ശരീരത്തിലെ മുറിവുകളുടെ അവസ്ഥ കണ്ടറിഞ്ഞ് ചികിത്സിക്കാന്‍ സ്മാര്‍ട്ട് ബാന്‍റേജുകള്‍ വരുന്നു
July 11,2018 | 11:32:50 am

ശരീരത്തിലെ മുറിവുകളുടെ അവസ്ഥ കണ്ടറിഞ്ഞ് ചികിത്സാനിര്‍ദേശങ്ങള്‍ നല്‍കാന്‍ കഴിയുന്ന ബാന്റേജുകളെപ്പറ്റി എപ്പോഴെങ്കിലുംചിന്തിച്ചിട്ടുണ്ടോ? ഉണ്ടെങ്കിലും ഇല്ലെങ്കിലും സംഗതി യാഥാര്‍ഥ്യമായിരിക്കുകയാണ്. സ്‌മോള്‍ (Small) മാഗസിനാണ് മുറിവുകള്‍ കെട്ടിവെക്കുക എന്നതിലുപരി അവ ചികിത്സിക്കുന്നതിനുള്ള വെല്ലുവിളികളെ മറികടക്കാന്‍ ശേഷിയുള്ള സ്മാര്‍ട്ട് ബാന്‍റേജുകളെ പരിചയപ്പെടുത്തുന്നത്.

അമേരിക്കയിലെ ടഫ്റ്റ് സര്‍വകലാശാലയിലെ ഒരുകൂട്ടം എഞ്ചിനീയര്‍മാരാണ് വളരെ പഴക്കം ചെന്ന മുറിവുകളെയുള്‍പ്പെടെ നിരീക്ഷിക്കാനും ആവശ്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാനും കഴിവുള്ള സ്മാര്‍ട്ട് ബാന്‍റേജുകളുടെ ആദ്യരൂപത്തെ അവതരിപ്പിച്ചത്.വിജയകരമായി ലാബ് ടെസ്റ്റ് പൂര്‍ത്തിയാക്കിയ ബാന്‍റേജ്, ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.

പൊള്ളലേറ്റും പ്രമേഹം മൂലവും മറ്റുപല രോഗ കാരണങ്ങളാലും തൊലിപ്പുറത്തുണ്ടാകുന്ന മുറിവുകള്‍ പലപ്പോഴും ത്വക്കിന്റെ ആരോഗ്യത്തെ ദോഷകരമായി ബാധിക്കാറുണ്ട്. ഇവ ത്വക്കിന്‍റെ പുനരുജ്ജീവന ശേഷിയെ ഇല്ലാതാക്കി അണുബാധയ്ക്ക് വരെ വഴിയൊരുക്കിയേക്കാം. ശരീരഭാഗങ്ങള്‍ക്കുണ്ടാവുന്ന വൈകല്യങ്ങളാവാം ഇതിന്റെ അനന്തരഫലം. എന്നാല്‍ പുതുതായി വികസിപ്പിച്ച ബാന്‍റേജുകളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന സെന്‍സറുകള്‍ ത്വക്കിന്‍റെ  താപനിലയിലെ വ്യത്യാസവും അണുബാധയും മനസിലാക്കുന്നു. തുടര്‍ന്ന് ബാന്‍റേജില്‍ നേരത്തേ ഉറപ്പിച്ച ഹീറ്റിങ് എലമെന്‍റുകളും തെര്‍മോ റെസ്‌പോണ്‍സീവ് മരുന്നുകളും മുറിവിനെ പൂര്‍വസ്ഥിതിയിലേക്ക് കൊണ്ടുവരുന്നു.

പ്രായം കൂടിയവരില്‍, പ്രത്യേകിച്ച്‌ പ്രമേഹ രോഗികളില്‍ തൊലിപ്പുറത്തുണ്ടാവാറുള്ള മുറിവുകള്‍ക്ക് പലപ്പോഴും കൃത്യമായ ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാന്‍ ഡോക്ടര്‍മാര്‍ക്ക് കഴിയാറില്ല. മിക്കപ്പോഴും വീട്ടിനുള്ളിലിരുന്നു തനിയെചെയ്യാവുന്ന ചികിത്സാ നിര്‍ദ്ദേശങ്ങള്‍ നല്‍കാറാണെങ്കിലും വാര്‍ധക്യ പ്രശ്‌നങ്ങള്‍ തടസ്സമായി മാറാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ സ്മാര്‍ട്ട്ബാന്റേജുകള്‍ ഉപയോഗിക്കുന്നതിലൂടെ വളരെ ഫലപ്രദമായ രോഗപ്രതിരോധം സാധ്യമാകുന്നുവെന്ന് നിര്‍മ്മാതാക്കള്‍ അവകാശപ്പെടുന്നു. സ്മാര്‍ട്ട്ബാന്‍റേജുകള്‍ കൃത്യമായ നിരീക്ഷണത്തിലൂടെയും പരിമിതമായ പരസഹായത്തോടെയും ആവശ്യമായ ചികിത്സകള്‍ നല്‍കുന്നു.

 
� Infomagic - All Rights Reserved.