ഇന്നത്തെ പ്രധാന വാര്‍ത്തകള്‍ ഒറ്റനോട്ടത്തില്‍ (13-2-2018)
February 13,2018 | 04:30:07 pm

. കൊച്ചി കപ്പല്‍ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ അഞ്ചു മരണം. പതിനഞ്ചോളം പേര്‍ക്ക് പരിക്കേറ്റു. അറ്റക്കുറ്റപണിക്കായി എത്തിച്ച സാഗര്‍ ഭൂഷണ്‍ എന്ന കപ്പലിലാണ് പൊട്ടിത്തെറിയുണ്ടായത്. മരിച്ച അഞ്ച് പേരും മലയാളികളാണ്. കപ്പലിലെ വാട്ടര്‍ടാങ്ക് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്.

. ബിജെപി മുഖ്യശത്രുവെന്ന് സിപിഎമ്മിന്റെ കരട് രാഷ്ട്രീയ പ്രമേയം. കോണ്‍ഗ്രസുമായി സഖ്യമോ ധരണയോ ഇല്ലെന്നും സിപിഎം പുറത്തിറക്കിയ പ്രമേയത്തില്‍ പറയുന്നു. പ്രമേയം ഏപ്രിലില്‍ ചേരുന്ന പാര്‍ട്ടി കോണ്‍ഗ്രസ് പരിഗണിക്കും. കഴിഞ്ഞ സിപിഎം കേന്ദ്രകമ്മിറ്റിയാണ് കരട് രേഖയ്ക്ക് അന്തിമരൂപം നല്‍കിയത്.

. ബാര്‍ കോഴയുമായി ബന്ധപ്പെട്ട് കെ.എം. മാണിക്കെതിരെ കേസ് നടത്തിയാല്‍ ഭരണം മാറിവരുമ്പോള്‍ പൂട്ടിയ ബാറെല്ലാം തുറന്നുനല്‍കാമെന്ന് സിപിഎം നേതൃത്വം വാഗ്ദാനം നല്‍കിയിരുന്നതായി ബിജു രമേശിന്റെ വെളിപ്പെടുത്തല്‍. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നേരിട്ടാണ് ഉറപ്പുനല്‍കിയതെന്നും ബിജു രമേശ് ആഞ്ഞടിച്ചു. വിഎസിനെയും പിണറായിയും കണ്ടിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് ജയിച്ചതോടെ എല്‍ഡിഎഫ് പാലംവലിച്ചുവെന്നും ബിജു രമേശ് പറഞ്ഞു.

. മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഷുഹൈബ് വെട്ടേറ്റ് മരിച്ച സംഭവത്തില്‍ സിപിഐഎമ്മിന് പങ്കൊന്നുമില്ലെന്ന് ജില്ലാ സെക്രട്ടറി പി.ജയരാജന്‍. അതേസമയം കൊല്ലപ്പെട്ട യൂത്ത് കോണ്‍ഗ്രസ് നേതാവ് ശുഹൈബിനെതിരെ സിപിഎം പ്രവര്‍ത്തകര്‍ കൊലവിളി നടത്തുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്ത് വന്നു. രണ്ടാഴ്ച മുമ്പ് എടയന്നൂരില്‍ നടത്തിയ പ്രകടനത്തിനിടെയാണ് കൊലവിളി നടത്തിയത്. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് ഷുഹൈബിന്റെ മരണകാരണമെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.

. ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സംസ്ഥാന മുന്‍ അധ്യക്ഷന്‍ പി.എസ്. ശ്രീധരന്‍ പിള്ള ബിജപി സ്ഥാനാര്‍ഥിയാകും. പാര്‍ട്ടിയില്‍ ഇതു സംബന്ധിച്ച് ധാരണയായി. പാര്‍ട്ടിയുടെ താത്പര്യം അതാണെന്ന് പി.എസ്. ശ്രീധരന്‍ പിള്ള പ്രതികരിച്ചു. കഴിഞ്ഞ തവണ നടത്തിയ മികച്ച പ്രകടനമാണ് ഇത്തവണയും സ്ഥാനാര്‍ഥിയാക്കാന്‍ നേതൃത്വത്തെ പ്രേരിപ്പിച്ചത്.

. മതവിദ്വേഷപരാതിയില്‍ കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ പൊലീസ് കേസെടുത്തില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കുമ്മനം രാജശേഖരന്‍. ചോദ്യം ചോദിക്കുന്നവരെ കുരീപ്പുഴ എന്തിനാണ് ഭയക്കുന്നതെന്നും കുമ്മനം ചോദിച്ചു.

. കോഴിക്കോട്ടെ പോലീസുകാര്‍ക്ക് ജന്മദിനവും വിവാഹ വാര്‍ഷികദിനവും കുടുംബത്തോടൊപ്പം ആഘോഷിക്കാം. വര്‍ഷത്തില്‍ ഈ രണ്ടുദിവസങ്ങളില്‍ നഗരത്തിലെ പോലീസുകാര്‍ക്ക് അവധി നല്‍കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കാളിരാജ് എസ്. മഹേഷ്‌കുമാര്‍ തീരുമാനിച്ചു. ഇത് സംബന്ധിച്ച ഉത്തരവ് തിങ്കളാഴ്ച പുറപ്പെടുവിച്ചു.

 
Related News
� Infomagic - All Rights Reserved.