ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍: ഓഹരി വിപണിയില്‍ ആദ്യ ദിനം 26% അപേക്ഷകൾ
February 13,2018 | 01:56:44 pm

കൊച്ചി: കേരളത്തിലും ഗള്‍ഫ് രാജ്യങ്ങളിലും ശക്തമായ സാന്നിധ്യമുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയര്‍ പൊതുവിപണിയിൽ നടത്തുന്ന പ്രഥമ ഓഹരി വിൽപനയില്‍ മികച്ച പ്രതികരണം. വിവിധ വിഭാഗങ്ങളിലായി 26% അപേക്ഷകളാണ് ലഭിച്ചത്.

1,34,28,269 ഓഹരികളാണ് പ്രാരംഭ ഓഹരി വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്. 78 ഓഹരികളായോ 78-ന്റെ ഗുണിതങ്ങളായോ ഓഹരി വാങ്ങാം. ഫിബ്രുവരി 15-വരെ യാണ് വില്‍പന. മൂന്ന് ദിവസം നീളുന്ന ഓഹരി വില്‍പനയിലൂടെ 795 കോടി സമാഹരിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്. പ്രാരംഭ ഓഹരി വില്‍പനയക്ക് മുന്നോടിയായി 294 കോടി രൂപ ആസ്റ്റര്‍ ഗ്രൂപ്പ് സമാഹരിച്ചിരുന്നു.

വായ്‌പയുടെ തിരിച്ചടവ് ഉൾപ്പെടെയുള്ള കോർപറേറ്റ് ആവശ്യങ്ങൾക്കും വൈദ്യോപകരണങ്ങൾ സ്വന്തമാക്കുന്നതിനും പണം കണ്ടെത്തുന്നതിനുവേണ്ടിയാണ് കമ്പനി പൊതുവിപണയില്‍ ഓഹരി വില്‍പനയ്ക്ക് എത്തിച്ചിരിക്കുന്നത്.

മലയാളിയായ ഡോ.ആസാദ് മൂപ്പന്റെ ഉടമസ്ഥതയിലുള്ള ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന്റെ കീഴില്‍ പത്ത് ആശുപത്രികള്‍,91 ക്ലിനിക്കുകള്‍,206 ഫാര്‍മസികള്‍ എന്നിവയാണ് ഉള്ളത്. ആറ് ജിസിസി രാജ്യങ്ങളിലും ഇന്ത്യ, ജോര്‍ദ്ദാന്‍,ഫിലീപ്പീന്‍സ് എന്നീ രാജ്യങ്ങളിലും ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത് കെയറിന് സാന്നിധ്യമുണ്ട്. കമ്പനിയുടെ മൊത്തം വരുമാനത്തിന്റെ 81 ശതമാനവും വിദേശരാജ്യങ്ങളില്‍ നിന്നാണ്. കോഴിക്കോട്,കൊച്ചി,കോട്ടക്കല്‍,വയനാട്,ബെംഗളൂരു,ഹൈദരാബാദ്, കോലാപുര്‍ എന്നിവിടങ്ങളില്‍ ആശുപത്രികളുള്ള ആസ്റ്റര്‍ ഗ്രൂപ്പ് അടുത്ത നാലു വര്‍ഷത്തിനുള്ളില്‍ പത്തു പുതിയ ആശുപത്രികള്‍ സ്ഥാപിക്കാനൊരുങ്ങുകയാണ്. ഇതില്‍ അഞ്ചും ഇന്ത്യയിലാവും. കണ്ണൂര്‍, തിരുവനന്തപുരം (ആക്കുളം), കോഴിക്കോട്, വയനാട്, ബെംഗളൂരു എന്നിവിടങ്ങളിലാണ് ഇത്. വിദേശങ്ങളില്‍ ദുബായ് (രണ്ടെണ്ണം), ഷാര്‍ജ, ഒമാന്‍, സൗദി അറേബ്യ എന്നിവിടങ്ങളിലാണ് പുതുതായി തുടങ്ങുന്നത്. വികസന പ്രവര്‍ത്തനങ്ങള്‍ക്കായി ഇതിനോടകം, ഏതാണ്ട് 500 കോടി രൂപ ചെലവഴിച്ചുകഴിഞ്ഞു. നാലു വര്‍ഷത്തിനുള്ളില്‍ 850 കോടി രൂപ കൂടി മുതല്‍മുടക്കും.

 
Related News
� Infomagic - All Rights Reserved.