വിദേശബാങ്കിലെ ജോലി കളഞ്ഞ് ബര്‍ഗര്‍ വില്‍ക്കുന്ന മഞ്ജു; കൊള്ളാം, ഈ കൊച്ചിക്കാരിയുടെ കച്ചവടം
August 10,2018 | 10:35:46 pm

ജങ്ക് ഫുഡാണ്, ആരോഗ്യത്തിന് നല്ലതല്ല എന്നൊക്കെയാണ് ബര്‍ഗറിനെക്കുറിച്ച് നമ്മുടെ നാട്ടില്‍ പറയാറ്. എന്നാല്‍ ആരും കൊതിക്കുന്ന തിളക്കമാര്‍ന്ന ബാങ്കുജോലി വേണ്ടെന്നുവച്ചു ബര്‍ഗര്‍ ബിസിനസില്‍ ഇറങ്ങിയ കൊച്ചിക്കാരി മഞ്ജു മാത്യുവിന്റെ അഭിപ്രായം ഇതില്‍നിന്ന് വിഭിന്നമാണ്. സഹോദരന്‍ ജോ മാത്യൂവിനെക്കൂടി ഒപ്പം കൂട്ടി കൊച്ചിയില്‍ തുടങ്ങിയ 'ബര്‍ഗര്‍ ജംക്ഷന്‍' എന്ന സംരംഭം ഇന്ന് ബര്‍ഗര്‍ പ്രേമികളുടെ നല്ലൊരിടമായി മാറിക്കഴിഞ്ഞു.

സാമ്പത്തിക മാന്ദ്യത്തില്‍ ജോലി പോയി
ബിരുദ തലത്തില്‍ സൈക്കോളജിയില്‍ ഒന്നാം റാങ്കോടെ പാസായ മഞ്ജു എംഎസ്ഡബ്ലൂവില്‍ ബിരുദാനന്തര ബിരുദവും നേടി. ഒപ്പം യുകെയിലെ ലസ്റ്ററില്‍നിന്നുള്ള എംബിഎ ബിരുദം ഈ സംരംഭകയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്ക് മാറ്റുകൂട്ടുന്നു. പിന്നീടായിരുന്നു രാജ്യാന്തര ബാങ്കുകളില്‍ ജോലി നോക്കിയത്. എന്നാല്‍ ആഗോള സാമ്പത്തിക മാന്ദ്യ സമയത്തെ കൂട്ട പിരിച്ചുവിടലില്‍ ജോലി നഷ്ടപ്പെട്ടു. വീണ്ടും മറ്റൊരു ബാങ്കിലെത്തി. ഇതിനിടയില്‍ മറ്റു ചില ബിസിനസുകളും പരീക്ഷിച്ചു നോക്കി.

മക്കളുടെ ചോദ്യം ബര്‍ഗറിലെത്തിച്ചു
ഓണ്‍ലൈന്‍ ഫര്‍ണിച്ചറും എച്ച്ആര്‍ കണ്‍സള്‍ട്ടന്‍സിയുമൊക്കെ നടത്തി നോക്കിയെങ്കിലും രക്ഷപെടാനായില്ല. മിഡില്‍ ഈസ്റ്റിലെ ബാങ്കില്‍ ഗ്ലോബല്‍ ബാങ്കിംഗ് മാനേജര്‍ എന്ന തിളങ്ങുന്ന കസേരയില്‍ ഇരിക്കുമ്പോഴാണ് ജോലി വിടാനുള്ള തീരുമാനമെടുക്കുന്നത്. വീട്ടിലെ സാഹചര്യംകൂടി പരിഗണിച്ച് ബിസിനസ് എന്ന ആഗ്രഹത്തിലേക്ക് കൂടുതല്‍ അടുത്തു. അങ്ങനെ 2014-ല്‍ ബര്‍ഗര്‍ ജംക്ഷന്‍ എന്ന കടയ്ക്ക് തുക്കമിട്ടു. ജെറ്റ് എയര്‍വെയ്‌സില്‍ ക്യാപ്റ്റനാണ് പങ്കാളിയും സഹോദരനുമായ ജോ മാത്യു.

സ്വന്തമായി എന്തെങ്കിലും തുടങ്ങണമെന്ന ചിന്ത ജോലി പോയ സമയത്തുതന്നെ ആലോചിച്ചിരുന്നുവെന്ന് മഞ്ജു പറയുന്നു. കട്‌ലെറ്റ്‌പോലുള്ള ബര്‍ഗറേ കേരളത്തിലുള്ളൂവെന്ന മക്കളുടെ(മൂന്നു പേര്‍) കമന്റും ബര്‍ഗറിലേക്ക് തിരിയാന്‍ പ്രേരിപ്പിച്ചുവെന്ന് ഇവര്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്തെ 180 ബര്‍ഗര്‍ ഔട്ട്‌ലെറ്റുകളുടെ രുചി കൊച്ചിയില്‍
ലോകത്തിലെ വിവിധ രാജ്യങ്ങളിലുള്ള 180 ബര്‍ഗര്‍ ഔട്ട്‌ലെറ്റുകള്‍ സന്ദര്‍ശിച്ച് അവിടുത്തെ രുചികളൊക്കെ കൊച്ചിയിലേക്ക് എത്തിക്കാന്‍ ജോക്ക് സാധിച്ചു. പനമ്പള്ളി നഗറിലും ഇടപ്പള്ളിയിലുമുള്ള രണ്ടു ഷോപ്പുകളില്‍ ലോകത്തെ മികച്ച കൂട്ടുകള്‍ക്കൊണ്ടുണ്ടാക്കിയ മികച്ചയിനം ബര്‍ഗറുകളാണ് നല്‍കുന്നത്. 150 രൂപ മുതല്‍ 400 രൂപവരെയാണ് വില.

'ബര്‍ഗര്‍ ആരോഗ്യത്തിന് ഹാനികരമെന്നും കുട്ടികള്‍ കഴിക്കരുതെന്നും പറയുന്നവരുണ്ട്. ധാരാളം മലയാളികള്‍ക്ക് കുടവയറുണ്ട്. അവരൊക്കെ ഇങ്ങനെയായത് ബര്‍ഗര്‍ കഴിച്ചിട്ടാണോ?'-മഞ്ജു ചോദിക്കുന്നു. മുന്‍പ് പാകം ചെയ്തു സൂക്ഷിക്കാത്ത, പ്രിസര്‍വേറ്റീവുകള്‍ ചേര്‍ക്കാത്ത തങ്ങളുടെ ബര്‍ഗറുകള്‍ നൂറുശതമാനം ആരോഗ്യകരമാണെന്ന് ഇവര്‍ അവകാശപ്പെടുന്നു.

 

 
� Infomagic - All Rights Reserved.