വ്യാപാരയുദ്ധം: രാജ്യാന്തര എണ്ണവിലയില്‍ ഇടിവ്
August 10,2018 | 08:12:44 am

ദോഹ: രാജ്യാന്തര വിപണിയില്‍ എണ്ണവില ഇടിഞ്ഞു. യുഎസ് ചൈന വ്യാപാര തര്‍ക്കത്തിന്റെ പശ്ചാത്തലത്തില്‍ ആദ്യം ബ്രെന്റ് ക്രൂഡ് വില ബാരലിന് 71.87 ഡോളര്‍ വരെ താണിരുന്നു. എന്നാല്‍ പിന്നീടുയര്‍ന്ന് 72.30 ഡോളറിലെത്തി. ചൈനീസ് ഉത്പന്നങ്ങള്‍ക്കു യുഎസും, തിരിച്ചു ചൈനയും അധിക നികുതി ചുമത്തിയതോടെയാണു പ്രതിസന്ധി രൂപപ്പെട്ടത്. വ്യാപാര തര്‍ക്കം സാമ്പത്തിക വളര്‍ച്ചയെ ബാധിക്കുമെന്നതിനാല്‍ എണ്ണ സംഭരണത്തില്‍ നിന്നു കമ്പനികള്‍ പിന്‍മാറുന്നതാണു വിലയിടിയാന്‍ കാരണമായത്.

ഇപ്പോള്‍ വില കുറയുന്നതു താല്‍ക്കാലികം മാത്രമാണെന്നാണു വിലയിരുത്തല്‍. ഇറാനെതിരെ യുഎസ് ഉപരോധം ശക്തമാക്കുന്നതു വിപണിയില്‍ പ്രതിഫലിച്ചു തുടങ്ങിയാല്‍ വില ഉയരും. വംബര്‍ വരെ ഇറാന്റെ എണ്ണ കയറ്റുമതിയെ ഉപരോധം നേരിട്ടു ബാധിക്കില്ല. അതേസമയം, ഇറാനില്‍നിന്ന് എണ്ണ വാങ്ങുന്ന കമ്പനികള്‍ പലതും ഇറക്കുമതി കുറച്ചു തുടങ്ങിയിട്ടുണ്ട്. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ യുഎസ് ക്രൂഡ് ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്തു.

വ്യാപാര തര്‍ക്കം നിലനില്‍ക്കുന്നതിനാല്‍ ചൈനീസ് കമ്പനികള്‍ ഇപ്പോള്‍ വളരെ കുറച്ച് എണ്ണ മാത്രമാണു സംഭരിക്കുന്നത്. ജൂലൈയില്‍ ചൈനീസ് കമ്പനികള്‍ എണ്ണ വാങ്ങുന്നതു വര്‍ധിപ്പിച്ചിരുന്നെങ്കിലും ഇപ്പോഴും അതു പ്രതീക്ഷിച്ച തോതിലേക്കെത്തിയിട്ടില്ല. ലോകത്തെ ഏറ്റവും വലിയ എണ്ണ ഇറക്കുമതി രാജ്യമായ ചൈന പ്രതിദിനം 84.8 ലക്ഷം ബാരല്‍ എണ്ണയാണ് ജൂലൈയില്‍ ഇറക്കുമതി ചെയ്തത്.

 

 
� Infomagic - All Rights Reserved.