ഐഫോണിന്‍റെ ബാറ്ററി മാറ്റുന്നതിനുള്ള തുക കുറച്ചു
January 03,2018 | 10:32:06 am

ബാറ്ററി തകരാറിന്‍റെ പേരില്‍ ഐഫോണ്‍ പഴയ മോഡലുകളുടെ വേഗത കുറച്ചത് വന്‍ വാര്‍ത്തയായിരുന്നു. സംഭവം വിവാദമായതോടെ കമ്പനി മാപ്പ് പറഞ്ഞ് തലയൂരുകയും ചെയ്തു.  ഇതിന് പിന്നാലെ അമേരിക്കയില്‍ കമ്പനി പഴയ ഐഫോണുകളുടെ ബാറ്ററി മാറ്റുന്നതിനുള്ള തുക കുറച്ചു. ഈ ആനുകൂല്യം ഇന്ത്യയിലെ ഐഫോണ്‍ ഉപയോക്താക്കള്‍ക്കും നല്‍കാന്‍ കമ്പനി തീരുമാനിച്ചിരിക്കുകയാണ്.

ഇന്ത്യയില്‍ വെറും 2000 രൂപ ചെലവാക്കി പഴയ ഐഫോണിന്‍റെ ബാറ്ററി മാറ്റാനാകും. നികുതികള്‍ ഉള്‍പ്പെടെയാണ് ഈ തുക. ഐഫോണ്‍ 6, 6പ്ലസ്, 6s, 6s പ്ലസ്, 7, 7 പ്ലസ് എന്നീ മോഡലുകള്‍ക്ക് ഈ ആനുകൂല്യം ലഭിക്കും.

നേരത്തേ ഇന്ത്യയില്‍ ഐഫോണിന്‍റെ ബാറ്ററി മാറ്റണമെങ്കില്‍ 6500 രൂപ ചെലവാക്കണമായിരുന്നു. ഇതാണ് ഇപ്പോള്‍ ഏതാണ്ട് മൂന്നിലൊന്നായി കുറച്ചിരിക്കുന്നത്. രാജ്യത്തുടനീളമുള്ള ഐഫോണ്‍ സര്‍വ്വീസ് സെന്‍ററുകളില്‍ നിന്ന് പുതിയ നിരക്കില്‍ ബാറ്ററി മാറ്റാന്‍ കഴിയും.

iOS 11.2 അപ്ഡേറ്റോടെ ഐഫോണ്‍ 6-ന്‍റെ വേഗത കുറഞ്ഞത് ശ്രദ്ധയില്‍ പെട്ടതോടെയാണ് ആപ്പിളിന്റെ വേഗത കുറയ്ക്കല്‍ തന്ത്രം പുറത്തറിയുന്നത്. ബാറ്ററി മാറ്റിയതോടെ ഫോണ്‍ വീണ്ടും പഴയ പ്രകടനം കാഴ്ചവയ്ക്കാന്‍ തുടങ്ങി. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റിലൂടെ ആപ്പിള്‍ പഴയ മോഡലുകളുടെ വേഗത കുറയ്ക്കുകയാണെന്ന് വ്യക്തമായി.

വിവാദം കൊടുമ്പിരി കൊണ്ടതോടെ, പഴയ ബാറ്ററികള്‍ ഉപയോഗിക്കുന്ന ഫോണുകളുടെ പ്രവര്‍ത്തന മികവ് ഉറപ്പുവരുത്തുന്നതിനായാണ് ഫോണുകളുടെ വേഗത കുറച്ചതെന്ന് ആപ്പിള്‍ സമ്മതിച്ചു.

കമ്പനിയുടെ തീരുമാനം സദുദ്ദേശപരമായിരുന്നുവെങ്കിലും അത് മുഖവിലയ്ക്കെടുക്കാന്‍ ഉപയോക്താക്കള്‍ തയ്യാറായില്ലെന്ന് മാത്രമല്ല അവര്‍ ആപ്പിളിനെതിരെ കേസുകള്‍ കൊടുക്കാനും തുടങ്ങി. ഇതോടെയാണ് ആപ്പിള്‍ വിലക്കിഴിവില്‍ ബാറ്ററികള്‍ മാറ്റാന്‍ സൗകര്യമൊരുക്കിയത്. പഴയ ഫോണുകള്‍ക്കായി പുതിയ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് ഉടന്‍ പുറത്തിറക്കുമെന്നും കമ്പനി അറിയിച്ചിട്ടുണ്ട്.

Related News
� Infomagic - All Rights Reserved.