ലൗ ജിഹാദിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തര വകുപ്പ്
January 03,2018 | 09:46:10 am

തിരുവനന്തപുരം: കേരളത്തില്‍ പെണ്‍കുട്ടികളെ മതംമാറ്റാനായി സംഘടിതരീതിയില്‍ പ്രണയക്കെണിയില്‍പ്പെടുത്തുന്നതിന് (ലൗ ജിഹാദ്) തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ അന്വേഷണരേഖ. അന്വേഷണ രേഖ സംബന്ധിച്ച് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. റിപ്പോര്‍ട്ടിന്റെ പൂര്‍ണ്ണരൂപം താഴെ...

വ്യക്തികളുടെ സ്വാധീനത്തിലും പ്രണയവിവാഹങ്ങള്‍ വഴിയും ഒട്ടേറെ പെണ്‍കുട്ടികള്‍ ഇസ്ലാംമതം സ്വീകരിച്ചിട്ടുണ്ട്. ഇത് ലൗ ജിഹാദാണെന്നതിന് തെളിവില്ലെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പ് നടത്തിയ രഹസ്യപഠനത്തില്‍ പറയുന്നു. കേന്ദ്ര രഹസ്യാന്വേഷണവിഭാഗത്തിന്റെ സഹകരണത്തോടെയാണ് ഇസ്ലാമിലേക്കുള്ള മതപരിവര്‍ത്തനത്തെക്കുറിച്ച് പഠനം നടത്തിയത്.

കേരളത്തില്‍ ലൗ ജിഹാദ് ഉണ്ടായിരുന്നുവെന്ന് മുന്‍ പോലീസ് മേധാവിയും ഇന്റലിജന്‍സ് മേധാവിയുമായിരുന്ന ടി.പി. സെന്‍കുമാറിന്റെ വെളിപ്പെടുത്തലിന് വിരുദ്ധമാണ് പഠനറിപ്പോര്‍ട്ട്. ലൗ ജിഹാദ് വിഷയത്തില്‍ ഹൈക്കോടതി നിര്‍ദേശപ്രകാരം രണ്ടു കേസുകളില്‍ അന്വേഷണം നടത്തിയിരുന്നതായി സെന്‍കുമാര്‍ പറഞ്ഞിരുന്നു. രണ്ടുകേസിലും പ്രണയം നടിച്ച് പെണ്‍കുട്ടികളെ മറ്റുവഴിക്ക് കൊണ്ടുപോയതായി തെളിഞ്ഞുവെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. ഫലത്തില്‍ ഇത് തള്ളുന്നതാണ് പുതിയ റിപ്പോര്‍ട്ട്.

2011 മുതല്‍ 2016 വരെ 7299 പേര്‍ കേരളത്തില്‍ ഇസ്ലാംമതം സ്വീകരിച്ചതായി ആഭ്യന്തരവകുപ്പിന്റെ റിപ്പോര്‍ട്ട് പറയുന്നു. വര്‍ഷം ശരാശരി 1216 പേരാണ് ഇസ്ലാമിലേക്ക് മാറിയത്. വ്യക്തികളുടെ സ്വാധീനവും അടുപ്പവുമാണ് പ്രധാനകാരണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവരാണ് മതംമാറുന്നവരില്‍ ഏറെയും. 64 ശതമാനം വരുമിത്. സമ്പന്നകുടുംബങ്ങളില്‍നിന്ന് ആരും മതം മാറുന്നില്ല.

മലബാര്‍ മേഖലയില്‍ ഇസ്ലാം മതം സ്വീകരിച്ച 568 പേരുടെ വിവരങ്ങള്‍ പഠനവിധേയമാക്കിയ ആഭ്യന്തരവകുപ്പ്, മതംമാറിയവരുടെ പ്രത്യേകതകളും രേഖയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. കൂടുതല്‍ മതപരിവര്‍ത്തനം നടക്കുന്ന ജില്ലയായി കണ്ടെത്തിയിരിക്കുന്നത് തൃശ്ശൂരാണ്. പാലക്കാടാണ് രണ്ടാമത്.

18നും 25നും മധ്യേ പ്രായമുള്ളവരാണ് അധികവും മതപരിവര്‍ത്തനത്തിന് വിധേയരാവുന്നത്. 39 ശതമാനം വരുമിത്. മതംമാറിയവരില്‍ 44.7 ശതമാനംപേര്‍ ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയവരാണ്. 34.6 ശതമാനം ഹൈസ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവരാണ്. 10.7 ശതമാനംപേര്‍ ബിരുദം നേടിയവരും നാലുശതമാനം ബിരുദാനന്തര ബിരുദധാരികളുമാണ്.

അണുകുടുംബങ്ങളില്‍നിന്നുള്ളവരാണ് മതം മാറിയവരില്‍ ഏറെയും. 65 ശതമാനവും അണുകുടുംബങ്ങളില്‍ നിന്നുള്ളവരാണ്. കൂട്ടുകുടുംബങ്ങളില്‍നിന്നുള്ളവര്‍ 32 ശതമാനമാണ്.

പരിശോധിക്കുന്നത് സാമ്പത്തിക ഇടപാടുകള്‍

മതംമാറ്റത്തിനുപിന്നിലെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം പ്രധാനമായും പരിശോധിക്കുന്നതെന്ന് ഇന്റലിജന്‍സ് കേന്ദ്രങ്ങള്‍ മാതൃഭൂമിയോട് പറഞ്ഞു. 2016ല്‍ കേരളത്തില്‍നിന്നു ദുരൂഹസാഹചര്യത്തില്‍ അപ്രത്യക്ഷരായ 21 പേരില്‍ അഞ്ചുപേര്‍ മതംമാറിയവരാണ്. കാണാതായവര്‍ക്ക് രാജ്യാന്തര ഭീകരസംഘടനയായ ഐ.എസുമായി ബന്ധമുണ്ടെന്ന് നേരത്തേതന്നെ സ്ഥിരീകരിച്ചിരുന്നു. പണവും പ്രലോഭനവും ഈ മതംമാറ്റങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് കേന്ദ്ര ഏജന്‍സികള്‍ സംശയിക്കുന്നു. മക്കള്‍ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ഇരയായെന്നുകാണിച്ച് മതംമാറിയ പല പെണ്‍കുട്ടികളുടെ രക്ഷിതാക്കളും കഴിഞ്ഞ വര്‍ഷങ്ങളില്‍ പോലീസില്‍ പരാതിപ്പെട്ടിരുന്നു. ഈ സാഹചര്യവും രഹസ്യപഠനത്തിന്‌ േപ്രരിപ്പിച്ചിട്ടുണ്ടെന്നാണ് സൂചന.

കേരളത്തില്‍ രണ്ടുവര്‍ഷങ്ങളില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ സംബന്ധിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അന്വേഷണം നടത്തിയിരുന്നു. കേന്ദ്ര ആഭ്യന്തര സഹമന്ത്രി ഹന്‍സ്രാജ് ഗംഗാറാം മാസങ്ങള്‍ക്കുമുമ്പ് കേരളത്തിലെത്തി ഇക്കാര്യത്തില്‍ വിവരശേഖരണത്തിന് നിര്‍ദേശിക്കുകയുണ്ടായി.

Related News
� Infomagic - All Rights Reserved.