ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ വായിക്കാം(1-1-2018)
January 01,2018 | 04:15:18 pm

. പാപ്പാത്തിച്ചോലയില്‍ സി പി ഐ ഭൂമി കയ്യേറിയെന്ന സി പി എം ആരോപണത്തിനു മറുപടിയുമായി സി പി ഐ നേതാവ് ബിനോയ് വിശ്വം.സി പി ഐയെ പഴിചാരി ഭൂമിയ്യേറ്റക്കാരും കൊള്ളക്കാരും രക്ഷപ്പെടാന്‍ നോക്കണ്ട. സി പി ഐയെ കുറ്റപ്പെടുത്തി രക്ഷപ്പെടുന്നത് കമ്യൂണിസ്റ്റ് ശൈലിയല്ലെന്നും അദ്ദേഹം പറഞ്ഞു.

. സംസ്ഥാനത്തു നാളെ മെഡിക്കല്‍ ബന്ത്. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലില്‍ പ്രതിഷേധിച്ചാണ് സമരം. സര്‍ക്കാര്‍സ്വകാര്യ ആശുപത്രികളില്‍ ഒപികള്‍ പ്രവര്‍ത്തിക്കില്ല. അത്യാഹിത വിഭാഗം, കിടത്തിചികിത്സാ വിഭാഗം എന്നിവയെ സമരത്തില്‍ നിന്നു ഒഴിവാക്കിയിട്ടുണ്ട്. ബില്ലിനെതിരെ അലോപ്പതി മെഡിക്കല്‍ വിദ്യാര്‍ഥികളുടെ അനിശ്ചിതകാല നിരാഹാര സമരവും തുടരുകയാണ്

. പെന്‍ഷന്‍ പ്രായം ഉയര്‍ത്തിയതിനെതിരെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജുകളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം തുടര്‍ന്നാല്‍ കര്‍ശന നടപടിയെടുക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ പറഞ്ഞു. സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തില്‍ യാതൊരു വിട്ടുവീഴചയും ഉണ്ടാകില്ലെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

. നടിയെ ആക്രമിച്ച ദൃശ്യങ്ങള്‍ അടങ്ങിയ മെമ്മറി കാര്‍ഡ് ഉള്‍പ്പെടെയുള്ളവ ആവശ്യപ്പെട്ട് ദിലീപ് കോടതിയിലേക്ക്. കുറ്റപത്രത്തില്‍ പൊലീസ് രേഖപ്പെടുത്തിയ നിര്‍ണായക മൊഴികളും രേഖകളുമാണ് ദിലീപ് ആവശ്യപ്പെടുക. സുപ്രധാനമായ പല രേഖകളും മൊഴികളും പൊലീസ് തന്നിട്ടില്ല. പൊലീസിന്റെ നടപടി ബോധപൂര്‍വമെന്ന് ദിലീപിന്റെ അഭിഭാഷകന്‍ പറഞ്ഞു.

. മലയാള സിനിമാ മേഖലയ്ക്കുനേരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി ജി സുധാകരന്‍. ക്രിമിനലുകളുടെ വിളയാട്ടമാണ് മലയാള സിനിമയില്‍ നടന്നുകൊണ്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. എറണാകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന പല നടീനടന്മാരും വലിയ ക്രിമിനലുകളാണെന്നും നടി മഞ്ജു വാര്യര്‍ പങ്കെടുത്ത ചടങ്ങില്‍ വെച്ച് അദ്ദേഹം അഭിപ്രായപ്പെട്ടു.

. മുത്തലാഖ് നിരോധന ബില്ലുമായി ബന്ധപ്പെട്ട് താന്‍ കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവന പാര്‍ട്ടിയുടെ നിലപാടാണെന്ന് കെപിസിസി പ്രസിഡന്റ് എംഎം ഹസന്‍. മുത്തലാഖ് നിരോധന ബില്‍ ശരീയത്തിന് അനുസൃതമായിട്ട് വേണം തയ്യാറാക്കേണ്ടതെന്നും ഹസന്‍ പറഞ്ഞു. ഇപ്പോള്‍ കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവന്നിരിക്കുന്ന ബില്‍ മുത്തലാഖ് എന്ന ദുരാചാരം അവസാനിപ്പിക്കാനുള്ളതല്ല. മറിച്ച് അത് പൊതു സിവില്‍ കോഡ് നടപ്പിലാക്കുന്നതിന്റെ ആദ്യ ചുവടുവെപ്പാണെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.

.ജമ്മു കാശ്മിരിലെ പാംപോറില്‍ ഏറ്റുമുട്ടലില്‍ അഞ്ചു ജവാന്‍മാര്‍ക്ക് വീരമൃത്യു. രണ്ടു ഭീകരരെ സൈന്യം വധിച്ചുപുല്‍വാമയിലെ ജവാന്മാരുടെ രക്തസാക്ഷിത്വം വ്യര്‍ഥമാകില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിംഗ് പറഞ്ഞു. സൈനികരുടെ ജീവനു മറുപടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീരിലെ പുല്‍വാമയില്‍ സിആര്‍പിഎഫ് ക്യാന്പിനു നേരെ ഉണ്ടായത് ഭീകരാക്രമണമാണെന്നും കൊല്ലപ്പെട്ട സൈനികരുടെ ജീവന് ശ്രേഷ്ഠമായ അംഗീകാരം നല്‍കുമെന്നും രാജ്‌നാഥ് സിംഗ് പറഞ്ഞു.

 
Related News
� Infomagic - All Rights Reserved.