ജെഡിയു ഇടത് മുന്നണിയില്‍...വീരേന്ദ്രകുമാര്‍ പ്രഖ്യാപനം നടത്തി
January 12,2018 | 04:24:22 pm

കോഴിക്കോട്: ജെഡിയു ഇടത് മുന്നണിയുമായി സഹകരിക്കുമെന്ന് വീരേന്ദ്രകുമാര്‍ പ്രഖ്യാപിച്ചു. ഇടതു മുന്നണിയിലേയ്ക്ക് പോകാന്‍ ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിച്ചതിന് പിന്നാലെ ഇന്ന് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ അന്തിമ തീരുമാനമായതിന് ശേഷമാണ് വീരേന്ദ്രകുമാര്‍ പ്രഖ്യാപനം നടത്തിയത്. ഇടതുപക്ഷമായി വൈകാരിക ബന്ധമുണ്ടെന്നും അദ്ദേഹം പറഞ്ഞു.  യുഡിഎഫിനൊപ്പം നിന്നപ്പോള്‍ ജെഡിയുവിന് രാഷ്ട്രീയമായി വലിയ നഷ്ടമുണ്ടായതായി അദ്ദേഹം ആരോപിച്ചു.

ജെഡിയു സംസ്ഥാന സെക്രട്ടറിയേറ്റില്‍ ഇടത് മുന്നണിയില്‍ പ്രവേശിക്കാനുള്ള തീരുമാനത്തെ 14 ജില്ലാ പ്രസിഡന്റുമാരും ഇന്നലെ അനുകൂലിച്ചിരുന്നു. ഏകകണ്ഠമായാണ് തീരുമാനമെടുത്തതെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശേഷം സംസ്ഥാന ജനറല്‍ സെക്രട്ടറി വര്‍ഗീസ് ജോര്‍ജ് അറിയിച്ചു.എല്‍ഡിഎഫിലേക്ക് പോകാന്‍ ഇതാണ് അനുയോജ്യമായ സമയമെന്ന് സംസ്ഥാന അധ്യക്ഷന്‍ എം. പി വീരേന്ദ്രകുമാര്‍ യോഗത്തില്‍ പറഞ്ഞു.ബിജെപി ചേരിക്കൊപ്പം നില്‍ക്കുന്ന നിതീഷ് കുമാറിന്റെ പാര്‍ട്ടിയുടെ എം. പിയായി തുടരാനാകില്ലെന്ന നിലപാട് കൈക്കൊണ്ട് പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ എം. പി. വീരേന്ദ്രകുമാര്‍ രാജ്യസഭാംഗത്വം രാജിവെച്ചിരുന്നു. ഇത് ഇടത് മുന്നണി പ്രവേശനത്തിന് വേണ്ടിയായിരുന്നു എന്നാണ് രാഷ്ട്രീയ നിരീക്ഷണം.

ഇടതു മുന്നണിയിലേയ്ക്ക് വരാന്‍ ജനതാദള്‍ (യു) തീരുമാനിച്ചത് സ്വാഗതാര്‍ഹമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും പ്രതികരിച്ചിരുന്നു. നേരത്തെ അവര്‍ ഇടത് മുന്നണി വിട്ടപ്പോള്‍ തന്നെ ആ തീരുമാനം പുനരാലോചിയ്ക്കണമെന്ന് അവരോട് ആവശ്യപ്പെട്ടിരുന്നു. ജെഡിയു യു.ഡി.എഫ് വിടുന്നതോടെ ഐക്യജനാധിപത്യമുന്നണി കൂടുതല്‍ ദുര്‍ബലമാകുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ജെ.ഡി.യു വിന് വേണ്ടി വാതില്‍ തുറന്നിട്ടിരിക്കുകയാണ്. യാതൊരു ഉപാധികളും അവര്‍ മുന്നില്‍ വെച്ചിട്ടില്ലെന്നും കോടിയേരി കഴിഞ്ഞ ദിവസം വ്യക്തമാക്കി. ശ്രേയാംസ് കുമാര്‍ എം.എല്‍.എ ഇടത് മുന്നണി കണ്‍വീനര്‍ വൈക്കം വിശ്വനും സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരിയുമായി കൂടി കാഴ്ച്ചയും നടത്തി.

 
Related News
� Infomagic - All Rights Reserved.