അരിയില്‍ മായം തെളിയിച്ചാല്‍ പത്തുലക്ഷം രൂപ ക്യാഷ്‌പ്രൈസ്; വെല്ലുവിളിച്ച് ഓള്‍കേരള റൈസ് മില്‍ അസോസിയേഷന്‍
August 09,2018 | 07:42:58 pm

കൊച്ചി: അരിയിലെ മായം കലര്‍ന്നതായി തെളിയിച്ചാല്‍ പത്തുലക്ഷം രൂപ ക്യാഷ്പ്രൈസ് പ്രഖ്യാപിച്ച് ഓള്‍ കേരളാ റൈസ്മില്‍ അസോസിയേഷന്‍. കേരളത്തിലെ റൈസ് മില്ലുകളില്‍ ഉല്‍പ്പാദിപ്പിക്കുന്ന ഏതെങ്കിലും ബ്രാന്റുകളിലെ അരിയില്‍ കൃത്രിമ നിറങ്ങളോ,റെഡ്ഓക്സൈഡ് ഉള്‍പ്പെടെയുള്ള കെമിക്കലുകളോ ചേര്‍ത്തതായി തെളിയിക്കുന്നവര്‍ക്കാണ് തുക ലഭിക്കുക. ഡബിള്‍ ഹോര്‍സ് ബ്രാന്റിന്റെ മട്ട അരിയില്‍ മായം കലര്‍ന്നതായി സോഷ്യല്‍മീഡിയയില്‍ വാര്‍ത്ത പ്രചരിക്കുന്ന സാഹചര്യത്തിലാണ് റൈസ് മില്‍ അസോസിയേഷന്റെ വെല്ലുവിളി.

സോഷ്യല്‍മീഡിയയില്‍ ഉയര്‍ന്ന ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ഫുഡ് സേഫ്റ്റി വിഭാഗം നടത്തിയ പരിശോധനകളില്‍ ഒരു ബ്രാന്റില്‍ പോലും മായം കണ്ടുപിടിച്ചിട്ടില്ലെന്നും വാസ്തവവിരുദ്ധമായ ആരോപണങ്ങളാണ് പ്രചരിക്കുന്നതെന്നും ഓള്‍ കേരളാ റൈസ് മില്‍ അസോസിയേഷന്‍ സെക്രട്ടറി വര്‍ക്കി പീറ്റര്‍ ഇന്‍ഫോമാജികിനോട് പറഞ്ഞു.
.കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയിലും അരിയില്‍ മായം കലര്‍ന്നതായി കണ്ടെത്തിയിട്ടില്ലെന്നും അദേഹം വ്യക്തമാക്കി. മുന്‍കാലങ്ങളില്‍ നെല്ല് കുത്തി അരിയാക്കിയത് ഉരലും ഉലക്കയും ഉപയോഗിച്ചായിരുന്നു. പിന്നീട് കേരളം ഉണ്ടായിവന്ന റൈസ്മില്ലുകളിലെ മെഷിനറികളും,പ്രൊസസ്സിങ് രീതികളും ഇതിന് സമാനമായിരുന്നു.

എന്നാല്‍ അടുത്തകാലത്തായി തവിടെണ്ണകൂടി വേര്‍തിരിച്ചെടുക്കുന്ന രീതിയാണ് നിലവില്‍ വന്നത്. ഈ സമയത്ത് തവിടെണ്ണ വേര്‍തിരിച്ചെടുക്കുമ്പോള്‍ അല്‍പ്പം പോലും ഉമി കലരാന്‍ പാടില്ല. ഇതിനായി റബര്‍ റോള്‍ ഉപയോഗിച്ച് ഉമി പൂര്‍ണമായും നീക്കുകയും തവിടുമാത്രമുള്ള അരി( ഈ അരിയ്ക്ക് നല്ല ചുവന്ന നിറമാണ് ഉണ്ടാകുക) പിന്നീട് പോളിഷറിലേക്ക് പോകുകയും ചെയ്യുന്നു. ഹൈ പ്രഷറില്‍ പോളിഷ് ചെയ്തെടുക്കുമ്പോള്‍ വളരെകുറച്ച് അനുപാതം ഓയിലുണ്ടാകുന്നുണ്ട്. ഇത് അല്‍പ്പം തവിടുമായി കലര്‍ന്ന് അരിയില്‍ പറ്റിപ്പിടിച്ചിരിക്കും. ഈ തവിടാണ് അരി കഴുകുമ്പോള്‍ ചുവന്ന നിറത്തില്‍ വെള്ളത്തില്‍ കലരുന്നത്.

ഇക്കാര്യം തിരിച്ചറിയാതെയാണ് പലരും ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്ന് സെക്രട്ടറി അവകാശപ്പെടുന്നു. ധാന്യങ്ങളില്‍ റെഡ് ഓക്സൈഡ് ചേര്‍ക്കുന്നുവെന്നത് വെറും വ്യാജപ്രചരണങ്ങള്‍ മാത്രമാണെന്നും ഇത് സംശയമുള്ള ഉപഭോക്താക്കള്‍ക്ക് മില്ലുകളില്‍ വന്ന് സംശയനിവാരണം നടത്താന്‍ അവസരം നല്‍കുമെന്നും അസോസിയേഷന്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസം ചേര്‍ന്ന ഓള്‍കേരളാ റൈസ് മില്‍ അസോസിയേഷന്റെ യോഗത്തിലാണ് പുതിയ തീരുമാനങ്ങള്‍ എടുത്തത്.

 
� Infomagic - All Rights Reserved.