മെഡിക്കൽ ബന്തിനിടെ ചികിത്സ നിഷേധിച്ച സംഭവത്തിൽ കേസെടുത്തു
January 03,2018 | 08:46:39 pm

തിരുവനന്തപുരം: കഴിഞ്ഞ ദിവസം നടന്ന മെഡിക്കൽ ബന്തിനിടെ തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗികൾക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ കേസെടുത്തു. ചികിത്സ നിഷേധിച്ച് ഡോക്‌ടർമാർ തെരുവിലിറങ്ങിയത് നിയമ വിരുദ്ധവും മനുഷ്യാവകാശ ലംഘനവുമാണെന്ന് കാട്ടിയാണ് കമ്മിഷൻ സ്വമേധയാ കേസെടുത്തത്.

ഇക്കാര്യത്തിൽ വിശദമായ അന്വേഷണം നടത്തി നാലാഴ്‌ചയ്‌ക്കകം റിപ്പോർട്ട് നൽകാൻ ആരോഗ്യ വകുപ്പ് ഡയറക്‌ടർക്ക് കമ്മിഷൻ നിർദ്ദേശം നൽകി. സമാനമായ സംഭവങ്ങൾ സംസ്ഥാനത്ത് എവിടെയെങ്കിലും നടന്നിട്ടുണ്ടോ എന്നും വ്യക്തമാക്കണം. വിശദമായ റിപ്പോർട്ട് നൽകണമെന്ന് സംസ്ഥാന പൊലീസ് മേധാവിക്കും നിർദ്ദേശം നൽകിയിട്ടുണ്ട്.

കേന്ദ്രസർക്കാരിന്റെ ദേശീയ മെഡിക്കൽ കമ്മിഷൻ ബില്ലിനെതിരെ ഡോക്ടർമാർ രാജ്യവ്യാപകമായി നടത്തിയ സമരത്തിനിടെയാണ് തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ രോഗിക്ക് ചികിത്സ നിഷേധിച്ചത്. രോഗിയെ ചികിത്സിക്കാൻ തുനിഞ്ഞ ഡോക്‌ടറെ മറ്റ് ഡോക്‌ടർമാർ ഇടപെട്ട് പിന്തിരിപ്പിക്കുകയായിരുന്നു. ഇതിനിടയിൽ ചികിത്സയ്ക്കായി കാത്തുന്ന നിന്ന വലിയതുറ സ്വദേശി ദാസപ്പൻ എന്നയാൾ കുഴഞ്ഞു വീണു. ഒ.പി ബഹിഷ്കരണത്തെ തുടർന്ന് ഡോക്ടർമാരെ കാണാനുള്ള ടോക്കൺ നൽകുന്നത് നിറുത്തിവച്ചത് രോഗികളുടെ പ്രതിഷേധത്തിന് ഇടയാക്കുകയും ചെയ്‌തിരുന്നു. രാവിലെ ഒമ്പത് മുതൽ പത്ത് മണി വരെയായിരുന്നു ഒ.പി ബഹിഷ്‌ക്കരണമെങ്കിലും ഡോക്‌ടർമാരെ കാണാൻ മണിക്കൂറുകളോളമാണ് രോഗികൾക്ക് കാത്തിരിക്കേണ്ടി വന്നത്.

 
Related News
� Infomagic - All Rights Reserved.