നോട്ട് നിരോധനത്തെയും ജിഎസ്ടിയെയും അനുകൂലിച്ച് മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ്
January 13,2018 | 08:31:39 am

തിരുവനന്തപുരം: നോട്ട് നിരോധനത്തെയും ചരക്കു സേവന നികുതി(ജിഎസ്ടിയെ)യെയും പിന്തുണച്ചു മുഖ്യമന്ത്രി പിണറായി വിജയന്റെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാ ഗോപിനാഥ്. ജിഎസ്ടി ഇപ്പോള്‍ ഒട്ടേറെ പ്രശ്‌നങ്ങളും തടസങ്ങളും സൃഷ്ടിക്കുന്നുണ്ടെങ്കിലും സമീപഭാവിയില്‍തന്നെ അതിന്റെ ഗുണഫലങ്ങള്‍ ജനങ്ങള്‍ക്കു ലഭിച്ചു തുടങ്ങുമെന്ന് അവര്‍ പറഞ്ഞു. നോട്ട് നിരോധനം ഇല്ലായിരുന്നുവെങ്കില്‍ ജിഎസ്ടി കുറേക്കൂടി ഫലപ്രദമായി നടപ്പാക്കാമായിരുന്നു.

നോട്ട് നിരോധനവും ജിഎസ്ടിയും നടപ്പാക്കിയതില്‍ ചില പാളിച്ചകള്‍ സംഭവിച്ചു. പ്രചാരത്തിലിരുന്ന എല്ലാ കറന്‍സിയും എത്തില്ലെന്നായിരുന്നു നോട്ട് നിരോധനം പ്രഖ്യാപിക്കുമ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കരുതിയിരുന്നത്. മറിച്ചാണ് സംഭവിച്ചത്. എന്നാല്‍ സര്‍ക്കാര്‍ അഴിമതിക്കും കള്ളപ്പണത്തിനുമെതിരെ ശക്തമായ നിലപാടാണ് സ്വകരിക്കുന്നതെന്ന സന്ദേശം നല്‍കാന്‍ നോട്ട് നിരോധനം വഴി കഴിഞ്ഞുവെന്നും ഗീതാ ഗോപിനാഥ് അഭിപ്രായപ്പെട്ടു.

ജിഎസ്ടി ധൃതിയില്‍ നടപ്പാക്കിയതുമൂലം പരക്കെ ആശയക്കുഴപ്പമുണ്ടാക്കി. സംസ്ഥാനത്തെ സാമ്പത്തിക പ്രതിസന്ധി സംബന്ധിച്ച ചോദ്യങ്ങളോട് ഗീത പ്രതികരിച്ചില്ല. കൂടുതല്‍ വനിതകള്‍ ലോകകേരള സഭയിലേക്ക് കടന്നുവരണമെന്നും ഗീതാ ഗോപിനാഥ് പറഞ്ഞു. ജിഎസ്ടി നടപ്പാക്കിയപ്പോള്‍ സംസ്ഥാനത്തിന് ഉദ്ദേശിച്ച സാമ്പത്തിക നേട്ടം ലഭിച്ചില്ലെന്ന് കഴിഞ്ഞ ദിവസം പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ജിഎസ്ടിയെ എതിര്‍ത്തപ്പോഴും സംസ്ഥാനത്തിന് നേട്ടമുണ്ടാകുമെന്ന് കരുതിയിരുന്നു. എന്നാല്‍ ഉപഭോക്തൃ സംസ്ഥാനമെന്ന നിലയില്‍ പ്രതീക്ഷിച്ച നേട്ടം ലഭിച്ചില്ലെന്നും സിപിഎം കൊല്ലം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തു പിണറായി വിജയന്‍ അഭിപ്രായപ്പെട്ടിരുന്നു. നോട്ട് നിരോധനത്തെ എതിര്‍ക്കുന്ന സമീപനമാണ് തുടക്കംമുതല്‍ സിപിഎം സ്വീകരിച്ചത്.

 
Related News
� Infomagic - All Rights Reserved.