പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്കും യുഡിഎഫ് നല്‍കിയത് വ്യാജപട്ടയങ്ങള്‍; 55 പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി
January 11,2018 | 11:04:23 am

പത്തനംതിട്ട: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാര്‍ പത്തനംതിട്ട കോന്നിയില്‍ കനാല്‍ പുറമ്പോക്കില്‍ താമസിക്കുന്നവര്‍ക്ക് നല്‍കിയ പട്ടയങ്ങളും വ്യാജമെന്ന് തെളിഞ്ഞുവെന്ന് സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനെ തുടര്‍ന്ന് പട്ടയങ്ങള്‍ സര്‍ക്കാര്‍ റദ്ദാക്കി. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് അടൂര്‍ പ്രകാശ് നല്‍കിയ 55 പട്ടയങ്ങളാണ് സര്‍ക്കാര്‍ റദ്ദാക്കിയത്. ഇതു സംബന്ധിച്ച ഉത്തരവ് റവന്യൂവകുപ്പ് പുറത്തിറക്കി. പട്ടയങ്ങള്‍ റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് അടൂര്‍ പ്രകാശ് കോന്നി മണ്ഡലത്തില്‍ നിയമം ലംഘിച്ച് പട്ടയങ്ങള്‍ വിതരണം ചെയ്തത്. വനം വകുപ്പിന്റെ അനുമതിയില്ലാതെ വിതരണം ചെയ്ത 1,843 പട്ടയങ്ങള്‍ ക്രമപ്രകാരമല്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ജില്ലാ കളക്ടര്‍ പട്ടയം റദ്ദ് ചെയ്യാന്‍ ഉത്തരവ് നല്‍കി. ഇതേ തുടര്‍ന്ന് കോന്നി തഹസില്‍ദാരാണ് പട്ടയങ്ങള്‍ റദ്ദുചെയ്തത്.

ഇതിനു പിന്നാലെയാണ് കലഞ്ഞുര്‍ കൂടല്‍ വില്ലേജുകളിലെ കെഐപി കനാല്‍ പുറമ്പോക്കിലെ താമസക്കാര്‍ക്ക് നല്‍കിയ 55 പട്ടയങ്ങള്‍ കൂടി റദ്ദാക്കിയിരിക്കുന്നത്. നിലവിലെ നിയമപ്രകാരം കനാല്‍, തോട് പുറമ്പോക്കുകള്‍ പതിച്ചു കൊടുക്കുവാന്‍ നിയമം അനുശാസിക്കുന്നില്ല. മാത്രമല്ല ഇത് തദ്ദേശസ്ഥാപനങ്ങളുടെ അധികാര പരിധിയില്‍ വരുന്നതുമാണ്. ഇതെല്ലാം ലംഘിച്ചതായി മന്ത്രിസഭാ ഉപസമിതി കണ്ടെത്തിയ സാഹചര്യത്തിലാണ് ഈ 55 പട്ടയങ്ങള്‍ കൂടി റദ്ദാക്കിയത്.

27022016 ലെ റവന്യൂനമ്പര്‍ 175/2016 പ്രകാരമാണ് കോന്നി താലൂക്കിലെ കലഞ്ഞൂര്‍, കൂടല്‍ വില്ലേജുകളില്‍ കെഐപി കനാല്‍ പുറമ്പോക്ക് ഭൂമിയിലെ കൈവശക്കാരായ 55 പേര്‍ക്ക് സൗജന്യ നിരക്കില്‍ പട്ടയം നല്‍കുന്നതിന് ഉത്തരവായത്. കഴിഞ്ഞ സര്‍ക്കാരിന്റെ അവസാനകാലത്ത് എടുത്ത മന്ത്രിസഭാ തീരുമാനങ്ങള്‍ പരിശോധിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മന്ത്രിസഭാ ഉപസമിതിയെ നിയോഗിച്ചിരുന്നു. ഈ ഉപസമിതി പട്ടയം നല്‍കിയ തീരുമാനം പുനപ്പരിശോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. കനാല്‍, തോട് പുറമ്പോക്കുകള്‍ പതിച്ചുനല്‍കുന്നതിന് നിലവില്‍ വ്യവസ്ഥയില്ല, അവയുടെ കൈവശാവകാശം റവന്യൂവകുപ്പിനല്ല, പഞ്ചായത്തീരാജ് ആക്ട് പ്രകാരം കനാല്‍, തോട് പുറമ്പോക്കുകള്‍ തദ്ദേശസ്വയംഭരണ വകുപ്പിന് കീഴിലാണ്. സമാനമായ കേസുകളില്‍ പുഴപുറമ്പോക്കിലെ അനധികൃതകൈയേറ്റം റഗുലറൈസ് ചെയ്ത് സ്വകാര്യ വ്യക്തികള്‍ക്ക് ഭൂമി പതിച്ച് നല്‍കുന്നതിനെതിരെയ സുപ്രിം കോടതി വിധികള്‍ പുറപ്പെടുവിച്ചിട്ടുമുണ്ട്. ഈ സാഹചര്യത്തില്‍ കലഞ്ഞുര്‍, കൂടല്‍ വില്ലേജുകളിലെ കെഐപി കനാല്‍ പുറമ്പോക്കിലെ താമസക്കാരായ 55 പേര്‍ക്ക് സൗജന്യനിരക്കില്‍ പട്ടയം നല്‍കുന്നതിന് പത്തനംതിട്ട ജില്ലാകളക്ടര്‍ക്ക് അനുമതി നല്‍കിയ 27022016 ലെ ഉത്തരവ് റദ്ദാക്കുന്നതായി പുതിയ ഉത്തരവില്‍ പറയുന്നു.

 
Related News
� Infomagic - All Rights Reserved.