ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറച്ച് ഇന്ത്യ
July 11,2018 | 01:42:33 pm

ന്യൂഡല്‍ഹി: അമേരിക്കയുടെ മുന്നറിയിപ്പിനു പിന്നാലെ ഇറാനില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ കുറവുവരുത്തി ഇന്ത്യ. മെയ് മാസത്തില്‍ 705,200 ബാരലായിരുന്നു പ്രതിദിനം ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്തിരുന്നത്. എന്നാലിത് ജൂണില്‍ 592,000 ബാരലായി. അതായത് ഇറാനില്‍ നിന്നുള്ള എണ്ണ ഉപഭോഗത്തില്‍ 15.9 ശതമാനത്തിന്റെ കുറവുണ്ടായി.ചൈനയ്്ക്കു ശേഷം ഇന്ത്യയാണ് ഇറാനില്‍നിന്ന് ഏറ്റവും കൂടുതല്‍ എണ്ണ വാങ്ങുന്നത്.

ഇറാനിലെ എണ്ണയ്ക്ക് പകരമായി ഇതര മാര്‍ഗ്ഗങ്ങള്‍ കണ്ടെത്താന്‍ ഇന്ത്യ റിഫൈനറികളോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്ത്യ ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്നത് നിര്‍ത്തണമെന്ന് അമേരിക്കയും ആവശ്യപ്പെടുന്നുണ്ട്. നവംബറോടെ എണ്ണ ഉപഭോഗം നിര്‍ത്തണമെന്നാണ് അമേരിക്കയുടെ ആവശ്യം. എന്നാല്‍ രാജ്യത്തിന്റെ ഊര്‍ജ്ജ സുരക്ഷ ഉറപ്പാക്കുന്നതിന് ഇടപാടുകള്‍ തുടരുമെന്ന് ഇന്ത്യ പ്രതികരിച്ചിരുന്നു.

എന്നാല്‍ എണ്ണ വാങ്ങുന്നത് നിര്‍ത്തിയില്ലെങ്കില്‍ ഉപരോധം ഏര്‍പ്പെടുത്തുമെന്ന അമേരിക്കയുടെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് എണ്ണ ഇറക്കുമതി കുറയ്ക്കാന്‍ സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയതെന്ന് വേണം കരുതാന്‍.

 
� Infomagic - All Rights Reserved.