ടര്‍ബോ പവര്‍ പാക്ക് മോഡുമായി മോട്ടോ സെഡ് 2 ഫോഴ്സ് എത്തുന്നു
February 13,2018 | 09:32:29 am

മോട്ടറോളയുടെ സ്വന്തം ബ്രാന്‍ഡായ മോട്ടോയുടെ ഏറ്റവും പുതിയ മോഡലായ സെഡ് 2 ഫോഴ്സ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തുന്നു. ഫെബ്രുവരി 15 ഓടെ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് കമ്പനി ഒരുങ്ങുന്നത്. 5,999 രൂപ വില വരുന്ന ടര്‍ബോ പവര്‍ പാക്ക് മോഡ് ഉള്‍പ്പടെയാണ് ഫോഴ്സിന്‍റെ വരവ്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ അമേരിക്കയില്‍ മോട്ടോ സെഡ് 2 ഫോഴ്സിനെ അവതരിപ്പിച്ചിരുന്നെങ്കിലും ഇത് ആദ്യമായാണ് ഇന്ത്യയിലെത്തുന്നത്. എന്നാല്‍ ഫോണിന്‍റെ വിലയോ, ലഭ്യതയോ സംബന്ധിച്ച ഔദ്യോഗിക വിവരങ്ങളൊന്നും കമ്പനി ഇതുവരെ നല്‍കിയിട്ടില്ല.

നിലവില്‍ ടര്‍ബോ പവര്‍ മോഡ് ഇന്ത്യയില്‍ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും സെഡ് ടു ഫോഴ്സില്‍ ഇന്‍ബോക്സ് അക്സസറിയായി ഇത് എത്തുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഫോഴ്സിന്‍റെ ഔദ്യോഗിക പുറത്തിറക്കല്‍ ചടങ്ങ് യൂട്യൂബില്‍ ചടങ്ങ് ലൈവായി പ്രദര്‍ശിപ്പിക്കും. ഫെബ്രുവരി 15ന് ഉച്ചയ്ക്ക് 12 മണിക്കാണ് ചടങ്ങ്. ചടങ്ങിലേയ്ക്കായി മാധ്യമങ്ങളെയും ക്ഷണിച്ചിട്ടുണ്ട്. 51000 രൂപയ്ക്കടുത്താകും വിലയെന്നാണ് ചില ടെക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

പുറമേ ഘടിപ്പിക്കാവും ബാറ്ററിയാണ് പവര്‍ മോഡ്. ഫോണിന്‍റെ പിന്നിലത്തെ കെയിസിന്‍റെ മാതൃകയിലാണ് മോഡുള്ളത്. അതുകൊണ്ടുതന്നെ ഒരു പവര്‍ ബാങ്ക് കൊണ്ടു നടക്കും പോലെ അത്ര പ്രയാസമുണ്ടാകില്ല മോഡ് കൊണ്ടു നടക്കാന്‍. ഫോണിന്‍റെ പിന്‍ കെയിസില്‍ തന്നെ ഘടിപ്പിക്കാം. മോട്ടോ സെഡ് 2 ഫോഴ്സില്‍ 15വാട്ട് ഔട്ട്പുട്ട് നല്‍കുന്ന 3500 മില്ലി ആംപെയര്‍ ബാറ്ററിയാണുള്ളത്. ഇത് വേഗതയുള്ള ചാര്‍ജിങ്ങ് നല്‍കുന്നു. 15 മിനിറ്റ് മോഡ് വെച്ച്‌ ചാര്‍ജ് ചെയ്താല്‍ എഴ് മണിക്കൂര്‍ വരെ ബാറ്ററി ബാക്കപ്പ് ലഭിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.

ഫോണിന്‍റെ സവിശേഷതകള്‍
7000 സീരിസ് അലുമിനീയം യൂണിബോഡി ഡിസൈനാണ് സെഡ് 2 ഫോഴ്സിനുള്ളത്. ഫോണ്‍ തികച്ചും വാട്ടര്‍ റിപ്പല്ലന്‍റാണ്. ഒരു തുള്ളി വെള്ളം പോലും അകത്തു കയറാതിരിക്കാനായി നാനോ കോട്ടിംഗ് പ്രത്യേകമായി ഉപയോഗിച്ചിരിക്കുന്നു. വിവിധ തരം പവര്‍ മോഡുകള്‍ ഘടിപ്പിക്കുന്നതിനായി ഫോണിന്‍റെ പിന്‍ ഭാഗത്ത് പോഗോ പിന്നുകളുണ്ട്. 2730 മില്ലി ആംപെയര്‍ ബാറ്ററി ഫോണിലുണ്ട്.

5.5 ഇഞ്ച് ക്വല്‍ എച്ച്‌.ഡി (1440X2560 പിക്സല്‍സ്) ഡിസ്പ്ലേയാണ് ഫോണിലുള്ളത്. ഫോണ്‍ താഴെ വീണാലും കേടുപാട് സംഭവിക്കാതിരിക്കാന്‍ ഷാറ്റര്‍ ഷീല്‍ഡ് പി.ഒ.എല്‍.ഇ.ഡി ടെക്നോളജിയും ഡിസ്പ്ലേയിലുണ്ട്. 4ജിബി, 6 ജി.ബി റാം വെര്‍ഷനുകളില്‍ ഫോണ്‍ ലഭിക്കും. ക്വാല്‍കോം 835 എസ്.ഒ.സി ചിപ്പ്സെറ്റാണ് ഫോണിന് കരുത്ത് പകരും. ഗൂഗിള്‍ ആന്‍ഡ്രോയിഡ് 7.1.1 നൌഗട്ടാണ് ഓപ്പറേറ്റിങ്ങ് സിസ്റ്റത്തിലാണ് ഫോണിന്‍റെ പ്രവര്‍ത്തനം.

12 മെഗാപിക്സലിന്‍റെ  ഇരട്ട പിന്‍ ക്യാമറയാണ് ഫോണിലുള്ളത്. സോണി ഐ.എം.എക്സ് ഇമേജ് സെന്‍സര്‍ കൂടുതല്‍ മിഴിവാര്‍ന്ന ചിത്രങ്ങള്‍ സമ്മാനിക്കും. 5 മെഗാപിക്സലിന്‍റേതാണ് മുന്‍ ക്യാമറ. 85 ഡിഗ്രി വൈഡ് ആംഗിള്‍ ലെന്‍സ് സെല്‍ഫി പ്രേമികളെ അമ്പരപ്പിക്കും. 64 ജി.ബി, 128 ജി.ബി ഇന്‍റേണല്‍ മെമ്മറി ഓപ്ഷനുകള്‍ സെഡ് 2 ഫോഴ്സിലുണ്ട്. എക്സ്ടേണല്‍ കാര്‍ഡ് ഉപയോഗിച്ച്‌ ഇത് 2 ടി.ബി വരെ ഉയര്‍ത്താം.

 
� Infomagic - All Rights Reserved.