ഡ്രീംസ് ഇൻ യെല്ലോ ,ടെല്‍സ്ലിന്‍ കണ്ട സ്വപ്‌നങ്ങള്‍
March 01,2018 | 03:35:39 pm

കലാകാരനെ എന്നും മോഹിപ്പിക്കുന്ന നിറമാണ് മഞ്ഞ. മഞ്ഞയുടെ വ്യത്യസ്തമായ ഭാവങ്ങളെ അതിമനോഹരമായി ആവിഷ്‌ക്കരിക്കുകയാണ് ടെൽസ് ലിൻ അഗസ്റ്റിൻ തന്റെ ചിത്രങ്ങളിലൂടെ. ഇവിടെ ഓരോ ചിത്രവും കാഴ്ചക്കാരന് പകർന്നു നൽകുന്നത് സ്വപ്നതുല്യമായ ദൃശ്യാനുഭവമാണ് . കൊച്ചി ദർബാർ ഹാൾ ആർട്ട് സെന്ററിൽ നടക്കുന്ന ചിത്രപ്രദർശനം അതുകൊണ്ടുതന്നെ തികച്ചും വേറിട്ട ഒരു കാഴ്ചയായി മാറുന്നു. മഞ്ഞനിറത്തിൽ ഗൂഢമായിരിക്കുന്ന ഭാവങ്ങളെയാണ് ഡ്രീംസ് ഇൻ യെല്ലോ എന്നു പേരിട്ടിരിക്കുന്ന തന്റെ ചിത്ര പ്രദർശനത്തിലൂടെ ടെൽസ് ലിൻ അതീവ ചാരുതയോടെ ആവിഷ്ക്കരിക്കുന്നത്.

മഞ്ഞനിറത്തോടു എനിക്ക് വാക്കുകൾ കൊണ്ട് പറഞ്ഞറിയിക്കാനാവാത്ത ഒരാസക്തിയുണ്ട്. ആദ്യമായി മഞ്ഞനിറം  മോഹിപ്പിക്കുന്നത് എം . എഫ്. ഹുസ്സൈന്റെ ലാസ്റ്റ് സപ്പർ എന്ന ചിത്രത്തിന്റെ രൂപത്തിലാണ്. മുംബൈയിൽ ജഹാംഗീർ ആർട്ട് ഗാലറിയിൽ മണിക്കൂറുകളോളം ക്യു നിന്നാണ് ആ ചിത്രം കണ്ടത്.
മഞ്ഞയുടെ ആനന്ദകരമായ ഭാവമായിരുന്നു ആ ചിത്രം പകർന്നു തന്നത്. ഡെറാഡൂണിലെ ബുദ്ധവിഹാരങ്ങളിൽ ഉജ്ജ്വലമായ മഞ്ഞ പ്രഭ തൂകി നിൽക്കുന്ന ബുദ്ധന്റെ പൂർണ്ണകായ പ്രതിമയിൽ മഞ്ഞയുടെ പ്രൗഢമായ ആത്മീയതലം തനിക്കു കാണാൻ കഴിഞ്ഞുവെന്ന് ഈ കലാകാരൻ വെളിപ്പെടുത്തുന്നു.. 

ചില ചിത്രങ്ങളുണ്ട്, അതില്‍ വരച്ചിരിക്കുന്നത് എന്താണെന്ന്‍ അത് വരച്ചയാള്‍ക്കു മാത്രമേ ഒരു പക്ഷേ അറിയാനാകൂ. മറ്റൊരാള്‍ക്ക് അത് മനസ്സിലാകണമെങ്കില്‍ ചിത്രകാരന്‍റെ വിശദീകരണം ആവശ്യമായി വരാറുണ്ട്. ഇത്തരം അബ്സ്ട്രാക്റ്റ് ചിത്രങ്ങളോട് ടെല്‍സ്ലിന്‍  എന്ന ചിത്രകാരന്‌ മമതയില്ല.  ടെല്‍സ്ലിനിഷ്ടം റിയലിസ്ടിക്കായ  ചിത്രങ്ങള്‍ വരയ്ക്കാനാണ്.  ചിത്രം കണ്ടാല്‍ വരച്ചിരിക്കുന്നത് എന്താണെന്ന്‍ ആര്‍ക്കും അറിയവുന്നത്ര ലളിതമാണ് ടെല്‍സ്ലിന്‍റെ ചിത്രങ്ങള്‍. തന്‍റെ വീടിന്‍റെ ടെറസില്‍ നിന്ന്‍ കണ്ട കാഴ്ചകള്‍ മുതല്‍ യാത്രകളില്‍ മനസ്സില്‍ പതിഞ്ഞ കാഴ്ചകള്‍ വരെ ടെല്‍സ്ലിന്‍ ക്യാന്‍വാസില്‍ ആക്കിയിട്ടുണ്ട് . 

തൃപ്പുണിത്തുറ ആർ എൽ. വി. കോളേജിൽ നിന്നും ഫൈൻ ആർട്ട്സിൽ ഡിപ്ലോമ നേടിയ ടെൽസ് ലിൻ കൊച്ചി, പാലാരിവട്ടം സ്വദേശിയാണ്. കഴിഞ്ഞ 25-ലേറെ വർഷക്കാലമായി പരസ്യരംഗത്തു പ്രവർത്തിച്ചുവരുന്നു. കേരളത്തിലെ പ്രമുഖ ബ്രാൻഡുകൾക്കുവേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. മുംബൈയിലെ വാസക്കാലമാണ് തന്റെ കലാജീവിതത്തിനു വ്യക്തമായ ദിശാബോധം നൽകിയതെന്ന് ടെൽസ് ലിൻ പറയുന്നു. മുംബൈയിലെ പ്രമുഖ പരസ്യ ഏജൻസികളിൽ ആർട്ട് ഡയറക്ടറായി സേവനമനുഷ്ഠിക്കാനും, ലോകപ്രശസ്തരായ കലാകാരന്മാരെ അടുത്തറിയുവാനും വഴിയൊരുക്കിയത് മുംബൈ എന്ന മഹാ നഗരമാണെന്ന് ഈ കലാകാരൻ പറഞ്ഞു.

 

മഞ്ഞയുടെ രൗദ്രമായ ഭാവം തന്നെ ഭയപ്പെടുത്തിയതു ഗൾഫിലെ മണലാരുണ്യങ്ങളിലാണെന്നു ടെൽസ് ലിൻ പറയുമ്പോൾ വാക്കുകളിൽ ഭയത്തിന്റെ ലാഞ്ചന. ആ നിശബ്ദതയുടെ വന്യമായ നിറപ്പകർച്ചകളും ഇപ്പോഴും ഒരു പേടിസ്വപ്നം പോലെ തന്നെ പിന്തുടരുന്നുവെന്നു ഈ കലാകാരൻ പ്രേക്ഷകരോട് പറയുന്നു. മഞ്ഞയുടെ ആത്മാവ് തേടിയുള്ള അവിരാമമായ യാത്രകളാണ് ഡ്രീംസ് ഇൻ യെല്ലോ എന്ന ചിത്ര പ്രദർശനത്തിലേയ്ക്ക് ടെൽസ് ലിന് പ്രേരണയും പ്രചോദനവുമായത് . പ്രദർശനം മാർച്ച് 4 ന് സമാപിക്കും.

 

 

 
� Infomagic - All Rights Reserved.