കറുപ്പിന് എന്താണ് കുഴപ്പം? #whocarescolour ക്യാംപയിൻ തരംഗമാകുന്നു...
December 05,2017 | 10:11:09 am

നിറമാണോ സൗന്ദര്യത്തിന്‍റെ അളവുകോല്‍? ഇരുണ്ട നിറമുള്ള ആഫ്രിക്കന്‍ സുന്ദരികള്‍ പലപ്പോഴും ലോകസുന്ദരിപ്പട്ടം സ്വന്തമാക്കിയിട്ടുണ്ട്. എങ്കിലും കറുപ്പിലെ സൗന്ദര്യത്തെ അംഗീകരിക്കാന്‍ വലിയൊരു വിഭാഗം ആളുകള്‍ ഇന്നും വിമുഖത കാണിക്കുന്നു. പുതുമകളുടെയും വ്യത്യസ്തതകളുടെയും പിന്നാലെയോടുന്ന ഫാഷന്‍ രംഗത്ത് പോലും കറുപ്പ് ഇപ്പോഴും കുറച്ച് തീണ്ടാപ്പാടകലെയാണ്.

വെളുപ്പാണ് സൗന്ദര്യമെന്നും വെളുത്ത ചര്‍മ്മത്തിന് ഫെയര്‍നെസ് ക്രീമും ബ്യൂട്ടീ സോപ്പുകളും മറ്റും ഉപയോഗിക്കണമെന്നുമൊക്കെയുള്ള പരസ്യവാചകങ്ങള്‍ കാലങ്ങളായി നമുക്ക് പരിചിതമാണ്. ഇത്തരം പരസ്യങ്ങള്‍ പൊതുജനങ്ങളില്‍ സൃഷ്ടിക്കുന്ന അപകര്‍ഷതാ ബോധത്തിന്‍റെ ഫലമായാണ് സൗന്ദര്യവര്‍ദ്ധക ഉത്പന്നങ്ങളെല്ലാം വിറ്റുപോകുന്നത്. അത്തരം അപകര്‍ഷതാ ബോധം സാമാന്യം വലിയ അളവില്‍ത്തന്നെ സമൂഹത്തില്‍ കുത്തിനിറയ്ക്കുന്നതിന് ഇക്കാലമത്രയും പരസ്യങ്ങള്‍ വിജയിച്ചിട്ടുമുണ്ട്. പൊതുവില്‍ സമൂഹത്തിലുണ്ടായിരുന്ന കറുപ്പിനോടുള്ള അവഗണനയെ പരസ്യങ്ങള്‍ ഊട്ടിയുറപ്പിച്ചു.

കലയും കഴിവും വരെ മാറ്റിനിര്‍ത്തപ്പെടുകയും പകരം കറുപ്പും വെളുപ്പും മാനദണ്ഡമാവുകയും ചെയ്യുന്ന ഒട്ടനവധി സംഭവങ്ങള്‍ അനുഭവം കൊണ്ടുതന്നെ അറിഞ്ഞവര്‍ നിരവധിയുണ്ടാകും. ഒപ്പനയിലെ മണവാട്ടിയായും നാടകങ്ങളിലെ രാജകുമാരിമാരായും എല്ലാ കാലവും നമുക്ക് വേണ്ടത് വെളുത്തവരെയാണ്. വംശീയ അധിക്ഷേപങ്ങളിലെ കറുപ്പിന്‍റെയും വെളുപ്പിന്‍റെയും രാഷ്ട്രീയമാണ് ഇവയൊക്കെയും ചൂണ്ടിക്കാട്ടുന്നത്.

ഒരു പ്രാദേശികഭാഷയ്ക്ക് വേണ്ടതിലേറെ ഫാഷന്‍ മാഗസിനുകള്‍ ഇന്ന് കേരളത്തിലുണ്ട്. എന്തുകൊണ്ടാണ് ഒരു കറുത്ത മുഖം, കറുത്ത മോഡല്‍ ഇവയുടെ കവര്‍ പേജുകളില്‍ പ്രത്യക്ഷപ്പെടാത്തത്? ഇവിടെയും കറുപ്പ് രണ്ടാംകിട തന്നെയായി തുടരുന്നു. ഇതിനൊരു മാറ്റമെന്ന് അവകാശപ്പെടാനുള്ളത് ഈ ലക്കത്തെ ‘വനിത’ മാസികയാണ്. ചോക്ലേറ്റ് നിറമുള്ള മരിയ ഫ്രാന്‍സിസ് ആണ് ഈ ലക്കത്തെ വനിത കവര്‍ഗേള്‍. കറുപ്പിന്‍റെ സൗന്ദര്യം ക്യാമറയിലൂടെ ഒപ്പിയെടുത്തിരിക്കുന്നത് വനിത ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവാണ്. കറുപ്പും വെളുപ്പുമല്ല സൗന്ദര്യത്തിന്‍റെ അളവുകോല്‍ എന്നതിന് അടിവരയിട്ടുകൊണ്ട് വനിത ആരംഭിച്ച ‘ഹു കെയേഴ്സ് കളര്‍’ എന്ന ക്യാംപെയിനും നവമാധ്യമങ്ങളില്‍ ശ്രദ്ധ നേടിക്കഴിഞ്ഞു.

ഓരോ ദിവസവും ഇരുണ്ടതില്‍ നിന്ന് വെളുപ്പിലേക്ക് സഞ്ചരിക്കാനാണ് പരസ്യങ്ങള്‍ പറയാതെ പറയുന്നതെങ്കില്‍, കറുപ്പിനെക്കൂടി അംഗീകരിക്കുന്ന രീതിയില്‍ വെയ്ക്കുന്ന ചുവടുകള്‍ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കപ്പെടേണ്ടതാണ്. തൊലി നിറത്തിന്‍റെ പേരില്‍ അധിക്ഷേപിക്കപ്പെടുന്ന നിരവധി പേര്‍ക്ക് ഇത്തരം ചുവടുവെപ്പുകള്‍ കരുത്തേകും. സൗന്ദര്യമെന്നാല്‍ വെളുപ്പല്ലെന്നും, സ്വന്തം നിറത്തില്‍ ആനന്ദിക്കുകയാണ് വേണ്ടതെന്നുമുള്ള സന്ദേശം സമൂഹത്തിലേക്കെത്തിക്കാന്‍ കഴിഞ്ഞാല്‍ അത് വലിയ മാറ്റങ്ങള്‍ക്ക് വഴിവെച്ചേക്കാം. അത്തരമൊരു മാറ്റത്തിന് തുടക്കംകുറിച്ച വനിതയും ഫോട്ടോഗ്രാഫര്‍ ശ്യാം ബാബുവും അഭിനന്ദനമര്‍ഹിക്കുന്നു.

 
Related News
� Infomagic - All Rights Reserved.