നീര ഉത്പാദക കമ്പനികളെ ഒരുമിപ്പിച്ച്‌ ഒരേ ബ്രാന്‍ഡിങ്ങില്‍ വിപണിയിലെത്തിക്കാന്‍ ശ്രമം
May 16,2018 | 04:54:53 pm

നാളികേര കര്‍ഷകര്‍ക്ക് നല്ല കാലം വാഗ്ദാനം ചെയ്ത് നടപ്പിലാക്കിയ നീര ഉത്പാദനവും വിപണനവും ലക്ഷ്യത്തിലെത്താത്തത് തിരിച്ചറിഞ്ഞ്സമഗ്ര നടപടികളുമായി സര്‍ക്കാര്‍. കൃഷിവകുപ്പിന്റെ നേതൃത്വത്തില്‍ ഗുണനിലവാരം ഏകീകരിച്ച്‌ ഒരേ ബ്രാന്‍ഡിങ്ങില്‍ നീര ഏഴുമാസത്തിനുള്ളില്‍ വിപണിയിലിറക്കുമെന്നു മന്ത്രി വി.എസ്.സുനില്‍കുമാര്‍ അറിയിച്ചു. ഗുണനിലവാരം ഏകീകരിക്കാനും പുതിയ പേരും ലോഗോയും ഉള്‍പ്പെടെയുള്ള ബ്രാന്‍ഡിങ് തീരുമാനിക്കാനും രണ്ടു വിദഗ്ധസമിതികള്‍ രൂപവല്‍ക്കരിച്ചു. നീരയുടെ ടെട്രാ പായ്ക്കിങ്ങിനും വിപണനത്തിനും സര്‍ക്കാര്‍ നേരിട്ടു സഹായം നല്‍കും.

പ്രതിസന്ധിയിലായ നീര പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള മാര്‍ഗങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണു തീരുമാനം. യുഡിഎഫ് സര്‍ക്കാര്‍ അവതരിപ്പിച്ച പദ്ധതിയാണെങ്കിലും അതിനെ മുന്നോട്ടുകൊണ്ടുപോകാന്‍ തന്നെയാണു സര്‍ക്കാരിന്റെ തീരുമാനമെന്നു മന്ത്രി വ്യക്തമാക്കി.

നാളികേര വികസന ബോര്‍ഡ്, കേന്ദ്ര നാണ്യവിള ഗവേഷണകേന്ദ്രം, കാര്‍ഷിക സര്‍വകലാശാല എന്നീ സ്ഥാപനങ്ങളുടെ സാങ്കേതികവിദ്യകളാണ് നീര ഉല്‍പാദനത്തിന് ഉപയോഗിക്കുന്നത്. സാങ്കേതികവിദ്യ ഏകോപിപ്പിക്കാന്‍ ഈ മൂന്നു സ്ഥാപനങ്ങളിലെയും വിദഗ്ധരുടെ സമിതി രൂപീകരിച്ചു. രണ്ടാഴ്ചയ്ക്കുള്ളില്‍ സമിതി സര്‍ക്കാരിനു റിപ്പോര്‍ട്ടു നല്‍കും.

പൊതു ലോഗോയും പേരും തീരുമാനിക്കാന്‍ ഉല്‍പാദകസംഘങ്ങളുടെ പ്രതിനിധികള്‍ ഉള്‍പ്പെടെ ഏഴംഗ കമ്മിറ്റിയും രൂപീകരിച്ചു. രണ്ടുസമിതികളും 22ന് ആദ്യയോഗം ചേരും.

നീര ഉല്‍പാദിപ്പിക്കുന്ന 29 കമ്പനികള്‍ക്ക് അടുത്ത സാമ്പത്തികവര്‍ഷം നാളികേര മിഷന്‍ പദ്ധതിയുടെ ഭാഗമായി പ്രത്യേക സാമ്ബത്തികസഹായം അനുവദിക്കും. പാലക്കാട്, വാഴക്കുളം എന്നിവിടങ്ങളിലെ ടെട്രാ പായ്ക്ക് യൂണിറ്റുകള്‍ നീര കമ്ബനികള്‍ക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കും. പരസ്യം ഉള്‍പ്പെടെയുള്ളവ സര്‍ക്കാര്‍ നേരിട്ട് ഏറ്റെടുക്കാനും തീരുമാനമായി.

കേരളത്തിന്റെ കാര്‍ഷിക സമ്പത്ത് വ്യവസ്ഥയെ ശക്തമാക്കാന്‍ തക്ക ശേഷിയുള്ളതായാണ് നീര ഉത്പാദനവും വിപണനവും കരുതപ്പെടുന്നത്. പ്രതീക്ഷയോടെ തുടങ്ങിയെങ്കിലും ഫലപ്രദമായി നടപ്പാക്കാന്‍ കഴിയാതെ പോയ ഈ പദ്ധതി വിജയിപ്പിച്ചാല്‍ അത് വന്‍ നേട്ടമാകും

 
� Infomagic - All Rights Reserved.