ഓഖിയാല്‍ കലങ്ങിയ കേരളത്തില്‍ ബി.ജെ.പി മീന്‍ പിടാക്കാനിറങ്ങുന്നു...
December 03,2017 | 12:12:37 pm
Share this on

തിരുവനന്തപുരം: ഓഖി ചുഴലിക്കാറ്റ് സംസ്ഥാനത്ത് കനത്ത നാശം വിതച്ച സാഹചര്യത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പിടിപ്പുകേടുകള്‍ തുറന്ന് കാട്ടി കേരളത്തില്‍ വേരുറപ്പിക്കാനുള്ള ശ്രമത്തിലാണ് ബി.ജെപി.

ഒഖിയുമായി ബന്ധപ്പെട്ട് സ്ഥിതിഗതികള്‍ വിലയിരുത്താന്‍ കേന്ദ്ര പ്രതിരോധ മന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് തിരുവനന്തപുരത്ത് എത്തും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് തിരുവനന്തപുരത്ത് വ്യോമസേന വിമാനത്താവളത്തിലാണ് നിര്‍മലാ സീതാരാമന്‍ എത്തുക.

കേന്ദ്ര വകുപ്പുകള്‍ യഥാസമയം അറിയിപ്പ് നല്‍കിയിട്ടും സംസ്ഥാനം ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെന്ന ആക്ഷേപം ബി.ജെപി സംസ്ഥാന നേതൃത്വം ഉന്നയിച്ച സാഹചര്യത്തിലാണ് കേന്ദ്രത്തിന്റെ ഇടപെടല്‍ എന്നതും ശ്രദ്ധേയമാണ്. കോഴിക്കോട് ബേപ്പൂരില്‍ നിന്നും കാണാതായവരെ മഹാരാഷ്ട്രയില്‍ കണ്ടെത്തിയ സാഹചര്യത്തില്‍ ഇത് മഹാരാഷ്ട്ര സര്‍ക്കാരിന്റെ കഴിവാണെന്ന് ബോധ്യപ്പെടുത്താനുള്ള ശ്രമങ്ങളും അണിയറിയില്‍ ഒരുങ്ങുന്നുണ്ട്. ദൂരദര്‍ശനുള്‍പ്പെടെ ഇത്തരത്തില്‍ രക്ഷപ്പെട്ട തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നും മഹാരാഷ്ട്ര സര്‍ക്കാരിനെ പ്രകീര്‍ത്തിച്ചുള്ള വാര്‍ത്തകള്‍ നല്‍കണമെന്ന നിര്‍ദേശവും താഴെതട്ടിലേക്ക് നല്‍കി കഴിഞ്ഞു.

വൈകീട്ട് തിരുവനന്തപുരത്ത് എത്തുന്ന നിര്‍മലാ സീതാരാമന്‍ അവിടെ നിന്ന് ആദ്യം പോകുന്നത് കന്യാകുമാരിയിലേക്കായിരിക്കും. അതിന് ശേഷമായിരിക്കും തിരുവനന്തപുരത്ത് എത്തുക. തലസ്ഥാനത്ത് വലിയ തോതില്‍ നാശം നഷ്ടം വിതച്ച ഓഖി ചുഴലിക്കാറ്റിനെ ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആഭ്യന്തരമന്ത്രി രാജ് നാഥ് സിംഗിന്റെ അഭ്യര്‍ത്ഥന പ്രകാരം കേന്ദ്ര മന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തു

അതേസമയം സംസ്ഥാനത്ത് ഓഖി ചുഴലിക്കാറ്റ് വിതച്ച ദുരന്തത്തില്‍ മരണസംഖ്യ വീണ്ടും ഉയര്‍ന്നു. തിരുവനന്തപുരം പൂന്തുറയില്‍ കടല്‍ക്ഷോഭത്തില്‍ മരിച്ച ഒരാളുടെ മൃതദേഹം കൂടി ഇന്ന് കണ്ടെടുത്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ മരണസംഖ്യ 15 ആയി ഉയര്‍ന്നു. തലസ്ഥാനത്ത് ഓഖി ദുരന്തത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പതിനൊന്നാമത്തെ മരണമാണിത്.

RELATED STORIES
� Infomagic - All Rights Reserved.