നാടോടുമ്പോള്‍ പുറം തിരിഞ്ഞോടുന്ന ഡിസ് ലൈക്ക് മണ്ടന്‍മാര്‍
January 02,2018 | 04:06:46 pm

ഞാനും എനിയ്ക്ക് ഇഷ്ടപ്പെട്ടതുമാണ് ലോകത്തിലെ ഏറ്റവും മനോഹരവും അംഗീകരിക്കപ്പെട്ടതുമായ കാര്യം. ബാക്കിയെല്ലാം വളരെ മോശമാണ്. ഇനി അതല്ലെങ്കില്‍ അങ്ങിനെയാവണം. അല്ലെങ്കില്‍ അങ്ങിനെയാക്കി തീര്‍ക്കും. പറഞ്ഞു വന്നത് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നുവന്ന ഡിസ് ലൈക്ക് രാഷ്ട്ട്രീയത്തെ കുറിച്ചാണ്.

മേല്‍പറഞ്ഞ രീതിയിലാണ് ഓരോ മനുഷ്യന്റേയും ഉള്ളിലിരിപ്പെങ്കിലും നമ്മള്‍ക്ക് ഇഷ്ടമായ കാര്യം അല്ലെങ്കില്‍ അങ്ങിനെ തന്നെയാണെന്ന് നമുക്ക് നൂറ് ശതമാനവും ഉറപ്പില്ലെങ്കില്‍ പോലും അത് പൊതു സമൂഹത്തില്‍ ഉറക്കെ പറയാന്‍ ആര്‍ക്കും അത്ര ധൈര്യമുണ്ടായിരുന്നില്ല. ആ പൊതുബോധത്തെയാണ് സോഷ്യല്‍ മീഡിയയുടെ കടന്നു വരവോടെ സംഘടിതമായി തകര്‍ക്കാന്‍ ശ്രമിക്കുന്നത്. മമ്മൂട്ടി അഭിനയിച്ച ഒരു സിനിമ മുന്നോട്ട് വെച്ച പ്രമേയത്തിലെ വിയോജിപ്പ് പാര്‍വതി മുന്നോട്ട് വെച്ചതിനെ തുടര്‍ന്നുണ്ടായ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള ചര്‍ച്ചകളെ പോസിറ്റീവായി കാണാം. എന്നാല്‍ ഇതിലെ സംഘടിത പൊങ്കാലയാണ് ആരാധകര്‍ എന്ന് വിളിക്കുന്നവരോടുള്ള ഏക വിയോജിപ്പ്.

ഞങ്ങളുടെ ബിംബങ്ങളെ തൊട്ടാല്‍ ഞങ്ങള്‍ ശരിയാക്കി കളയും. ഇതാണ് നയം. പക്ഷേ എനിയ്ക്ക് വേണ്ടി ശബ്ദിക്കാന്‍ ഞാന്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മമ്മൂട്ടിയ്ക്ക് തന്നെ വിളിച്ചു പറയേണ്ടിടത്തേക്ക് കാര്യങ്ങള്‍ നീക്കിയത് ഇതേ ഡിസ് ലൈക്ക് മണ്ടന്‍മാരാണ്. നെല്ലും പതിരും തിരിച്ചറിയാന്‍ കഴിയുന്ന ഒരു വലിയ സമൂഹം ഈ ഡിസ് ലൈക്ക് കോമാളി കൂട്ടത്തെ കണ്ട് ചിരിക്കുകയാണ്. ഇനി കേരളത്തിലെ ഒരു കുട്ടിയ്ക്കും മൈ സ്‌റ്റോറി എന്ന സിനിമാ ഗാനത്തെ കുറിച്ച് അറിയാതിരിക്കാന്‍ വഴിയില്ല. മുന്‍പ് നെഗറ്റീവ് പബ്ലിസിറ്റിയിലൂടെ കേരളത്തില്‍ തരംഗം തീര്‍ത്തത് സന്തോഷ് പണ്ഡിറ്റ് ആണെങ്കില്‍ അതിന് പോലും നേരും നെറിയും നിഷ്‌കളങ്കതയുമുണ്ടായിരുന്നു. അതില്ലാത്ത നിലവാരം കുറഞ്ഞ അരലക്ഷത്തിലധികം വരുന്ന ആരാധക കൂട്ടമല്ല മലയാളിയുടെ പൊതുബോധമെന്ന് അവര്‍ തിരിച്ചറിയണം.

ദിലീപ് അറസ്റ്റിലായതിന് ശേഷം രാമലീല എന്ന സിനിമയ്‌ക്കെതിരെ പ്രചരണം തിരിച്ചു വിടാനുള്ള തന്ത്രം ഇതേ രീതിയില്‍ മുന്‍പ് അരങ്ങേറിയത് നമ്മള്‍ മലയാളികള്‍ കണ്ടതാണ്. പക്ഷേ നല്ല സിനിമയ്‌ക്കൊപ്പം എന്ന പ്രചരണവുമായി മറ്റൊരു വിഭാഗവും അന്ന് അണി നിരന്നു. ഫലം എന്തായിരുന്നു. സിനിമ നല്ലതായതിനാല്‍ യഥാര്‍ത്ഥ പ്രേക്ഷകര്‍ സിനിമ ഏറ്റെടുത്തു. ഏട്ടന്റെ സിനിമ വിജയിച്ചെന്ന് ആരാധകരും, ഫാന്‍സിനെ കയറ്റി ജയിപ്പിച്ചെന്ന് എതിര്‍പക്ഷക്കാരും പറയുമ്പോഴും മലയാളിയുടെ പൊതുബോധമാണ് ഇവിടെ ജയിച്ചു കയറിയത്. പാര്‍വതി തുടങ്ങിയ വിവാദം കേട്ടാലറയ്ക്കുന്ന പച്ച തെറികളാല്‍ മുന്നോട്ട് കൊണ്ടുപോകുമ്പോള്‍ മഹാനടന്‍ തന്നെ അതിന് വിരാമമിടാന്‍ രംഗത്തെത്തിയിട്ടും അതുപോലും കേള്‍ക്കാന്‍ തയ്യാറാകാത്ത ഈ കൂട്ടം അദ്ദേഹത്തെ കൂടെ അപമാനിക്കുകയാണ്. ചളിയില്‍ വീണവന്‍ കണ്ടു നില്‍ക്കുന്നവരുടെ ശരീരത്തിലേക്ക് ചളി വാരിയെറിയുന്നത് പോലെ ഇവര്‍ സ്വയം അപഹാസ്യരാവുന്നു.

ഈ അരലക്ഷത്തിലധികം വരുന്ന ഡിസ് ലൈക്കുകാര്‍ വിചാരിച്ചിട്ട് മഹാ നടന്റെ മാസ്റ്റര്‍ പീസ് തിയേറ്ററില്‍ മാസ് ആയെന്ന് പറയപ്പെടുന്നുണ്ടെങ്കിലും സോഷ്യല്‍ മീഡിയയില്‍ ചിത്രത്തിന് വലിയ പിന്തുണ കിട്ടിയതായി കാണാനായില്ല. അത് മഹാ നടന്‍റെ കുഴപ്പമല്ല. പ്രേക്ഷകന്റെ വിവേചനാധികാരമാണ്. അതേസമയം, മായാനദി, വിമാനം തുടങ്ങിയ സിനിമകളുടെ സ്ഥിതി നേരെ തിരിച്ചാണ്. പ്രതികൂല സാഹചര്യങ്ങളെ തരണം ചെയ്ത് തീയേറ്ററില്‍ വന്‍ കളക്ഷന്‍ നേടാന്‍ ഇവയ്ക്കായില്ലെങ്കിലും, സോഷ്യല്‍മീഡിയയില്‍ മികച്ച പ്രേക്ഷകപ്രതികരണങ്ങള്‍ നേടാന്‍ ഇവയ്ക്ക് കഴിഞ്ഞു.  ആഷിഖ് അബു, റിമ കല്ലിങ്കല്‍ എന്നിവര്‍ സമീപകാല സംഭവങ്ങളോട് എങ്ങിനെ പ്രതികരിക്കുന്നു എന്ന് എല്ലാവര്‍ക്കുമറിയാം. അത്തരം കാര്യങ്ങളില്‍ പലരുടെയും ആരാധകര്‍ക്ക് യോജിപ്പുകളും വിയോജിപ്പുകളും ഒക്കെയുണ്ടാകും. എന്നാല്‍ അതേ അളവില്‍ തന്നെ മായാനദി എന്ന സിനിമയെ തൂക്കി നോക്കാന്‍ മലയാളിയ്ക്ക് കഴിയില്ലെന്നാണ് ചിത്രത്തിന് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്ന സപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നത്. അതുപോലെ നിലപാട് വെട്ടിതുറന്ന് പറയുന്ന ഡിസ് ലൈക്കുകാര്‍ ഇല്ലാതാക്കാന്‍ ശ്രമിയ്ക്കുന്ന മൈ സ്റ്റോറിയിലെ നായകന്റെ വിമാനത്തിനും പ്രേക്ഷക പ്രതികരണങ്ങളിലേറെയും ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഇവിടെ കലയാണെങ്കിലും കാര്യമാണെങ്കിലും പറഞ്ഞാല്‍ മനസ്സിലാകുന്ന ഒരു വലിയ വിഭാഗം ആളുകളുണ്ട്. നിങ്ങളുടെ തെറിവിളികളാലും, കൂക്കിവിളിയാലും, ഡിസ് ലൈക്കുകളാലും അവരുടെ വിവേചനാധികാരത്തെ മാറ്റിതീര്‍ക്കാനാവില്ല. ഡിസ് ലൈക്ക് മണ്ടന്‍മാര്‍ പുറം തിരിഞ്ഞോടട്ടെ പക്ഷേ നാടോടുക തന്നെയാണ്.

 
Related News
� Infomagic - All Rights Reserved.