ഭീം ആപ്പ് എത്തുന്നു വമ്പന്‍ ക്യാഷ് ബാക്ക് പ്ലാനുമായി
April 14,2018 | 04:03:25 pm

പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ച പേമെന്റ്‌സ് ഇന്റര്‍ഫേയ്‌സ് അധിഷ്ഠിതമായി പ്രവര്‍ത്തിക്കുന്ന ഭീം ആപ്പ് (ഭാരത് ഇന്റര്‍ഫേയ്‌സ് ഫേയ്‌സ് ഫോര്‍ മണി) വമ്പന്‍ ക്യാഷ്ബാക്ക് ഓഫറുമായി എത്തന്നു. ഓരോ മാസവും 750 രൂപ വരെ ക്യാഷ്ബാക്ക് ലഭിക്കുന്ന പ്ലാന്‍ ആണ് ഭീം ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. അതേസമയം ഭീം ആപ്പിന്റെ ഉപയോക്താക്കാളായ വ്യാപാരികള്‍ക്ക് 10,000 രൂപവരെ പ്രതിമാസം കാഷ്ബാക്ക് ലഭിക്കും. പുതിയതും പഴയതുമായ ഉപക്താക്കള്‍ക്ക് ഈ ഓഫര്‍ ലഭ്യമാവും.

ഭീം ആപ്പ് ഉപയോക്താക്കള്‍ക്ക് ആദ്യ ഇടപാടിന് 51 രൂപ ക്യാഷ്ബാക്ക് ലഭിക്കും. ബാങ്കില്‍ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ ഉപയോഗിച്ചാണ് ആപ്പില്‍ സൈന്‍ ഇന്‍ ചെയ്യേണ്ടത്. അതുവഴി നിങ്ങള്‍ക്ക് അക്കൗണ്ടുകളെ ഭീം ആപ്പുമായി ബന്ധിപ്പിക്കാം. ഒരു രൂപയോ അതില്‍ കൂടുതലോ ആദ്യമായി അയച്ചാല്‍ നിങ്ങള്‍ക്ക് കാഷ്ബാക്ക് ലഭിക്കും. കൂടാതെ വിപിഎ/യുപിഐ ഐഡി, അക്കൗണ്ട് നമ്പര്‍ എന്നിവ ഉപയോഗിച്ചുള്ള ഇടപാടുകള്‍ക്ക് 25 രൂപ കാഷ്ബാക്ക് ലഭിക്കും. കുറഞ്ഞത് 100 രൂപയെങ്കിലും ഇങ്ങനെ അയച്ചിരിക്കണം. ഇങ്ങനെ മാസം 500 രൂപവരെ ഉപയോക്താക്കള്‍ക്ക് സ്വന്തമാക്കാം.

ഭീം ആപ്പ് ഉപയോക്താക്കള്‍ മാസം 25 മുതല്‍ 50 തവണ വരെ ഇടപാടുകള്‍ നടത്തിയാല്‍ അവര്‍ക്ക് 100 രൂപ കാഷ്ബാക്ക് ആയി ലഭിക്കും. 50 നും 100 നും ഇടയില്‍ ഇടപാട് ഒരു മാസം നടത്തിയാല്‍ 200 രൂപയും കാഷ്ബാക്ക് ലഭിക്കും. പ്രതിമാസം 100 തവണയില്‍ കൂടുതല്‍ ഇടപാട് നടത്തിയാല്‍ 250 രൂപ കാഷ്ബാക്ക് ലഭിക്കും. ഈ ഇടപാടുകളെല്ലാം 10 രൂപയോ അതില്‍ കൂടുതലോ ആയിരിക്കണം.

വ്യാപാരികള്‍ക്ക് 50 രൂപവരെയുള്ള ഇടപാട് തുകയുടെ 10 ശതമാനം കാഷ്ബാക്ക് ആയി ലഭിക്കും. ഭീം ആപ്പ് വഴി യുപിഐ പേമെന്റ് ലഭിക്കുന്ന മറ്റ് ബാങ്കുകളിലെ വ്യാപാരികള്‍ക്ക് 50 രൂപവരെയുള്ള ഇടപാടിന് 10 ശതമാനം കാഷ്ബാക്ക് ലഭിക്കും. യുപിഐയില്‍ അധിഷ്ഠിതമായി മറ്റ് ബാങ്കുകളും സ്വന്തമായി ആപ്ലിക്കേഷനുകള്‍ അവതരിപ്പിച്ചിട്ടുണ്ട്. രാജ്യത്ത് ഡിജിറ്റല്‍ പണമിടപാടുകള്‍ വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഈ രീതിയെ പ്രോത്സാഹിപ്പിച്ചുവരുന്നത്.

 
� Infomagic - All Rights Reserved.