ഇന്ത്യയുടെ വളര്‍ച്ച ചൈനയുമായി താരതമ്യം ചെയ്യാനാകില്ല : രഘുറാം രാജന്‍
April 16,2018 | 10:25:08 am

വളരെ ആകര്‍ഷകമായ സാമ്പത്തിക വളര്‍ച്ചയാണ് ഇന്ത്യയുടേതെന്നും എന്നാല്‍, ചൈനയുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് നഷ്ടമാകുമെന്നും റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ (ആര്‍ബിഐ) മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കേംബ്രിഡ്ജിലെ ഹാര്‍വാര്‍ഡ് കെന്നഡി സ്‌കൂളില്‍ പഠിപ്പിക്കുന്നതിനിടെയാണ് രാജന്‍ ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയത്.

ഇന്ത്യയും ചൈനയും തമ്മിലുള്ള ഏതൊരു താരതമ്യവും ന്യായരഹിതമാണ്. വളരെയധികം വ്യത്യസ്തയുള്ള രണ്ട് രാഷ്ട്രങ്ങളാണ് ഇന്ത്യയും ചൈനയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വത്തവകാശവും ജനാധിപത്യപ്രക്രിയയുമാണ് ഇന്ത്യ വളര്‍ച്ചയില്‍ ചൈനയ്ക്ക് പിന്നിലാകാനുള്ള പ്രധാന കാരണമെന്നും രഘുറാം രാജന്‍ പറഞ്ഞു.

കിട്ടാക്കടവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ കുറിച്ചും ക്ലാസില്‍ അദ്ദേഹം സംസാരിച്ചു. വായ്പാ തട്ടിപ്പുകളുടെ പശ്ചാത്തലത്തില്‍ മാത്രമല്ല ബാങ്കുകള്‍ നിഷ്‌ക്രിയാസ്തി പ്രശ്‌നം നേരിടുന്നതെന്ന് രാജന്‍ പറഞ്ഞു. യുക്തിരഹിതമായ വളര്‍ച്ചയിലും ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടായേക്കാം. രാജ്യത്തെ ബാങ്കിംഗ് മേഖല വേഗത്തില്‍ ശുദ്ധീകരിക്കേണ്ടതുണ്ടെന്നും തുടര്‍ന്ന് ബാങ്കുകളുടെ മൂലധനശേഷി ഉയര്‍ത്തണമെന്നുമാണ് രഘുറാം രാജന്‍ നിര്‍ദേശിക്കുന്നത്.

2016ല്‍ ഉയര്‍ന്ന മൂല്യമുള്ള നോട്ടുകള്‍ അസാധുവാക്കുന്നതിനുമുന്‍പ് ആര്‍ബിഐ കേന്ദ്ര സര്‍ക്കാരിനെ സമീപിച്ചിരുന്നില്ല എന്ന തരത്തിലുള്ള ആരോപണങ്ങളെ രഘുറാം രാജന്‍ നിഷേധിച്ചു. അതേസമയം, വിനിമയത്തിലുള്ള 87.5 ശതമാനം നോട്ടുകളും പിന്‍വലിച്ചുകൊണ്ടുള്ള നീക്കം നല്ല ആശയമായിരുന്നില്ലെന്ന് അദ്ദേഹം വീണ്ടും ആവര്‍ത്തിച്ചു. നോട്ട് അസാധുവാക്കല്‍ തീരുമാനവുമായി മുന്നോട്ടുപോകുന്നതിനു മുന്‍പ് സര്‍ക്കാര്‍ തന്നെ സമീപിച്ചിട്ടില്ലെന്ന് താന്‍ ഒരിക്കലും പറഞ്ഞിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 
� Infomagic - All Rights Reserved.