ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ വായിക്കാം.(12-1-2018)
January 12,2018 | 04:44:48 pm

. സുപ്രീംകോടതിയില്‍ അസാധാരണ നാടകീയ സംഭവങ്ങള്‍. രണ്ടു കോടതികള്‍ നിര്‍ത്തി വെച്ച് നാലു ജഡ്ജിമാര്‍ ഇറങ്ങിപ്പോയി. ജസ്റ്റിസ് ജെ. ചെലമേശ്വറിന്റെ നേതൃത്വത്തില്‍ കോടതിമുറി വിട്ട നാലു ജ്ഡിമാര്‍ വാര്‍ത്താ സമ്മേളനം വിളിച്ചു. ജഡ്ജിമാരായ രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി. ലോക്കൂര്‍, കുര്യന്‍ ജോസഫ് എന്നിവരാണ് കോടതി മുറി വിട്ടത്.

. സുപ്രീം കോടതി നിര്‍ത്തി വെച്ച ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കു നേരെ ആരോപണങ്ങളുമായി വാര്‍ത്താ സമ്മേളനം നടത്തി.കുറച്ചു മാസങ്ങളായി സുപ്രീം കോടതിയുടെ പ്രവര്‍ത്തനങ്ങള്‍ ശരിയായ വിധത്തിലല്ല നടക്കുന്നതെന്ന് ചെലമേശ്വറിന്റെ നേതൃത്വത്തിലുള്ള ജഡ്ജിമാര്‍ പറഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ ജഡ്ജിമാര്‍ രംഗത്തെത്തിയതോടെ വിഷയത്തില്‍ പ്രധാനമന്ത്രി ഇടപെടുന്നു. നിയമമന്ത്രി രവിശങ്കര്‍ പ്രസാദിനോട് പ്രധാനമന്ത്രി വിശദീകരണം തേടി.

. ജെഡിയു ഇടത് മുന്നണിയുമായി സഹകരിക്കുമെന്ന് എം.പി വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിലേയ്ക്ക് പോകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് ഇന്നലെ അംഗീകരിച്ചിരുന്നു. ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമായതിന് ശേഷമാണ് വീരേന്ദ്രകുമാര്‍ പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷവുമായി വൈകാരിക ബന്ധമുണ്ടെന്നും. യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ജെഡിയുവിന് രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടായതായി അദ്ദേഹം ആരോപിച്ചു.


. സൊഹ്‌റാബുദിന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസ് പരിഗണിച്ച ജഡ്ജി ബ്രിജ്‌ഗോപാല്‍ ലോയയുടെ ദുരൂഹ മരണം ഗൗരവതരമെന്ന് സുപ്രിം കോടതി. സംഭവത്തില്‍ ലോയയുടെ പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിനായി മഹാരാഷ്ട്ര സര്‍ക്കാരിന് നോട്ടീസ് അയച്ചു. എല്ലാ രേഖകളും ഹാജരാക്കാനും കോടതി നിര്‍ദേശിച്ചു. ജനുവരി പതിനഞ്ചിനകം മറുപടി നല്‍കാനും കോടതി നിര്‍ദേശിച്ചു.

. കമ്യണിസ്റ്റു പാര്‍ട്ടികള്‍ ഒന്നാകണമെന്ന് സിപിഐ. പിളര്‍പ്പിനു കാരണമായ വിഷയങ്ങള്‍ ഇന്നു പ്രസക്തമാണോ എന്ന് പരിശോധിക്കണമെന്നും സിപിഐയുടെ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ പറയുന്നു. ബിജെപിക്കെതിരെ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള കക്ഷികളുടെ വിശാല വേദി വേണമെന്ന് വ്യക്തമാക്കുന്ന സിപിഐ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍, കമ്മ്യൂണിസ്റ്റു പാര്‍ട്ടികളുടെ തത്വാധിഷ്ഠിത പുനരേകീകരണം വേണമെന്നും വിജയവാഡയില്‍ ചേര്‍ന്ന ദേശീയ കൗണ്‍സില്‍ യോഗത്തില്‍ തയ്യാറാക്കിയ രാഷ്ട്രീയ പ്രമേയത്തിന്റെ കരടില്‍ വ്യക്തമാക്കുന്നു.

. ബഹിരാകാശ ചരിത്രത്തിലെ മറ്റൊരു നാഴികക്കല്ലിന് സാക്ഷ്യം വഹിച്ച് ഇന്ത്യ. രാജ്യത്തിന്റെ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐഎസ്ആര്‍ഒ) നൂറാമത് ഉപഗ്രഹവുമായി പിഎസ്എല്‍വിസി40 ബഹിരാകാശത്തേക്ക് കുതിച്ചു. ഐഎസ്ആര്‍ഒയുടെ നൂറാം ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്2 ഉള്‍പ്പെടെ 31 ഉപഗ്രഹങ്ങളുമായാണ് പിഎസ്എല്‍വിസി40 വിജയകരമായി വിക്ഷേപിച്ചത്. രാവിലെ 9.29ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ ബഹിരാകാശകേന്ദ്രത്തില്‍ നിന്നായിരുന്നു വിക്ഷേപണം. ഐഎസ്ആര്‍ഒയുടെ 42-ാമതു ദൗത്യമാണിത്.

. ജയിലില്‍ ആവശ്യമായ സുഖസൗകര്യങ്ങള്‍ ലഭിക്കുന്നില്ലെന്ന പരാതിയുമായി കാലിത്തീറ്റ കുംഭകോണ കേസില്‍ ശിക്ഷ അനുഭവിക്കുന്ന ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ്. ഒരു സധാരണക്കാരനെ പോലെ തന്നെ കാണുന്നുവെന്നു പ്രത്യേക സിബിഐ കോടതി ജഡ്ജിയോട് ലാലു പരാതി ബോധിപ്പിച്ചു. എന്നാല്‍ ജയിലും നിയമവും എല്ലാവര്‍ക്കും ഒരു പോലെയാണെന്ന് കോടതി വ്യക്തമാക്കി.

. യുവതിയെ ഭീഷണിപ്പെടുത്തി മതംമാറ്റി സിറിയയിലേക്ക് കടത്താന്‍ ശ്രമിച്ചുവെന്ന കേസ് കെട്ടിച്ചമച്ചതെന്നു യുവതിയുടെ ഭര്‍ത്താവ്. ഗുജറാത്തില്‍ താമസമാക്കിയ പത്തനംതിട്ട സ്വദേശിയായ യുവതിയാണ് കഴിഞ്ഞ ദിവസം ഭര്‍ത്താവിനും മറ്റുള്ളവര്‍ക്കുമെതിരെ കേസ് നല്‍കിയത്. കേസിനു പിന്നില്‍ ചില ബാഹ്യ ശക്തികളുടെ ഇടപെടലുകള്‍ നടന്നതായി സംശയിക്കുന്നതായും ഇതിനെ നിയമപരമായി നേരിടുമെന്നും യുവതിയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസും പിതാവ് റഷീദും മാധ്യമങ്ങളോട് പറഞ്ഞു.

. മുന്‍നിരയില്‍ ഇരിപ്പിടം അനുവദിച്ചതിനെ തുടര്‍ന്നു പ്രതിപക്ഷ ഉപനേതാവ് എം.കെ.മുനീര്‍ ലോക കേരളസഭയില്‍ തിരിച്ചെത്തി. ഇരിപ്പിടം ഒരുക്കുന്നതില്‍ വീഴ്ച സംഭവിച്ചെന്ന് ആരോപിച്ച് മുനീര്‍ സഭ ബഹിഷ്‌കരിച്ചിരുന്നു. വ്യവസായികള്‍ക്കും പിന്നിലായി മുനീറിന് സീറ്റ് ഒരുക്കിയത്. ഇതില്‍ പ്രതിഷേധിച്ചായിരുന്നു അദ്ദേഹം സഭ ബഹിഷ്‌കരിച്ചത്.

 

 
Related News
� Infomagic - All Rights Reserved.