ചര്‍മ്മത്തെ പൊന്നുപോലെ കാക്കാം
December 27,2017 | 03:03:26 pm

ചില കരുതലുകളിലൂടേയും മുന്നൊരുക്കങ്ങളിലൂടേയും മഞ്ഞുകാലത്ത് മാത്രമല്ല എല്ലാ കാലത്തും ചര്‍മത്തിന്‍റെ എല്ലാ പ്രശ്നങ്ങളേയും അതിജീവിക്കാം.

വരണ്ട ചര്‍മത്തിന്

തണുപ്പും ചൂടും മാറി മാറി വരുന്ന കാലാവസ്ഥയില്‍ ചര്‍മം വരണ്ടുപോവുന്നതാണ് മിക്കയാളുകളും നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി. ചര്‍മം വരണ്ടതാണെങ്കില്‍ ചര്‍മത്തിന് ചേരുന്ന മോയിസ്ചറൈസര്‍ ഉപയോഗിക്കുക എന്നതാണ് ഏറ്റവും നല്ല പരിഹാരം. ദിവസേനയുള്ള ഉപയോഗത്തിനായി എസ്​പിഎഫ് അടങ്ങിയ മോയിസ്ചറൈസര്‍ വേണം ഉപയോഗിക്കാന്‍. രാവിലെയും വൈകുന്നേവും കുളിക്ക് ശേഷം വേണം മോയിസ്ചറൈസര്‍ ക്രീം ഉപയോഗിക്കുന്നതാണ് നല്ലത്.

സണ്‍സ്ക്രീന്‍ ക്രീം പതിവാക്കാം

കഠിനമായ ചൂടേല്‍ക്കുന്നത് തൊലിപ്പുറത്ത് കരുവാളിപ്പുണ്ടാക്കാനും ചര്‍മം വരളാനും കാരണമാവും. ഇത് ഒഴിവാക്കാന്‍ സണ്‍ സ്ക്രീന്‍ പുരട്ടിയതിനു ശേഷം വെയിലത്തിറങ്ങുന്നതാണ് നല്ലത്. എസ്​പിഎഫ് (SPF) റേറ്റിങ് കുറഞ്ഞത് 15 എങ്കിലുമുള്ള ഒരു ബ്രോഡ്-സ്പെക്‌ട്രം സണ്‍സ്ക്രീന്‍ ഉപയോഗിക്കുക. സ്ഥിരം പുറത്തിറങ്ങുന്നവരാണെങ്കില്‍ മൂന്ന് മണിക്കൂര്‍ ഇടവേളയിലെങ്കിലും സണ്‍ സ്ക്രീന്‍ ഉപയോഗിക്കണം.  ചര്‍മ സംരക്ഷണത്തിന് മുന്‍തൂക്കം നല്‍കുന്നവര്‍ രാവിലെ 10 നും ഉച്ചയ്ക്ക് 2 നും ഇടയിലുള്ള സമയത്ത് സൂര്യപ്രകാശമേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. ഈ സമയത്ത് സൂര്യപ്രകാശം ശക്തിയേറിയതായിരിക്കും.

വസ്ത്രം കൊണ്ട് തടയാം പ്രശ്നങ്ങളെ

കാലാവസ്ഥ മാറിമാറി വരുമ്പോള്‍ ധരിക്കുന്ന വസ്ത്രം ചര്‍മത്തിന് സംരക്ഷണം നല്‍കുന്നതായിരിക്കണം. കൈയും കാലും മറയുന്ന തരത്തിലുള്ള വസ്ത്രങ്ങള്‍ വേണം ധരിക്കാന്‍. സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ തൊപ്പിയോ മറ്റോ ധരിക്കുന്നതും നല്ലതാണ്. തണുപ്പായാലും ചൂടായാലും ചര്‍മത്തില്‍ നേരെ സ്വാധീനിക്കാന്‍ കഴിയാത്ത തരത്തിലുള്ളതായിരിക്കണം വസ്ത്രം.

വീര്യമേറിയ സോപ്പുകള്‍ ഉപേക്ഷിക്കുക

വീര്യമേറിയ സോപ്പുകളും ഡിറ്റര്‍ജന്റുകളും ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. ഇവയ്ക്ക് പകരം വീര്യം കുറഞ്ഞവ തിരഞ്ഞെടുക്കുക. കുളിയുടെ സമയം ചുരുക്കുക. ചൂടുവെള്ളത്തിലുള്ള കുളിയും കൂടുതല്‍ നേരം ഷവറിനു കീഴില്‍ നില്‍ക്കുന്നതും നിങ്ങളുടെ ചര്‍മത്തിലെ എണ്ണമയം ഇല്ലാതാക്കും. കുളിയുടെ ദൈര്‍ഘ്യം അല്ലെങ്കില്‍ ഷവറിനു കീഴില്‍ നില്‍ക്കുന്ന സമയം കുറയ്ക്കുക. ചൂടുവെള്ളത്തിനു പകരം ഇളം ചൂടുള്ള വെള്ളം ഉപയോഗിക്കുക.

ധാരാളം വെള്ളം കുടിക്കുക

മഞ്ഞുകാലത്ത് മാത്രമല്ല, ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മത്തിന്റെ തിളക്കം നിലനിര്‍ത്താന്‍ സഹായിക്കും. മഞ്ഞുകാലത്ത് ചുണ്ടും മുഖവും വരണ്ടു പോവുന്നത് നിയന്ത്രിക്കാന്‍ വെള്ളത്തിന് സാധിക്കും. ധാരാളം വെള്ളം കുടിക്കുന്നത് ചര്‍മം മൃദുവാകാന്‍ സഹായിക്കും.

പോഷകസമൃദ്ധമായ ആഹാരം കഴിക്കുക

ധാരാളം പഴങ്ങളും പച്ചക്കറികളും ധാന്യങ്ങളും പ്രോട്ടീനുകളും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുക. വൈറ്റമിന്‍ സി സമ്പുഷ്ടവും അനാരോഗ്യകരമായ കൊഴുപ്പ് ഉള്‍പ്പെടാത്തതും ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റുകള്‍ അടങ്ങിയതുമായ ഭക്ഷണം ചര്‍മ്മത്തിന്റെ യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

Related News
� Infomagic - All Rights Reserved.