കൂവളം : കൃഷിയും പരിപാലനവും
May 18,2017 | 07:49:34 am
Share this on

കൂവളം ഔഷധവൃക്ഷങ്ങളിൽ ഒന്നാണ്. ക്ഷേത്രപൂജകൾ‌ക്ക് ഇതിന്‍റെ ഇലകൾ ഉപയോഗിക്കാറുണ്ട്. കേരളത്തിലെവിടെയും നന്ന്നായി വളർത്താവുന്ന കൂവളത്തിന്‍റെ വംശവർധനയ്ക്കു തൈയാണു നടേണ്ടത്. പ്രായമായ മരങ്ങളിൽ ഡിസംബർ, ജനുവരി മാസങ്ങളിൽ കായ്കൾ പാകമാകും. കായ്കളിൽനിന്ന് വിത്തെടുത്തു കഴുകി വെയിലത്തിട്ട് ഉണക്കി സൂക്ഷിക്കാം. വിത്തുകൾ തവാരണകളിൽ പാകുന്നതിനു മുമ്പ് ആറു മണിക്കൂർ വെള്ളത്തിലിട്ടു കുതിർക്കണം. വിത്തു പാകി പുറമേ വൈക്കോൽകൊണ്ടു പുതയിടണം. കൃത്യമായി നനയ്ക്കണം. വിത്തുകൾ 15–20 ദിവസംകൊണ്ടു കിളിർക്കുന്നു. തൈയ്ക്ക് ആറ് ഇല പ്രായമായാൽ വേരുകൾ പൊട്ടാതെ പറിച്ചെടുത്ത് പോട്ടിങ് മിശ്രിതം നിറച്ച പോളിത്തീൻ ബാഗുകളിൽ നടണം. ഇവയിൽനിന്ന് രണ്ടു മൂന്നു പ്രായമായ തൈകൾ ഓരോ കുഴിയിലും നടുക. ജൂൺ, ജൂലൈ മാസങ്ങളാണ് നടാൻ പറ്റിയ സമയം. ഇതിനായി 45X45X45 സെ.മീ വലുപ്പത്തിൽ 3 മീറ്റർ അകലത്തിൽ കുഴികളെടുക്കണം. കുഴിയിൽനിന്നെടുത്ത മേൽമണ്ണും ജൈവവളങ്ങളും ചേർത്തിളക്കി നിറച്ചതിനുശേഷം തൈ നടാം. തൈകൾ വേനൽക്കാലത്തു നനയ്ക്കണം. വർഷംതോറും ജൈവവളങ്ങൾ ചേർക്കണം പത്തു വർഷമാകുന്നതോടെ തടിയും വേരും ഔഷധാവശ്യത്തിന് എടുക്കാം. കൂവളം ദശമൂല ഔഷധത്തിൽ പ്രധാന ചേരുവയാണ് വാതരോഗങ്ങൾ, കാസം, കഫക്കെട്ട്, പനി, തലവേദന, പ്രമേഹം, ഉദരരോഗങ്ങൾ എന്നിവയ്ക്ക് ഇതിന്റെ ഇലയും വേരും ഫലമജ്ജയും ഔഷധമാണ്. ദശമൂലാരിഷ്ടം, രസായനം, വില്വാദി ഗുളിക, വില്വാദി ലേഹ്യം എന്നിവയിൽ കൂവളവേരു പ്രധാന ചേരുവയാണ്. കൂവളം രണ്ടിനങ്ങളുണ്ട്. ഉത്തരേന്ത്യനും ദക്ഷിണേന്ത്യനും. കൃഷിക്കു പറ്റിയത് ഉത്തരേന്ത്യൻ ഇനമാണ്.

RELATED STORIES
� Infomagic - All Rights Reserved.