അല്‍പ്പന്‍മാരായ താര രാജാക്കന്‍മാരുടെ നിസ്സഹകരണ രാഷ്ട്രീയം അഥവാ വെള്ളിത്തിരയിലെ വെളുപ്പും കറുപ്പും
September 11,2017 | 01:38:35 pm
Share this on

തലശ്ശേരിയില്‍ നടന്ന സംസ്ഥാന ചലച്ചിത്ര പുരസ്‌കാര ദാന ചടങ്ങില്‍ മുന്‍നിര താരങ്ങള്‍ പങ്കെടുക്കാത്തതിനെ രൂക്ഷമായി വിമര്‍ശിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തിയ പശ്ചാതലത്തില്‍ അല്‍പ്പന്‍മാരാകുന്ന താരരാജാക്കന്‍മാരെ കുറിച്ച് അടയാളപ്പെടുത്താതെ പോകാനാവില്ല. പുരസ്‌കാരം ലഭിച്ചവര്‍ മാത്രമല്ല ചടങ്ങിന് വരേണ്ടത്. ചലച്ചിത്ര പുരസ്‌കാരം വിതരണം ചെയ്യുമ്പോള്‍ സിനിമാ മേഖലയുടെ ഒരു പരിച്ഛേദം സദസ്സിലുണ്ടാകേണ്ടതാണ്. പ്രത്യേകം ക്ഷണിക്കാതെ തന്നെ താരങ്ങള്‍ ചടങ്ങിനെത്തണമായിരുന്നു. പുരസ്‌കാരം ലഭിച്ചവരെ പ്രോത്സാഹിപ്പിക്കേണ്ടത് എല്ലാവരുടെയും കടമയാണ്. താന്‍ പറയുന്ന കാര്യങ്ങള്‍ താരങ്ങള്‍ വളരെ പോസിറ്റീവായി എടുക്കണം. വരിക എന്നത് ഒരു വികാരമാണ്. ചലച്ചിത്ര പുരസ്‌കാര ദാന വേളയില്‍ കൂടുതല്‍ പേര്‍ എത്തുന്ന സ്ഥിതിയുണ്ടാകണമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്.

ആരോടാണ് മുഖ്യമന്ത്രി സംസാരിക്കുന്നത്. താരസിംഹാസനം വിട്ട് മണ്ണിലേക്കിറങ്ങുന്നത് സ്വപ്‌നം പോലും കാണാന്‍ കഴിയാത്ത അല്‍പ്പന്‍മാരുടെ കൂട്ടത്തോട് വേദമോതിയിട്ടൊരു കാര്യവുമില്ല. വെള്ളിത്തിരയിലെ വെളുപ്പും കറുപ്പിനും ഈ പുതിയ കാലത്തും ഒട്ടും മാറ്റം വന്നിട്ടില്ലെന്ന് ഈ നിസ്സഹകരണത്തിലൂടെ വീണ്ടും വിളിച്ചു പറയുകയാണവര്‍. മലയാള സിനിമയില്‍ പ്രതീക്ഷയുടെ പുതു നാമ്പുകളായി ഒരു പറ്റം ചെറുപ്പക്കാര്‍ സിനിമാ ലോകത്ത് അടയാളപ്പെടുത്തുമ്പോഴും ഇല്ല തങ്ങളുടെ താര പകിട്ടിനപ്പുറം നിങ്ങള്‍ക്ക് ഇവിടെയൊന്നും ചെയ്യാനാകില്ലെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിക്കുന്ന കാഴ്ച്ചയാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വേദിയില്‍ കണ്ടത്. സാമൂഹ്യമായ വിഷയങ്ങളില്‍ നിന്നും പൂര്‍ണ്ണമായും മാറി നിന്ന് തങ്ങള്‍ ഈ നാട്ടുകാരനേയല്ലെന്ന് വീമ്പ് പ്രകടിപ്പിക്കുന്ന ഇവരുടെ നിശബ്ദത നിഗൂഢത' ഇത്തരം പെരുമാറ്റങ്ങളിലൂടെ വീണ്ടും വീണ്ടും തെളിയിക്കപ്പെടുകയാണ്. നിങ്ങളുടെ കഴിവ് കൊണ്ട് മാത്രമല്ല ഞങ്ങള്‍ക്ക് കീഴ്‌പ്പെടുമ്പോഴാണ് ഞങ്ങള്‍ നിങ്ങളെ താരങ്ങളായി അംഗീകരിക്കുകയുള്ളൂ എന്ന നിലപാടാണത്.

വിനായകന് മികച്ച നടനുള്ള പുരസ്‌കാരം പ്രഖ്യാപിക്കപ്പെട്ടപ്പോള്‍ വെള്ളിത്തിരയിലെ കറുപ്പിന്റെ വിജയം എന്ന് ആഘോഷിച്ചവരുടെ മുഖത്ത് തുപ്പുന്ന അല്‍പ്പന്‍മാരായി താര ബിംബങ്ങള്‍ മാറിയത് അത്‌കൊണ്ടാണ്. പുരുഷാധിപത്യത്തിന്റേയും സവര്‍ണ്ണ കാഴ്ച്ചപ്പാടുകളുടേയും തട്ടകം തന്നെയാണ് സിനിമയെന്നും ഇവിടെ എന്തെന്ത് കാര്യങ്ങള്‍ നടക്കണമെന്ന് ഞങ്ങള്‍ തീരുമാനിക്കുമെന്നും ഇവര്‍ വീണ്ടും വ്യക്തമാക്കുകയാണ്.അസൗകര്യം കൊണ്ടോ അശ്രദ്ധ കൊണ്ടോ ഉള്ള വീഴ്ച്ചയായി ഈ പുരസ്‌കാര സമര്‍പ്പണ നിസ്സഹകരണത്തെ കാണാനാകില്ല. എന്നാല്‍ അപ്പോഴും ആക്രമിക്കപ്പെട്ട നടിക്ക് പിന്തുണ അറിയിച്ചുകൊണ്ട് സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ദാന വേദിക്ക് സമീപം വിമണ്‍ ഇന്‍ സിനിമാ കളക്ടീവ് അംഗങ്ങള്‍ ഒപ്പുശേഖരണം സംഘടിപ്പിച്ചത് പ്രതീക്ഷയുടെ വെളിച്ചം കെടുത്താനാവില്ല എന്നതിന് തെളിവാണ്.

ഈ തവണ പ്രഖ്യാപിച്ച സംസ്ഥാന ചലച്ചിത്ര പുരസ്‌കാര പട്ടികയില്‍ സാമ്പ്രദായികമായി സിനിമാക്കാരെന്ന് അഭിമാനിച്ച് നടക്കുന്ന എത്ര പേര്‍ വന്നു എന്ന് നോക്കിയാല്‍ തന്നെ നിസ്സഹകരണത്തിന്റെ രാഷ്ട്രീയം വ്യക്തമാകും.അതിന് പുരസ്‌കാര പട്ടിക താഴെ നല്‍കുന്നുണ്ട്. അത് നോക്കിയാല്‍ തന്നെ ചിത്രം വ്യക്തമാകും. ഒരു കലാകാരന്‍ സംപൂര്‍ണ്ണനാകുന്നത് അയാള്‍ സമൂഹത്തോടുള്ള കടമ കൂടെ പൂര്‍ത്തീകരിക്കുമ്പോഴാണ്. കലയും സമൂഹവും വേറിട്ടു നില്‍ക്കേണ്ട ഒന്നല്ല മനുഷ്യനെ മറ്റ് ജീവികളില്‍ നിന്ന് വ്യത്യസ്തനാക്കുന്നതും ഇത്തരം ഘടകങ്ങളാണ്. തനിയ്ക്ക് ശേഷം പ്രളയമെന്ന് വിശ്വസിക്കുന്ന അല്‍പ്പ ബുദ്ധികളായ താര ബിംബങ്ങളേ ഇവിടെ ജീവിതത്തില്‍ അഭിനയിക്കാനറിയാത്ത യഥാര്‍ത്ഥ കാലാകാരന്‍മാരുടെ ഒരു തലമുറ വളരുന്നുണ്ട്....ബിംബങ്ങള്‍ ഒരിയ്ക്കല്‍ ഉടഞ്ഞ് വീഴുക തന്നെ ചെയ്യും. പുരസ്‌കാര ജേതാക്കളേ നിങ്ങള്‍ക്ക് വെള്ളിത്തിരയിലെ വെളുത്തവര്‍ നല്‍കിയ അവഹേളനം നിങ്ങള്‍ക്ക് തന്ന പൂച്ചെണ്ടുകളാണ്...ധൈര്യമായി മുന്നോട്ട് പോവുക...നിങ്ങള്‍ ശരിയായ പാതയിലാണ്...

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍

മികച്ച ചിത്രം മാന്‍ഹോള്‍ വിധു വിന്‍സന്റ്
മികച്ച രണ്ടാമത്തെ ചിത്രം ഒറ്റയാള്‍പാത സതീഷ് ബാബുസേനന്‍, സന്തോഷ് ബാബുസേനന്‍
മികച്ച ജനപ്രിയ ചിത്രം മഹേഷിന്റെ പ്രതികാരം ദിലീഷ് പോത്തന്‍
മികച്ച കുട്ടികളുടെ ചിത്രം കോലുമിഠായി അരുണ്‍ വിശ്വം
വ്യക്തിഗത പുരസ്‌കാരങ്ങള്‍

നവാഗത സംവിധായകന്‍ ഷാനവാസ് കെ. ബാവക്കുട്ടി കിസ്മത്ത്
തിരക്കഥ ശ്യാം പുഷ്‌കരന്‍ മഹേഷിന്റെ പ്രതികാരം
അവലംബിത തിരക്കഥ മികവു പുലര്‍ത്തുന്ന രചനകള്‍ ഇല്ലാത്തതിനാല്‍
അവാര്‍ഡു പ്രഖ്യാപിച്ചില്ല.
കഥ സലിംകുമാര്‍ കറുത്ത ജൂതന്‍
മികച്ച നടി രജീഷ വിജയന്‍ അനുരാഗ കരിക്കിന്‍ വെള്ളം
മികച്ച നടന്‍ വിനായകന്‍ കമ്മട്ടിപ്പാടം
സ്വഭാവനടി വി.കെ. കാഞ്ചന ഓലപ്പീപ്പി
സ്വഭാവനടന്‍ മണികണ്ഠന്‍ ആചാരി കമ്മട്ടിപ്പാടം
ബാലതാരം ചേതന്‍ ജയലാല്‍ ഗപ്പി
അബേനി ആദി കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ
സംഗീതസംവിധാനം എം. ജയചന്ദ്രന്‍ കാംബോജി
പശ്ചാത്തലസംഗീതം വിഷ്ണു വിജയ് ഗപ്പി
പിന്നണിഗായിക കെ.എസ്. ചിത്ര കാംബോജി, ഗാനം: നടവാതില്‍ തുറന്നിട്ടില്ല....
പിന്നണിഗായകന്‍ സൂരജ് സന്തോഷ് ഗപ്പി
ഗാനരചയിതാവ് ഒ.എന്‍.വി. കുറുപ്പ് കാംബോജി, ഗാനം: നടവാതില്‍ തുറന്നിട്ടില്ല....
ഛായാഗ്രഹണം എം.ജെ. രാധാകൃഷ്ണന്‍ കാട് പൂക്കുന്ന നേരം (ചലച്ചിത്രം)
കലാസംവിധാനം ഗോകുല്‍ ദാസ് എ.വി., എസ്. നാഗരാജ് കമ്മട്ടിപ്പാടം
സിങ്ക് സൗണ്ട് ജയദേവന്‍ ചക്കാടത്ത് കാടു പൂക്കുന്ന നേരം
ശബ്ദമിശ്രണം പ്രമോദ് തോമസ് കാടു പൂക്കുന്ന നേരം
ശബ്ദഡിസൈന്‍ ജയദേവന്‍ ചക്കാടത്ത് കാടു പൂക്കുന്ന നേരം
പ്രോസസിംഗ് ലാബ്/കളറിസ്റ്റ് ഹെന്റോയ് മെസിയ കാടു പൂക്കുന്ന നേരം
വസ്ത്രാലങ്കാരം സ്റ്റെഫി സേവ്യര്‍ ഗപ്പി
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് ആണ്‍ വിജയ് മോഹന്‍ മേനോന്‍ ഒപ്പം
ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റ് പെണ്‍ എം. തങ്കമണി ഓലപ്പീപ്പി
മേക്കപ്പ്മാന്‍ എന്‍.ജി. റോഷന്‍ നവല്‍ എന്ന ജുവല്‍
നൃത്തസംവിധാനം വിനീത് കാംബോജി
പ്രത്യേക ജൂറി പരാമര്‍ശം ഇ. സന്തോഷ് കുമാര്‍ കഥ: ആറടി
കെ. കലാധരന്‍ അഭിനയം: ഒറ്റയാള്‍പാത
സുരഭി ലക്ഷ്മി അഭിനയം: മിന്നാമിനുങ്ങ്
ഗിരീഷ് ഗംഗാധരന്‍ ഛായാഗ്രഹണം: ഗപ്പി
രചന വിഭാഗത്തിനുള്ള പുരസ്‌കാരങ്ങള്‍
വിഭാഗം രചന ജേതാവ്
മികച്ച ചലച്ചിത്ര ഗ്രന്ഥം സിനിമ മുതല്‍ സിനിമ വരെ ചലച്ചിത്ര സംസ്‌കാര പഠനങ്ങള്‍ അജു കെ. നാരായണന്‍, ചെറി ജേക്കബ് കെ.
മികച്ച ചലച്ചിത്ര ലേഖനം വെളുത്ത തിരശ്ശീലയിലെ കറുത്ത ഉടലുകള്‍
(മാതൃഭൂമി ആഴ്ചപ്പതിപ്പ് മേയ് 15, 2016) എന്‍. പി. സജീഷ്
പ്രത്യേക ജൂറി പരാമര്‍ശം:
ചലച്ചിത്ര ഗ്രന്ഥം ഹരിത സിനിമ എ. ചന്ദ്രശേഖര്‍

 

RELATED STORIES
� Infomagic - All Rights Reserved.