപ്പല്ലി എന്നിവയിട്ട് തിളപ്പിച്ച വെള്ളം ഇടക്കിടെ കുടിക്കാവുന്നതാണ്. ഇഞ്ചിയോ, നെല്ലിക്കയോ പാട മാറ്റിയ പാല്‍ ചേര്‍ത്ത് തിളപ്പിച്ച്‌ കഴിക്കുന്നത് ഗുണകരമാണ്. ഉഴുന്ന്, തൈര് എന്നിവ ഒഴിവാക്കുക. കറിവേപ്പിലയും മഞ്ഞളും ധാരാളം ചേര്‍ത്ത് കാച്ചിയ മോര് ഉപയോഗിക്കാം. എ.സി, ഫാന്‍ അമിത സ്പീഡില്‍ ഉപയോഗിക്കുക തുടങ്ങിയ ശീലങ്ങള്‍ പരമാവധി കുറക്കുക. ശുചിത്വം കര്‍ശനമായി പാലിക്കുക.
തുളസിയിലയും പനിക്കൂര്‍ക്കയിലയും ഇട്ട് ആവി പിടിക്കുന്നതോടൊപ്പം ഇതേവെള്ളത്തില്‍ മുക്കിയ ടവല്‍കൊണ്ട് വേദനയുള്ള ഭാഗത്ത് ചൂടുനല്‍കാം. ലഘുവായ വ്യായാമങ്ങള്‍ ബാല്യത്തിലേ ശീലിക്കുന്നതും ഗുണം ചെയ്യും.

 
� Infomagic - All Rights Reserved.