ജിയോ വരുന്നു: സിംകാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പുമായി
April 12,2018 | 10:11:20 pm

സിംകാര്‍ഡ് ഇടാവുന്ന ലാപ്‌ടോപ്പുമായി റിലയന്‍സ് ജിയോ എത്തുന്നു. സ്മാര്‍ട്‌ഫോണുകള്‍ക്കും 4ജി ഫീച്ചര്‍ ഫോണിനും പിന്നാലെ റിലയന്‍സ് ജിയോയുടെ അടുത്ത ലക്ഷ്യം ലാപ്‌ടോപ്പാണ്. ഇതു സംബന്ധിച്ച് അമേരിക്കന്‍ ചിപ്പ് നിര്‍മ്മാതാക്കളായ ക്വാല്‍ കോമുമായി റിലയന്‍സ് ജിയോ ചര്‍ച്ച നടത്തി. സെല്ലുലാര്‍ കണക്ഷനോടുകൂടിയ വിന്‍ഡോസ് 10 ലാപ് ടോപ്പുകള്‍ ഇന്ത്യന്‍ വിപണിയിലിറക്കാനാണ് റിലയന്‍സിന്റെ പദ്ധതി. 4ജി ഫീച്ചര്‍ഫോണിന് വേണ്ടി ക്വാല്‍കോമും ജിയോയും നിലവില്‍ സഹകരിച്ചു വരുന്നുണ്ട്.

തങ്ങള്‍ ജിയോയുമായി ഈ വിഷയം സംസാരിച്ചതായി ക്വാല്‍കോം ടെക്‌നോളജീസ് പ്രൊഡക്റ്റ് മാനേജ്‌മെന്റ് സീനിയര്‍ ഡയറക്ടര്‍ മിഗ്വേല്‍ ന്യൂണ്‍സ് പറഞ്ഞു. കൂടാതെ ഇന്ത്യന്‍ കമ്പനിയായ സ്മാര്‍ട്രോണും സെല്ലുലാര്‍ കണക്റ്റിവിറ്റിയോടുകൂടിയുള്ളതും ക്വാല്‍കോമിന്റെ സ്‌നാപ്ഡ്രാഗണ്‍ 835 പ്രൊസസറില്‍ പ്രവര്‍ത്തിക്കുന്നതുമായ ലാപ് ടോപ്പുകള്‍ പുറത്തിറക്കാന്‍ പദ്ധതിയിടുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ആഗോളതലത്തില്‍ സെല്ലുലാര്‍ സൗകര്യത്തോടുകൂടിയുള്ള ലാപ്‌ടോപ്പുകള്‍ പുറത്തിറക്കുന്നതിനായി എച്ച്പി, അസൂസ്, ലെനോവോ തുടങ്ങിയ കമ്പനികളുമായി ക്വാല്‍കോം സഹകരിച്ച് വരുന്നുണ്ട്. അമേരിക്ക, ജര്‍മ്മനി, ഇറ്റലി, ഫ്രാന്‍സ്, ബ്രിട്ടന്‍, ഓസ്‌ട്രേലിയ എന്നിവിടങ്ങളില്‍ നിന്നായി 14 ഓളം ഓപറേറ്റര്‍മാര്‍ അവരുടെ സേവനങ്ങള്‍ പുതിയ വിഭാഗത്തിലേക്ക് വ്യാപിപ്പിച്ചിട്ടുണ്ട്.

 

 
� Infomagic - All Rights Reserved.