ജെറ്റ് എയര്‍വെയ്‌സ് വീണ്ടും സ്വന്തമാക്കാന്‍ നരേഷ് ഗോയല്‍
April 14,2019 | 05:01:03 pm

ജെറ്റ് എയര്‍വെയ്‌സിന്റെ ഓഹരി വാങ്ങുന്നതിന് സ്ഥാപകനും മുന്‍ ചെയര്‍മാനുമായ നരേഷ് ഗോയല്‍ താത്പര്യപത്രം സമര്‍പ്പിച്ചു. സാമ്പത്തിക പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്ന് ജെറ്റ് എയര്‍വെയ്‌സിന്റെ 75 ശതമാനം ഓഹരികള്‍ വില്ക്കാനുളള ശ്രമത്തിലാണ് എസ്.ബി.ഐ. നേതൃത്വം നല്കുന്ന ബാങ്കുകളുടെ കണ്‍സോര്‍ഷ്യം.

നിലവില്‍ 8000 കോടി രൂപയോളമാണ് ജെറ്റ് എയര്‍വെയ്‌സ് വിവിധ ബാങ്കുകള്‍ക്കായി നല്കാനുളളത്. ജെറ്റ് എയര്‍വെയ്‌സ് വിവിധ ബാങ്കുകളില്‍ നിന്നും എടുത്ത വായ്പകളുടെ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് കഴിഞ്ഞ മാസമാണ് കണ്‍സോര്‍ഷ്യം ജെറ്റ് എയര്‍വെയ്‌സിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിനെ തുടര്‍ന്ന് നരേഷ് ഗോയലും ഭാര്യയും കമ്പനിയില്‍ നിന്നും രാജി വെച്ചിരുന്നു.

നൂറിലേറെ വിമാനങ്ങളുണ്ടായിരുന്ന ജെറ്റിന് ഇപ്പോള്‍ പത്തില്‍ താഴെ വിമാനങ്ങള്‍ മാത്രമാണുളളത്. പാട്ടത്തിനും മറ്റും എടുത്ത വിമാനങ്ങളുടെ വാടക കൃത്യമായി നല്കാന്‍ കഴിയാതെ വന്നതോടെ വിമാനങ്ങള്‍ തിരികെ നല്കുകയായിരുന്നു. കൂടാതെ ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ജെറ്റിന് ഇന്ധനം നല്കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ അവസാനിപ്പിച്ചിരുന്നു.

 
� Infomagic- All Rights Reserved.