തോമസ് ചാണ്ടിക്കെതിരെ കേസെടുക്കണമെന്ന് വിജിലന്‍സ്
January 03,2018 | 07:16:59 pm

തിരുവനന്തപുരം: മുന്‍മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കണമെന്ന് വിജിലന്‍സ്. വലികുളം-സീറോ ജെട്ടി റോഡ് നിര്‍മാണത്തില്‍ ക്രമക്കേടുകള്‍ നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കോട്ടയം വിജിലന്‍സ് എസ്.പി കേസെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്.

എം.പിമാരുടെ ഫണ്ട് ഉപയോഗിച്ച് നിലംനികത്തി ലേക്പാലസ് റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചതിലൂടെ 65 ലക്ഷം രൂപ ഖജനാവിന് നഷ്ടമുണ്ടായെന്ന പരാതിൽ തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് കോട്ടയം വിജിലൻസ് കോടതി കഴിഞ്ഞ നവംബറിൽ ഉത്തരവിട്ടിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചെങ്കിലും അപൂർണമാണെന്ന് കാട്ടി വിജിലൻസ് ഡയറക്‌ടർ മടക്കിയിരുന്നു. തുടർന്ന് കൂടുതൽ അന്വേഷണം നടത്തി ഇന്ന് ഡയറക്ടർക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് തോമസ് ചാണ്ടിക്കെതിരെ കേസെടുക്കാൻ ശുപാർശയുള്ളത്. ജനതാദൾ ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ. സുഭാഷ് നൽകിയ പരാതിയിലായിരുന്നു നടപടി.

 
വലിയകുളം മുതൽ സീറോജെട്ടിവരെ ഒരു കിലോമീറ്റർ നീളവും 10 മീറ്റർ വീതിയിലും രണ്ടര ഏക്കറോളം നിലംനികത്തി റിസോർട്ടിലേക്ക് റോഡ് നിർമ്മിച്ചെന്നാണ് പരാതി. രാജ്യസഭാ എം.പിമാരായിരിക്കെ പി.ജെ. കുര്യൻ, കെ.ഇ. ഇസ്മയിൽ എന്നിവരുടെ ഫണ്ട് ഉപയോഗിച്ച് തണ്ണീർത്തട സംരക്ഷണ നിയമം ലംഘിച്ച് റോഡ് നിർമ്മിച്ചു. പൊതു ആവശ്യത്തിന് പാടംനികത്തുമ്പോൾ പ്രാദേശിക വികസന സമിതിയുടെ അനുവാദം വാങ്ങണം. എന്നാൽ റോഡ് നിർമ്മാണത്തിന് മേൽനോട്ടം വഹിച്ച ആര്യാട് ബ്‌ളോക്ക് പഞ്ചായത്ത് ഇത് പാലിച്ചിട്ടില്ല. റിസോർട്ടിന് വേണ്ടി 30 ലക്ഷം രൂപ മുടക്കി നിലംനികത്തുകയും 35 ലക്ഷം രൂപ മുടക്കി ടാർ ചെയ്യുകയും ചെയ്തു. നിയമസഭാംഗമെന്ന നിലയിലുള്ള സ്വാധീനം ഇതിനായി തോമസ്ചാണ്ടി ഉപയോഗിച്ചു എന്നിവയാണ് പരാതിയിലെ ആരോപണങ്ങൾ.

Related News
� Infomagic - All Rights Reserved.