തോമസ്‌ ചാണ്ടിയുടെ ഭാവിയെന്തുമാകട്ടെ, പക്ഷേ ലേക് പാലസ് എന്ന വ്യവസായം സംരക്ഷിപ്പെടണം..
November 12,2017 | 11:31:56 am
Share this on

മന്ത്രി തോമസ് ചാണ്ടി കായല്‍ കയ്യേറിയെന്നും നിലം നികത്തിയെന്നുമൊക്കെയുള്ള ആരോപണങ്ങള്‍ അദ്ദേഹത്തെ രാജിയുടെ വക്കില്‍ കൊണ്ടെത്തിച്ചുനില്‍ക്കെ അധികം ചര്‍ച്ച ചെയ്യപ്പെടാതെ പോകുന്ന ചിലകാര്യങ്ങള്‍കൂടിയുണ്ട്. തോമസ് ചാണ്ടിയുള്‍പ്പെടെയുള്ള ഡയറക്ടര്‍മാര്‍ നിയന്ത്രിക്കുന്ന വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയുടെ ഉടമസ്ഥതയിലുള്ള ലേക് പാലസ് റിസോര്‍ട്ടുമായി ബന്ധപ്പെട്ടാണ് ഈ വിവാദങ്ങളത്രയും. ആലപ്പുഴപോലെ വിനോദ സഞ്ചാരത്തിന് ഏറെ സാധ്യതകളുള്ള ഒരു സ്ഥലത്ത് , വിനോദസഞ്ചാരികളെ ലക്ഷ്യമിട്ട് തുടങ്ങിയ ലേക് പാലസ് പോലുള്ള ഒരു റിസോര്‍ട്ടിന്‍റെ  തകര്‍ച്ചയിലേക്ക് നിലവിലെ വിവാദങ്ങള്‍ കൊണ്ടെത്തിക്കുമോ എന്ന ആശങ്കകൂടി ഇവിടെ ഉയരുന്നുണ്ട്.

ഈ വര്‍ഷം ലോകബാങ്ക് പുറത്തിറക്കിയ 2018 ലെ ബിസിനസ് ഇന്‍ഡക്‌സില്‍  വ്യാവസായിക സൗഹൃദ രാജ്യങ്ങളില്‍ ഇന്ത്യ 100-ാം സ്ഥാനത്താണ്. കഴിഞ്ഞവര്‍ഷത്തെക്കാള്‍ 30 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയിരിക്കുന്നു. എന്നാല്‍ ഈ നേട്ടം കൈവരിച്ചരിക്കുന്ന രാജ്യത്തെ ചെറിയ സംസ്ഥാനമായ കേരളത്തില്‍ 150 കോടിയോളം മുതല്‍ മുടക്കില്‍ സ്ഥാപിച്ച റിസോര്‍ട്ടിന് ഇവിടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്തു അടിസ്ഥാന സൗകര്യങ്ങളൊരുക്കി എന്നചോദ്യം പ്രസക്തമാണ്. ആലപ്പുഴയില്‍ ഒരു കിലോമീറ്റര്‍ റോഡ് നിര്‍മാണത്തിന് അനുവദിച്ച പണമുപയോഗിച്ച് മന്ത്രിയുടെ റിസോര്‍ട്ട് വരെ 400 മീറ്റര്‍മ മാത്രം ടാര്‍ ചെയ്തുവെന്നതാണ് ഉയരുന്ന പ്രധാന ആരോപണങ്ങളില്‍ ഒന്ന്.

ശതകോടിയിലധികം പണം മുടക്കി തുടങ്ങിയ റിസോര്‍ട്ടിലേക്ക് അടിസ്ഥാന സൗകര്യങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ടതായ വഴി ഒരുക്കി കൊടുക്കുവാന്‍ വ്യവസായ സൗഹൃദം എന്ന് പറയുന്ന  ഒരു സര്‍ക്കാരിനു ബാദ്ധ്യതയില്ലേ ?. അങ്ങിനെ ഒരു വഴി   ഒരുക്കാന്‍ സര്‍ക്കാര്‍ ശ്രദ്ധിച്ചിരുന്നുവെങ്കില്‍ ഈ ആരോപണങ്ങള്‍തന്നെ ഇപ്പോഴുയരില്ലായിരുന്നു. 13 വര്‍ഷമായി റിസോര്‍ട്ട് തുറന്നിട്ടെന്നും ഇതുവരെ അതു ലാഭത്തിലായിട്ടില്ലെന്നുമുള്ള തോമസ് ചാണ്ടിയുടെ നിയമസഭയിലെ വാക്കുകള്‍ മുഖവിലയ്‌ക്കെടുത്താല്‍ ഇവിടുത്തെ വ്യാവസായങ്ങളോട് സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന സമീപനം വ്യക്തമാകും. കേരളത്തില്‍ ഏറ്റവും സാധ്യതയുള്ള വിനോദ സഞ്ചാര മേഖലയില്‍ പ്രവര്‍ത്തിക്കുന്ന നൂറു കണക്കിന് വിദേശികള്‍ വന്നു പോകുന്ന, കോടിക്കണക്കിന് രൂപയുടെ വിദേശ നാണ്യം കേരളത്തിന്‌ നേടി തരുന്ന ഒരു  റിസോര്‍ട്ടിനാണ് ഈ ദുരനുഭവം എന്നുകൂടി ഇതോടൊപ്പം കൂട്ടിവായിക്കണം.

ഏതാണ്ട്  240 പേര്‍ ജോലി ചെയ്യുന്ന ആ സ്ഥാപനത്തിന്റെ ഭാവിയെക്കുറിച്ചുകൂടി വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ ഇവിടുത്തെ പൊതു സമൂഹം ചിന്തിക്കേണ്ടിയിരിക്കുന്നു. ആലപ്പുഴ മുന്‍സിപ്പാലിറ്റിയുടെ ചെറിയ പ്രദേശത്ത് ഇത്തരത്തിലുള്ള റിസോര്‍ട്ട് വരുമ്പോള്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തിന്റെയും ഭൂപരിഷ്‌ക്കരണ നിയമത്തിന്റെയും നൂലാമാലകളില്‍ പെടാതെ അതിനെ സംരക്ഷിക്കാന്‍ നടപടികളെടക്കാതിരുന്നത് സംസ്ഥാന വ്യവസായ വകുപ്പിന്റെ പിടിപ്പുകേടുകൂടിയാണ്.

ലേക് പാലസ് റിസോര്‍ട്ടിന് മുന്നില്‍ അടിഞ്ഞുകൂടുന്ന മാലിന്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് ദുര്‍ഗന്ധവും ബോട്ടുകള്‍ വന്നതടക്കുന്നതിന് തടസവുമുണ്ടാക്കാതിരിക്കാന്‍ മാര്‍ത്താണ്ഡം കായലില്‍ ബോയ കെട്ടിയത് വ്യവസായ സ്ഥാപനത്തിന്റെ കണ്ണിലൂടെ നോക്കുമ്പോള്‍ ന്യായീകരണം അര്‍ഹിക്കുന്നുണ്ട്. ഇതില്‍ നിയമലംഘനം നടന്നിട്ടുണ്ടെങ്കില്‍ ഇത്തരം സംവിധാനമൊരുക്കാന്‍ അനുവദിച്ച ഉദ്യോഗസ്ഥരാണ് ആദ്യം നടപടിക്ക് വിധേയരാകേണ്ടത്. ഒരു മന്ത്രിയെ അധികാരത്തില്‍നിന്ന് താഴെയിറക്കാന്‍ ലക്ഷ്യമിട്ട് ഒരു റിസോര്‍ട്ടിനെ കേന്ദ്രബിന്ദുവാക്കി വാര്‍ത്തകള്‍ പടയ്ക്കുമ്പോള്‍ ഇത്തരം നൂലാമാലകളില്‍ പെട്ട് കുടുങ്ങേണ്ടതാണോ സംസ്ഥാനത്തെ വ്യവസായ മേഖലയെന്ന ചോദ്യംകൂടി ഉയരുന്നുണ്ട്.

ലേക് പാലസ് റിസോര്‍ട്ട് കേരളത്തിലെ വ്യവസായമേഖലയുടെ ആകെ ചിത്രമായി വേണമെങ്കില്‍ കാണാം. ഇന്ന് ഇവിടുത്തെ എല്ലാ വ്യവസായങ്ങളും ഇത്തരത്തില്‍ നിരവധി പ്രതിസന്ധികള്‍ നേരിടുന്നുണ്ട്. കൊച്ചിയെന്ന വ്യവസായ നഗരത്തെ തണ്ണീര്‍ത്തട നെല്‍വയല്‍ സംരക്ഷണ നിയമത്തിന്റെ നൂലാമാലകളില്‍ പെടുത്തിയിരുന്നുവെങ്കില്‍ അങ്ങനെയൊരു നഗരം തന്നെയുണ്ടാകില്ലായിരുന്നു. ഈ നിയമങ്ങളെല്ലാം കര്‍ശനമായി പാലിക്കപ്പെടേണ്ടതു തന്നെയാണ്. പക്ഷെ ഇത്തരം നിയമങ്ങളില്‍ ഇവിടെ വ്യവസായം തുടങ്ങാനെത്തുന്നവര്‍ കുരുങ്ങിപ്പോകാതെ സംരക്ഷിക്കേണ്ടതും സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇല്ലെങ്കില്‍ കേരളം വ്യവസായ വിരോധികളുടെ നാടെന്ന ഖ്യാതിയില്‍നിന്ന് മുക്തമാകില്ല. തൊഴിലില്ലായ്മ പോലുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമായി തുടരുകയും ചെയ്യും. മന്ത്രിയുടെ തോമസ് ചാണ്ടിയുടെ രാഷ്ട്രീയഭാവി എങ്ങനെയെങ്കിലുമാകട്ടെ, പക്ഷേ ലേക് പാലസ് റിസോര്‍ട്ട് എന്ന സംരംഭത്തെ സംക്ഷിച്ചുകൊണ്ട് വ്യവസായ സൗഹൃദ മനോഭാവത്തിലേക്ക് സര്‍ക്കാര്‍ ആദ്യചുവട് വയ്ക്കണം.

RELATED STORIES
� Infomagic - All Rights Reserved.