തോട്ടങ്ങള്‍ക്ക് കാര്‍ഷികാദായ നികുതി ഒഴിവാക്കി; മുന്‍കാല പ്രാബല്യമില്ല
October 11,2018 | 08:30:32 am

തിരുവനന്തപുരം: തോട്ടം മേഖലയുടെ ദീര്‍ഘകാലമായുള്ള ആവശ്യം അംഗീകരിച്ച് സംസ്ഥാനസര്‍ക്കാര്‍. തോട്ടം ഉടമകളില്‍നിന്ന് ഈടാക്കുന്ന കാര്‍ഷികാദായ നികുതി പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനം. വിശദാംശങ്ങള്‍ പരിശോധിച്ച് ഓര്‍ഡിനന്‍സ് ആയോ, ബില്‍ ആയോ ഇതിനായി നിയമഭേദഗതി കൊണ്ടുവരാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു.

തോട്ടം മേഖലയിലെ പ്രതിസന്ധി കണക്കിലെടുത്തു കാര്‍ഷികാദായ നികുതി ഈടാക്കുന്നത് അഞ്ചു വര്‍ഷത്തേക്കു മരവിപ്പിക്കാന്‍ ജൂണില്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജസ്റ്റിസ് കൃഷ്ണന്‍നായര്‍ കമ്മിഷന്റെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലായിരുന്നു നടപടി. എന്നാല്‍ നികുതി പിരിക്കുന്നതു മരവിപ്പിക്കാനുള്ള തീരുമാനം നിയമപരമായി നിലനില്‍ക്കില്ലെന്നു സര്‍ക്കാരിന് ഉപദേശം ലഭിച്ചു. ഈ സാഹചര്യത്തിലാണു പൂര്‍ണമായും ഒഴിവാക്കാന്‍ തീരുമാനിച്ചത്.

തോട്ടം മേഖലയിലെ കാര്‍ഷികാദായ നികുതി കാര്യമായി പിരിഞ്ഞു കിട്ടിയിരുന്നില്ല എന്നതിനാല്‍ ഇതുമൂലം സര്‍ക്കാരിനു വലിയ സാമ്പത്തിക നഷ്ടമില്ല. 201718 വര്‍ഷം 6.13 കോടി രൂപയാണ് ഈയിനത്തില്‍ പിരിഞ്ഞു കിട്ടിയത്. ഇതു സംസ്ഥാനത്തിന്റെ ആകെ നികുതി വരുമാനത്തിന്റെ 0.01% മാത്രമാണ്. നികുതി പിരിച്ചെടുക്കാനും നല്‍കാത്തവര്‍ക്കു നോട്ടിസ് അയയ്ക്കാനുമെല്ലാമുള്ള തൊഴില്‍ വകുപ്പിന്റെ ബാധ്യത ഇതോടെ അവസാനിക്കും.

നികുതി പിരിച്ചെടുത്തില്ലെങ്കിലും കുടിശികയും പലിശയും പിഴപ്പലിശയും ഉള്‍പ്പെടെ തുക പെരുകുന്ന സാഹചര്യമാണ് ഇപ്പോള്‍. ഇതു തോട്ടം ഉടമകളുടെ ബാധ്യതയായി തുടരുകയാണ്. നികുതി ഒഴിവാക്കാന്‍ തീരുമാനിച്ചുവെങ്കിലും ഇതിനു മുന്‍കാല പ്രാബല്യം നല്‍കാത്തതിനാല്‍ കുടിശിക ബാധ്യത തീര്‍ക്കേണ്ടി വരും. തോട്ടങ്ങള്‍ക്കു നേരത്തെ പ്ലാന്റേഷന്‍ ടാക്‌സ് ഒഴിവാക്കിയിരുന്നു.

 

 
� Infomagic- All Rights Reserved.