അധികാര സ്ഥാനത്തുള്ള സ്ത്രീകളോട് പുരുഷന്‍മാര്‍ അധികം സംസാരിക്കരുത്, ചിലപ്പോള്‍ അകത്തായേക്കാം..?
April 08,2017 | 04:24:35 pm
Share this on

വിവിധ ആവശ്യങ്ങള്‍ക്കായി നിരന്തരം സര്‍ക്കാര്‍ ഓഫിസുകള്‍ കയറിയിറങ്ങുന്ന പുരുഷന്മാര്‍ സൂക്ഷിക്കുക, അധികാര സ്ഥാനത്തുള്ള സ്ത്രീകളോട് നിങ്ങള്‍ അധികം  സംസാരിച്ചാല്‍ ചിലപ്പോള്‍ അകത്തായേക്കാം. ഒപ്പം സ്ത്രീത്വത്തെ അപമാനിച്ചെന്ന തരത്തിലുള്ള പൊലീസ് കേസുകളില്‍പെട്ട് ആകെ പൊല്ലാപ്പാകുകയും ചെയ്യും. പ്രശസ്ത സംവിധായകന്‍ ജൂഡ് ആന്റണിയുമായുള്ള തര്‍ക്കത്തില്‍ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ കാണിച്ചുതരുന്നതും അതാണ്. ജൂഡ് ആന്റണിക്കെതിരേ മേയര്‍ സൗമിനി ജെയിന്‍ നല്‍കിയ പരാതിയാണ് ഇപ്പോള്‍ ഇത്തരം ചര്‍ച്ചകളിലേക്ക് കൊണ്ടെത്തിക്കുന്നത്.

പരാതിക്ക് ഇടയാക്കിയ സംഭവമിങ്ങനെ.
സിനിമാ ചിത്രീകരണത്തിനായി നഗരസഭയ്ക്കു കീഴിലുള്ള സുഭാഷ് പാര്‍ക്ക് വിട്ടുനല്‍കാത്തതിനെ ചോദ്യം ചെയ്താണ് സംവിധായകന്‍ പ്രശ്‌നം സൃഷ്ടിച്ചതെന്നു പരാതിയില്‍ പറയുന്നത്. സ്ത്രീകളും കുട്ടികളും നേരിടുന്ന ചൂഷണത്തിനെതിരായി ഹ്രസ്വ ചിത്രത്തിന്റെ ചിത്രീകരണത്തിനായിരുന്നു സ്ഥലം ചോദിച്ചത്. കൗണ്‍സിലിന്റെ അനുമതിയില്ലാതെ പാര്‍ക്ക് നല്‍കാനാവില്ലെന്ന് മേയര്‍ അറിയിച്ചതോടെ അവിടെത്തന്നെ ഷൂട്ടിംഗ് നടത്തുമെന്ന് വെല്ലുവിളിച്ചു ജൂഡ് ആന്റണി മടങ്ങുകയായിരുന്നുവത്രേ. ഏപ്രില്‍ ഒന്നിന് നടന്ന സംഭവത്തില്‍  മേയര്‍ സൗമിനി ജെയിന്‍ അന്നു തന്നെ സിറ്റി പൊലീസ് കമ്മിഷണര്‍ക്ക് പരാതി നല്‍കിയിരുന്നു.

 ജൂഡ് ആന്റണിക്ക്  പറയാനുള്ളത് ....
 സംസ്ഥാന സര്‍ക്കാരിന്റെ ഉത്തരവുമായി വന്നാല്‍ സ്ഥ്‌ലം വിട്ടുനല്‍കാമെന്ന് മേയര്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ മന്ത്രി ഷൈലജ ടീച്ചറെ സമീപിച്ചിരുന്നു. തുടര്‍ന്ന് പ്രത്യേക കേസായി ഇതു കണ്ടു അനുമതി നല്‍കണമെന്ന് നഗരസഭയ്ക്ക് ശുപാര്‍ശ നല്‍കുകയും ചെയ്തു. പിന്നീട് മേയറെ കാണാന്‍ ചെന്നപ്പോള്‍ മന്ത്രിയെ വിഷയത്തില്‍ ഇടപെടുത്തിയത് ശരായിയില്ലെന്നും അതുതന്നെ അപമാനിച്ചെന്നും സൗമിനി ജയിന്‍ പറഞ്ഞു. വിഷയത്തില്‍ താന്‍ ക്ഷമ ചോദിച്ചു. തുടര്‍ന്ന് പാര്‍ക്ക് വിട്ടുനല്‍കാത്തത് മോശമായിപ്പോയെന്നും ഇതിനെതിരെ പ്രതികരിക്കുമെന്നും അറിയിച്ച് താന്‍ ഓഫിസ് വിടുകയായിരുന്നുവെന്നും ജൂഡ് പറയുന്നു.

മേയറുടെ വിശദീകരണം ....
ഓഫിസിലെത്തിയ സംവിധായകന്‍ തന്നെ കാണാന്‍ എത്തിയവരുടെ മുന്നില്‍വച്ചു ബഹളമുണ്ടാക്കുകയും സ്ത്രീയെന്ന പരിഗണനപോലും നല്‍കാതെ അസഭ്യം പറയുകയും ചെയ്തതായി സൗമിനി ജയിന്‍ പറയുന്നു. പാര്‍ക്ക് സിനിമാ ചിത്രീകരണത്തിനായി വിട്ടുകൊടുക്കേണ്ടെന്ന കൗണ്‍സില്‍ തീരുമാനമുള്ളതിനാല്‍ ഇതിനായി കൗണ്‍സിന്റെ അംഗീകാരം തേടിയിരുന്നു. എന്നാല്‍ അംഗീകാരം ലഭിച്ചിട്ടില്ലെന്ന് താന്‍ ജൂഡിനെ അറിയിക്കുക മാത്രമാണ് ചെയ്തതെന്നും മേയര്‍ പറയുന്നു.  ഇതില്‍ ക്ഷുഭിതനായ ജൂഡ് അവിടത്തന്നെ ഷൂട്ടിംഗ് നടത്തുമെന്ന് വെല്ലുവിളിച്ചു  ശക്തമായി ഡോര്‍ വലിച്ചടച്ചു   പുറത്തുപോയി എന്നും മേയര്‍ പറയുന്നു. ..

ഇന്ന്  പുരുഷന്‍മാരെപ്പോലെ സ്ത്രീകളും നിരവധി അധികാര കേന്ദ്രങ്ങളുടെ ചുമതല വഹിക്കുന്നുണ്ട്. അവരെ പലവിധ ആവശ്യങ്ങള്‍ക്കായി സ്ത്രീകളും കുട്ടികളും പുരുഷന്‍മാരുമൊക്കെ സമീപിക്കാറുമുണ്ട്. സമീപിക്കുന്നവരുടെ ചില അപേക്ഷകളില്‍ അധികാര സ്ഥാനത്തിരിക്കുന്ന സ്ത്രീകള്‍ തെറ്റായ തീരുമാനമെടുത്തേക്കാം. അതിനെതിരേ പ്രതികരിക്കാനും തെറ്റായ തീരുമാനം തിരുത്തിക്കാനും സാധാരണക്കാരന് അവകാശമുണ്ട്. ഹര്‍ത്താല്‍ നിയമവിരുദ്ധമല്ലെന്ന് സുപ്രീംകോടതി പറഞ്ഞിട്ടുള്ള നാട്ടില്‍ ഇത്തരത്തില്‍ ഒന്നു പ്രതികരിച്ചതിന് സ്ത്രീത്വത്തെ അപമാനിച്ചുവെന്ന് പറഞ്ഞ് പരാതി നല്‍കുന്നത് ശരിയോ?

കേരളത്തിലെ ഏറ്റവും വലിയ നഗരത്തിന്റെ മേയറാണ് സൗമിനി ജയിന്‍. തനിക്കെതിരെ ഒരാള്‍ ശബ്ധം ഉയര്‍ത്തി സംസാരിച്ച തിന്‍റെ പേരില്‍  സ്ത്രീത്വത്തെ അപമാനിച്ചെന്ന തരത്തിലുള്ള  സെന്റിമെന്‍റ് വര്‍ക്കു ചെയ്യുന്ന കുപ്പായം അണിയേണ്ടി വരുന്നതു ശരിയാണോ.  വലിയ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ കുറച്ചു കൂടി പക്വത കാണിക്കേണ്ടേ.    അങ്ങിനെയുള്ള  വിശ്വാസത്തിലാണ് അവരെ ജനം ജനപ്രതിനിധിയായി തെരഞ്ഞെടുത്തത്. എന്നാല്‍ തന്റെ തീരുമനത്തെ ചോദ്യം ചെയ്തു എന്നുള്ള ഒറ്റക്കാരണത്താല്‍   ഈഗോ മൂലം  ഒരാളെ നിയമക്കുരുക്കില്‍ അകപ്പെടുത്തുന്നത് ശരിയോ? ഇങ്ങനെയാണ് ഭാവിയിലും സമീപനമെങ്കില്‍ ഏതെങ്കിലും ഒരു പരാതിയുമായി ഒരു പുരുഷന് അവരുടെ മുന്നിലെത്താന്‍ കഴിയുമോ? ഒരു സിനിമാ സംവിധായകനെക്കാളും പക്വത കാണിക്കേണ്ടിയിരുന്ന അവര്‍ കുറച്ചുകൂടി മാന്യമായ മാര്‍ഗത്തിലൂടെ ആവേണ്ടിയിരുന്നില്ലേ കാര്യങ്ങള്‍ പരിഹരിക്കേണ്ടിയിരുന്നത്.  

കാര്യങ്ങള്‍ ഇങ്ങനെ പോയാല്‍ അധികാര സ്ഥാനത്തുള്ള സ്ത്രീകള്‍  എടുക്കുന്ന തീരുമാനങ്ങളില്‍  പുരുഷന്മാര്‍ക്ക്‌  എതിര്‍പ്പ് പറയാന്‍ പോലും കഴിയാത്ത  അവസ്ഥയാകും ഉണ്ടാവുക. എതിര്‍ത്താല്‍  സ്ത്രീത്വത്തെ അപമാനിച്ചതിന്‍റെ പേരിലോ, ഒരു പക്ഷേ    സ്ത്രീപീഡനത്തിന്‍റെ  പേരിലോ  പുരുഷന്മാര്‍   അകത്തായേക്കാം. ജാഗ്രതെ ...

 

RELATED STORIES
� Infomagic - All Rights Reserved.