കിവാനോ എന്ന ആഫ്രിക്കൻ മുള്ളൻ കക്കിരി
October 12,2017 | 10:35:41 am
Share this on

ഇലയിലും തണ്ടിലും നിറയെ മുള്ളുകളുള്ള ഈ വെള്ളരിയിനം ആഫ്രിക്കൻ മുള്ളൻ കക്കിരി, ഇംഗ്ലീഷ് തക്കാളി എന്നൊക്കെ അറിയപ്പെടുന്നു. ജെല്ലി മെലണ്‍, കിവാനോ തുടങ്ങിയ അപരനാമങ്ങളിലും ആഫ്രിക്കന്‍ കക്കിരി അറിയപ്പെടുന്നു‌. തെക്കന്‍ ആഫ്രിക്കയിലെ ദരിദ്രരാജ്യങ്ങളില്‍ പോഷകകമ്മിയും ശരീരത്തിന്‍റെ വിളര്‍ച്ചയും പരിഹരിക്കാന്‍ ലക്ഷ്യമിട്ട്‌ ലോകാരോഗ്യസംഘടന പ്രോത്സാഹിപ്പിക്കുന്ന തനതു വിളകളിലൊന്നാണ്‌ ആഫ്രിക്കന്‍ കക്കിരി. അലങ്കാരത്തിന് വേണ്ടി കൃഷിചെയ്ത വിളയെ 1930 മുതൽ നടത്തിയ ഗവേഷണത്തിൽ ന്യൂസിലൻഡ് വാണിജ്യവിളയാക്കി മാറ്റി. ഗൾഫ്, യൂറോപ്പ് എന്നിവിടങ്ങളാണ് മുള്ളൻ കക്കിരിയുടെ കയറ്റുമതി വിപണി. അത്യന്തം പോഷകസമ്പന്നമാണ്‌ ഈ വിള. മുള്ളുകളുള്ള പുറംതൊലിക്ക് ഉള്ളിലുള്ള ജെല്ലിപോലുള്ള മാംസള ഭാഗമാണ് ഭക്ഷ്യയോഗ്യം. പാഷന്‍ ഫ്രൂട്ടിന്‍റെപഴത്തിനുള്ളിലെന്നതുപോലെ ജെല്ലി പോലുള്ള ഉള്‍ഭാഗത്ത്‌ വിത്തുകള്‍ കുടുങ്ങിക്കിടക്കുന്നു. എന്നാല്‍ പാഷന്‍ ഫ്രൂട്ട്‌ പഴത്തിന്‍റെ ഉള്ളിലെ വിത്തുകളെക്കാള്‍ മൃദുലമാണ്‌ മുള്ളന്‍ കക്കിരിയുടെ ഉള്ളിലെ  വിത്തുകള്‍.. ഉള്ളിലെ ജെല്ലിപോലുള്ള ഭക്ഷ്യയോഗ്യമായ ഭാഗം വലിച്ചെടുത്ത്‌ അല്‍പം പഞ്ചസാര ചേര്‍ത്ത്‌ നേരിട്ട്‌ ഭക്ഷിക്കാം. ഫ്രൂട്ട്‌ സാലഡ്‌, ജ്യൂസ്‌, ഐസ്‌ക്രീം എന്നിവയുണ്ടാക്കാനും മുള്ളന്‍ കക്കിരി ഉപയോഗിക്കാം. പാഷന്‍ ഫ്രൂട്ട്‌ ജ്യൂസും മുള്ളന്‍ കക്കിരി ജ്യൂസും കൂട്ടിച്ചേര്‍ത്തുകഴിക്കാനും നല്ലതാണ്‌. ചെറിയ കായ്കൾ സാലഡിന് ഉപയോഗിക്കുന്നു.  ഉള്ളിലെ ജെല്ലിപോലുള്ള ഭാഗവും വിത്തുകളും ഒരുപോലെ ഔഷധഗുണമുള്ളതും പോഷകസമ്പന്നവുമാണ്‌. വൈറ്റമിന്‍ സി, മഗ്നീഷ്യം, വൈറ്റമിന്‍ എ എന്നിവയുടെ കലവറയാണ്‌ മുള്ളന്‍ കക്കിരി. ഇരുമ്പ്‌, പൊട്ടാസ്യം, സിങ്ക്‌, കാത്സ്യം, കോപ്പര്‍, സോഡിയം, വൈറ്റമിന്‍ ഇ എന്നിവയും നല്ലയളവില്‍ ഇതിലടങ്ങിയിരിക്കുന്നു. വിത്തിലുള്ള ലിനോലിക്‌ ആസിഡ്‌ മനുഷ്യന്‍റെ ആരോഗ്യ സംരക്ഷണത്തിന്‌ ഉത്തമമാണ്‌. വിത്തില്‍ തന്നെയുള്ള ഒലിയിക്‌ ആസിഡ്‌ രക്‌തസമ്മര്‍ദം താഴ്‌ത്തും. ചര്‍മ്മസംരക്ഷണത്തിനും നിശാന്ധത തടയുന്നതിനും നല്ലതാണ്‌. . പാര്‍ക്കിന്‍സണ്‍സ്‌, അള്‍ഷിമെഴ്‌സ് തുടങ്ങിയ രോഗങ്ങളെയും മുള്ളന്‍ കക്കിരി തടയും. ചൂടുള്ള കാലാവസ്‌ഥയാണ്‌ മുള്ളന്‍ കക്കിരിയുടെ വളര്‍ച്ചയ്ക്ക് ഉത്തമം. കേരളത്തില്‍ ആണ്ടുമുഴുവന്‍ കൃഷിചെയ്യാം. നല്ല നീര്‍വാര്‍ച്ചയുള്ളതും ഈര്‍പ്പം നിലനില്‍ക്കുന്നതുമായ വളക്കൂറുള്ള ഏതു മണ്ണിലും മുള്ളന്‍ കക്കിരി നന്നായി വളരും. വെള്ളരി വര്‍ഗ വിളകളുടേതുപോലെയാണ്‌ കൃഷിരീതി. 20 ഡിഗ്രി സെല്‍ഷ്യസ്‌ വരെ അന്തരീക്ഷ താപനില വളര്‍ച്ചയ്ക്ക് അനുകൂലമാണ്. മൂന്നു മാസത്തിനകം വിളവെടുക്കാം. ഒരു ചെടിയില്‍ 40 കായ്‌കള്‍ വരെയുണ്ടാകും. പരാഗണം നടന്നാല്‍ 30-40 ദിവസംകൊണ്ട്‌ പരമാവധി തൂക്കമെത്തും. മുകളിലേക്കു വള്ളിയായി വളരുന്ന രീതിയിലാണ്‌... മൂപ്പെത്തിയ കായ്കൾക്ക് മധുരവും നേര്‍ത്ത പുളിയും കലര്‍ന്ന രുചിയാണ്. ദീര്‍ഘമായ സൂക്ഷിപ്പുകാലമാണ്‌ മുള്ളന്‍ കക്കിരിയുടെ പ്രത്യേകത. പാകമായ ഓരോ കായ്‌ക്കും 200-300 ഗ്രാം തൂക്കമുണ്ടാകും. അന്താരാഷ്ട്ര മാർക്കറ്റിൽ കിലോഗ്രാമിന് 6000 രൂപ വിലവരും എന്ന് മുൻപ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ടെറസിലും പച്ചക്കറിത്തോട്ടത്തിലും പോളിഹൗസിലും പൂന്തോട്ടത്തിലും കൃഷിചെയ്യാന്‍ യോജിച്ച വിളയാണ്‌ മുള്ളന്‍ കക്കിരി.

RELATED STORIES
� Infomagic - All Rights Reserved.