ധോണിയെ മാത്രം വിമർശിക്കുന്നതെന്തിന്: കൊഹ്‌ലി
November 08,2017 | 03:24:25 pm
Share this on

തിരുവനന്തപുരം: ഇന്ത്യൻ ടീം മുൻ ക്യാപ്ടൻ മഹേന്ദ്ര സിംഗ് ധോണിയെ പിന്തുണച്ച് ക്യാപ്ടൻ വിരാട് കൊഹ്‌ലി രംഗത്ത്. ധോണിയെ ഒറ്റപ്പെടുത്തി വിമർശിക്കുകയാണെന്ന് കൊഹ്‌ലി പറഞ്ഞു. ധോണിയുടെ പിഴവുകളെ കുറ്റപ്പെടുത്തുന്ന വിമർശകർ താനടക്കമുള്ള മറ്റ് കളിക്കാരുടെ പരാജയങ്ങളെ അവഗണിക്കുകയാണെന്നും കൊഹ്‌ലി കുറ്റപ്പെടുത്തി. ന്യൂസിലൻഡിനെതിരായ ട്വന്റി 20 പരന്പര നേടിയ ശേഷം സംസാരിക്കുകയായിരുന്നു.

രാജ്കോട്ടിൽ നടന്ന രണ്ടാം മത്സരത്തിൽ ധോണി 37 പന്തിൽ 49 റൺസെടുത്തെങ്കിലും ആദ്യം ധാരാളം പന്തുകൾ പാഴാക്കുകയായിരുന്നു. ഇതേതുടർന്ന് ധോണി ട്വന്റി 20 മത്സരങ്ങളിൽ നിന്ന് വിരമിക്കണമെന്ന് മുൻ താരം വി.വി.എസ്.ലക്ഷ്മൺ ആവശ്യപ്പെട്ടിരുന്നു. ടീമിൽ ധോണിയുടെ പങ്ക് എന്താണെന്ന് അദ്ദേഹത്തെ ബോദ്ധ്യപ്പെടുത്താൻ ടീം മാനേജ്മെന്റ് ശ്രമിക്കണമെന്നായിരുന്നു വീരേന്ദർ സെവാഗിന്റെ വിമർശനം.

ധോണിയെ മാത്രം ലക്ഷ്യമിടുന്നത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. ബാറ്റ്സ്‌മാനെന്ന നിലയിൽ ഞാൻ മൂന്ന് തവണ പരാജയപ്പെട്ടാൽ ആരും എനിക്കെതിരെ വിരൽ ചൂണ്ടില്ല. അതിന് കാരണം എനിക്ക് 35 വയസ് പിന്നിട്ടിട്ടില്ല എന്നതാണ് - കൊഹ്‌ലി പറഞ്ഞു.

ധോണിക്ക് പൂർണ കായികക്ഷമതയുണ്ടെന്ന് പറഞ്ഞ കൊഹ്‌ലി,​ ഗ്രൗണ്ടിൽ ധോണി എല്ലാ അർത്ഥത്തിലും ടീമിന് സംഭാവന നൽകുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടി. ശ്രീലങ്ക,​ ആസ്ട്രേലിയ ടീമുകൾക്കെതിരെയും മികച്ച പ്രകടനമാണ് നടത്തിയത്. ധോണിയെ വിമർശിക്കുന്നവർ അദ്ദേഹത്തിന് എത്ര സമയം ബാറ്റ് ചെയ്യാൻ കിട്ടുന്നു എന്ന കാര്യം കൂടി മനസിലാക്കണം. ഈ പരന്പരയിൽ ധോണിക്ക് ബാറ്റിംഗിന് ഏറെ സമയം ലഭിച്ചിട്ടില്ല. ഹാർദിക് പാണ്ഡ്യയ്ക്കു പോലും മികച്ച പ്രകടനം നടത്താനായില്ല. അങ്ങനെയാരു സാഹചര്യത്തിൽ ധോണിയെ മാത്രം ലക്ഷ്യം വച്ച് വിമർശിക്കുന്നത് ശരിയല്ലെന്നും കൊഹ്‌‌ലി പറഞ്ഞു.

RELATED STORIES
� Infomagic - All Rights Reserved.