ഇന്ത്യയുടെ വ്യാപാര കമ്മി ഉയരുന്നു; രൂപയുടെ ഇടിവും ക്രൂഡ് ഓയില്‍ വിലയും തിരിച്ചടി
October 11,2018 | 05:22:45 pm

ന്യൂഡല്‍ഹി: ഇന്ത്യയുടെ രാജ്യാന്തര വ്യാപാര കമ്മിയുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ കണക്കുകള്‍ പുറത്ത്. ഇതുപ്രകാരം വ്യാപാര കമ്മി 8034 കോടി ഡോളറായി ഉയര്‍ന്നു. ഡോളറിനെതിരെ രൂപയുടെ മൂല്യം 75 ന് അടുത്തെത്തി നില്‍ക്കുന്നതും ക്രൂഡ് ഓയില്‍ വില 80 ന് മുകളില്‍ തുടരുന്നതുമാണ് തിരിച്ചടിയായിരിക്കുന്നത്.

ഏപ്രില്‍ മുതല്‍ ഓഗസ്റ്റ് വരെയുളള കണക്കുകളാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇക്കാലയിളവില്‍ ഇത് 6726 കോടി ഡോളറായിരുന്നു. ഇറക്കുമതി ചെലവ് നിയന്ത്രണങ്ങളില്ലാതെ ഉയരുന്നതാണ് വ്യാപാര കമ്മി ഉയരാനിടയാക്കിയത്. ഇതോടെ കറന്റ് അക്കൗണ്ട് കമ്മിയും വലിയ തോതില്‍ ഉയരാനിടയാക്കിയിട്ടുണ്ട്.

ജൂണില്‍ അവസാനിച്ച ത്രൈമാസത്തില്‍ കറന്റ് അക്കൗണ്ട് കമ്മി ജിഡിപിയുടെ 2.4 ശതമാനമാണ്. ഈ സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യ ത്രൈമാസത്തില്‍ കറന്റ് അക്കൗണ്ട് കമ്മി 1580 കോടി ഡോളറാണ്. മുന്‍ വര്‍ഷം ഇത് 1500 കോടി ഡോളറായിരുന്നു. രൂപയുടെ മൂല്യത്തകര്‍ച്ചയും ക്രൂഡ് ഓയില്‍ വില വര്‍ദ്ധനവും രൂക്ഷമായി നില്‍ക്കുന്നതിനാല്‍ ഈ വര്‍ഷം കറന്റ് അക്കൗണ്ട് കമ്മി 2.5 ശതമാനത്തില്‍ താഴെ നിര്‍ത്താന്‍ പ്രയാസമാണെന്നാണ് ധനമന്ത്രാലയം നല്‍കുന്ന സൂചനകള്‍.

 

 
� Infomagic- All Rights Reserved.